പന്നി :ഒഴിവാക്കല്‍ (Culling)

ഫാമില്‍ ആവശ്യമില്ലാത്തതും നിശ്ചയിക്കപ്പെട്ട ഗുണങ്ങളില്ലാത്തതുമായ പന്നികളെ ഒഴിവാക്കുന്നതിനെയാണ്‌ ഒഴിവാക്കല്‍ എന്നു പറയുന്നത്‌. ശക്തമായ രീതിയില്‍ ഒഴിവാക്കല്‍ നടത്തുന്ന ഫാമുകള്‍ നല്ല ഗുണമേന്മ വേഗം കൈവരിക്കും. ഒഴിവാക്കപ്പെടുന്നവയ്‌ക്കു പകരം വെക്കാന്‍ ഗുണമേന്മയുള്ള മൃഗങ്ങളുടെ ലഭ്യതയെ അടിസ്ഥാനമാക്കിയാണ്‌ ഒഴിവാക്കല്‍ ചെയ്യുന്നത്‌. ഫാമുകളില്‍ 30-40 ശതമാനം വരെ ഒഴിവാക്കുന്നത്‌ ഗുണമേന്മ വര്‍ധിക്കുന്നത്‌ ത്വരിതഗതിയിലായിരിക്കും. ഒഴിവാക്കുന്നതിനുമുമ്പ്‌ ആ പന്നിയുടെ ഗുണങ്ങളെക്കുറിച്ച്‌ വ്യക്തമായ രേഖകളുണ്ടായിരിക്കണം. മൊത്തം ഒഴിവാക്കുന്നവയില്‍ 4 ശതമാനം ഉപയോഗം കഴിഞ്ഞതും 17 ശതമാനം ഉല്‍പ്പാദനം കുറഞ്ഞതും 12 ശതമാനം വന്ധ്യതയുള്ളതും 6 ശതമാനം മുടന്തുള്ളതും 6 ശതമാനം പാല്‍ കുറവുള്ളതുമാണ്‌.
ഒഴിവാക്കല്‍ പ്രക്രിയയില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ പരിഗണിക്കണം.
1. ലിറ്റര്‍ വലിപ്പം: ആദ്യപ്രസവത്തില്‍ ലിറ്റര്‍ വലിപ്പം കുറഞ്ഞവയ്‌ക്ക്‌ ഒരു അവസരം കൂടി നല്‍കണം. ലിറ്റര്‍ വലിപ്പം 8-ല്‍ കുറവുള്ളതിനെ ഒഴിവാക്കാം.
2. ഉല്‍പ്പാദനകാലം: പന്നിയുടെ ശരാശരി പ്രത്യുല്‍പ്പാദനചക്രം 159 ദിവസമാണ്‌. ഇതില്‍ 10 ദിവസം കൂടുതലെടുക്കുന്നവയെ ഒഴിവാക്കാം.
3. വറ്റുകാലം: നീണ്ട വറ്റുകാലം ഉള്ള പന്നികളെ ഒഴിവാക്കണം. വീനിങ്ങിനു ശേഷമുള്ള 3 മുതല്‍ 7 ദിവസങ്ങള്‍കകുള്ളില്‍ പന്നികള്‍ മദികാണിക്കും. ഇത്‌ 10 ദിവസത്തില്‍ കൂടുതലായതിനെ ഒഴിവാക്കണം.
4. മാതൃഗുണം: സ്ഥിരമായി കുഞ്ഞുങ്ങളെ ശ്രദ്ധിക്കാതിരിക്കുന്നതും തിന്നുന്നതുമായ പന്നിയെ ഒഴിവാക്കേണ്ടതാണ്‌.
5. അനുസരണ: അനുസരതീരെയില്ലാത്ത പന്നികളെ പരിശീലിപ്പിക്കുവാനും ഇണചേര്‍ക്കുവാനും കൃത്രിമ ബീജാധാനം നടത്താനും ബുദ്ധിമുട്ടുണ്ടാകും. ഇത്തരം പന്നികളെ ഒഴിവാക്കേണ്ടതാണ്‌.
6. പാലുല്‍പ്പാദനം: 8 പന്നിക്കുഞ്ഞുങ്ങളെ വളര്‍ത്താനാവശ്യമായ പാലുല്‍പ്പാദിപ്പിക്കാത്തവയെ ഒഴിവാക്കേണ്ടിവരും. അകിടൂവിക്കരോഗം വന്ന്‌ അകിടു കേടായതും പാരമ്പര്യമായി പാലുല്‍പ്പാദനം കുറഞ്ഞതുമായതിനെ ഒഴിവാക്കാം.
7. പന്നിക്കുഞ്ഞുങ്ങളുടെ ഗുണം: കുഞ്ഞുങ്ങളുടെ തൂക്കം, വൈകല്യങ്ങള്‍ എന്നിവ പരിഗണിക്കണം. മൊത്തം കുഞ്ഞുങ്ങളില്‍ 10%ത്തില്‍ കൂടുതല്‍ കുഞ്ഞുങ്ങളുടെ ജനനത്തൂക്കം 1 കി.ഗ്രാമില്‍ താഴെയാണെങ്കില്‍ അത്തരം പന്നികളെ ഒഴിവാക്കണം. അതിനുപുറമേ ഹെര്‍ണിയ, മലദ്വാരമില്ലായ്‌മ, ക്രിപ്‌റ്റോര്‍ക്കിടിസം തുടങ്ങിയ പ്രശ്‌നങ്ങളുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുന്ന തള്ളയെ ഒഴിവാക്കാം.
8. മറ്റു കാര്യങ്ങള്‍: ബ്രൂസല്ലോസിസ്‌, ലെപ്‌റ്റോസ്‌പൈറോസിസ്‌ തുടങ്ങിയ രോഗങ്ങള്‍മൂലം ഗര്‍ഭമലസല്‍ ഉണ്ടാകും. ഇത്തരം പന്നികളെ ഒഴിവാക്കുന്നതാണ്‌. അകിടുവീക്കം വന്ന്‌ പാലുല്‍പ്പാദനം തീര്‍ത്തും ഇല്ലാതെപോയ പന്നികളെയും ഒഴിവാക്കണം. ശക്തി കുറഞ്ഞ കാലുകളും കുളമ്പും ഉള്ളവയെ പ്രജനനത്തിനുപയോഗിക്കുന്നത്‌ നല്ലതല്ല. ഇത്തരം പന്നികളെ ഒഴിവാക്കാം. വര്‍ഷത്തില്‍ രണ്ടു പ്രസവം എന്ന കണക്കില്‍ 10 വര്‍ഷത്തില്‍ 20 പ്രസവംവരെ അപൂര്‍വ്വം പന്നികളില്‍നിന്നു ലഭിച്ചതായി രേഖകളുണ്ട്‌. എന്നാല്‍ 6-7 പ്രസവം കഴിയുമ്പോഴേക്കും ലിറ്റര്‍ സൈസ്‌ കുറയുന്നതായി കാണാം. ഇത്തരം പന്നികളെയും ഒഴിവാക്കാം.
ഇതിനു പുറമേ ഇടയ്‌ക്കിടെ അകിടുവീക്കം വരുന്നതിനെയും പന്നിക്കുഞ്ഞുങ്ങളുടെ മരണനിരക്ക്‌ വളരെ കൂടുതലുള്ളതിനെയും ഒഴിവാക്കണം. കൂടാതെ കപടഗര്‍ഭം കാണിക്കുന്നവയെയും എന്നും ആരോഗ്യപ്രശ്‌നം കാണിക്കുന്നവയെയും ഒഴിവാക്കാം.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍