പന്നി :കൂടുനിര്‍മ്മാണം

പന്നിവളര്‍ത്തലില്‍ കൂടുനിര്‍മ്മാണം വളരെ പ്രധാനപ്പെട്ടതാണ്‌. കൂട്ടിനുള്ളില്‍ പന്നികള്‍ക്കു വ്യക്തിഗതചലനത്തിനുള്ള സൗകര്യം, തൊഴിലാളികളുടെ ജോലിഭാരം കുറയ്‌ക്കല്‍, ആരോഗ്യപരമായ ചുറ്റുപാടും ശുചിത്വവും ഉറപ്പാക്കല്‍, വിസര്‍ജ്ജ്യങ്ങളുടെ നീക്കം എന്നീ സൗകര്യങ്ങള്‍ക്കനുസൃതമായാണ്‌ കൂടുകള്‍ ഡിസൈന്‍ ചെയ്യുന്നത്‌. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥമാറ്റങ്ങള്‍ പന്നിയുടെ ആരോഗ്യതതെ പെട്ടെന്ന്‌ ബാധിക്കുന്നതിനാല്‍ കൂടുകള്‍ ഒരുക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. തീറ്റപരിവര്‍ത്തനശേഷിയും വളര്‍ച്ചാനിരക്കുംവരെ കൂട്ടിനുള്ളിലെ സൗകര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.
സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആള്‍പാര്‍പ്പില്ലാത്തതും പൊതുജനങ്ങള്‍ സഞ്ചരിക്കാത്തതുമായ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കണം. തീറ്റ ലഭ്യമായതും (ഹോട്ടല്‍ അവശിഷ്‌ടങ്ങളും സാന്ദ്രീകൃത തീറ്റയും) യാത്രാസൗകര്യമുള്ളതുമായ സ്ഥലമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്‌. വൈദ്യുതി, ജലം എന്നിവയും യഥേഷ്‌ടം ലഭ്യമാക്കണം. മറ്റ്‌ ഫാമുകളില്‍നിന്നും വീടുകളില്‍നിന്നും ഏറ്റവും ദൂരത്തായിരിക്കണം ഫാമിനുള്ള സ്ഥലം തിരഞ്ഞെടുക്കേണ്ടത്‌. ജലം വാര്‍ന്നു പോകാനും അവശിഷ്‌ടങ്ങള്‍ സംസ്‌കരിക്കാനുള്ള സൗകര്യങ്ങള്‍കൂടി ഉണ്ടാകണം. ഫാം കെട്ടിടം എടുക്കാനായി ലഭിച്ചിരിക്കേണ്ട നിയമപരമായ അനുവാദം കിട്ടുന്ന സ്ഥലമേ തിരഞ്ഞെടുക്കാന്‍ പാടുള്ളൂ. വെള്ളത്തിന്റെ അളവു കണക്കാക്കാനായി മൊത്തം പന്നിക്കാവശ്യമായ തീറ്റയുടെ മൂന്നിരട്ടിയുടെ കൂടെ 30 ശതമാനം വെള്ളം കഴുകാനും 15 ശതമാനം വേസ്റ്റായി പോകുന്നതുംകൂടി കൂട്ടിയതാണ്‌. മറ്റ്‌ പന്നിഫാമുകളില്‍നിന്നും ഒരു കിലോമീറ്ററെങ്കിലും ദൂരമുണ്ടായിരിക്കണം തിരഞ്ഞെടുക്കുന്ന സ്ഥലത്തിന്‌.
 

കെട്ടിടം പ്ലാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


1. കൂട്ടില്‍ പന്നികള്‍ക്കാവശ്യമായ കാലാവസ്ഥാഘടകങ്ങള്‍ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ രോഗങ്ങള്‍ വര്‍ധിക്കുകയും പ്രത്യുല്‍പ്പാദന നിരക്ക്‌ കുറയുകയും ചെയ്യും.
2. കെട്ടിടത്തില്‍ നല്ല കാറ്റോട്ടമുണ്ടായിരിക്കണം. പന്നിക്ക്‌ ഒരു കി.ഗ്രാം ശരീരഭാരത്തിന്‌ 103 ക്യുബിക്‌ ശുദ്ധവായുവും കൂട്ടില്‍ ആവശ്യമാണ്‌.
3. തൊഴിലാളികളുടെ സേവനം ഏറ്റവും കുറഞ്ഞ അളവില്‍ ഉപയോഗിക്കത്തക്കവിധമായിരിക്കണം കൂട്‌ ഒരുക്കേണ്ടത്‌.
4. കൂട്ടില്‍ നല്ല നീര്‍വാര്‍ച്ചയുണ്ടാകണം. സ്ഥലത്തെ ഏറ്റവും ഉയര്‍ന്ന പ്രദേശത്തായിരിക്കണം കൂടു കെട്ടേണ്ടത്‌. കൂടാതെ തറയ്‌ക്ക്‌ രണ്ട്‌ ശതമാനം ചെരിവും കൊടുക്കണം.
5. ശുചിത്വം പാലിക്കാന്‍ പറ്റുന്ന തരത്തില്‍ വേണം കൂടു കെട്ടേണ്ടത്‌. എളുപ്പം കഴുകാനും വൃത്തിയാക്കാനും കഴിയണം. മിനുസമുള്ള ചുമരും പരുപരുപ്പുള്ള തറയുമാണ്‌ അഭികാമ്യം.
6. പന്നികള്‍ക്കും പണിക്കാര്‍ക്കും സുരക്ഷിതത്വം ലഭിക്കുന്ന തരത്തിലേ കൂടു കെട്ടാവൂ. കൂടിന്‌ ആവശ്യത്തിനുള്ള ഉയരവും നടപ്പാതയും വേണം.
7. എലികള്‍, മറ്റ്‌ വന്യമൃഗങ്ങള്‍, പക്ഷികള്‍ എന്നിവ കൂടുകളില്‍ കയറാത്തവിധം രൂപകല്‍പ്പന ചെയ്യണം
8. കെട്ടിടസാമഗ്രികള്‍ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. തുരുമ്പെടുക്കുന്ന വസ്‌തുക്കള്‍ ഒഴിവാക്കണം. പന്നികള്‍ തട്ടിയാല്‍ പൊട്ടുന്നതോ കടിച്ചുകളയാന്‍ കഴിയുന്നതോ ആയ വസ്‌തുക്കള്‍ ഉപയോഗിക്കാം.
ഭാവിവികസനം കൂടി കണ്ടുകൊണ്ടുവേണം കൂട്‌ രൂപകല്‍പന ചെയ്യണ്ടത്‌. തീറ്റ സൂക്ഷിക്കാനും അവശിഷ്‌ടം നീക്കം ചെയ്യാനുള്ള സൗകര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തിവേണം കൂടു നിര്‍മ്മിക്കാന്‍.
പന്നിക്കൂട്‌ പണിയുന്നതിനുമുമ്പ്‌ കുറച്ച്‌ ഫാമുകള്‍ സന്ദര്‍ശിക്കുന്നത്‌ നല്ലതാണ്‌. ഫാം ഉടമകളുമായും സംസാരിക്കണം. അവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളുംകൂടി കൂടൊരുക്കുമ്പോള്‍ പരിഗണിക്കണം.
ദിശ: കിഴക്കുപടിഞ്ഞാറു ദിശയില്‍ വേണം കെട്ടിടം കെട്ടേണ്ടത്‌. ഒരേ അളവില്‍ വെയിലും ചൂടും കൂട്ടില്‍ ലഭിക്കാന്‍ ഇത്‌ സഹായിക്കും.
കാറ്റോട്ടം: കൂട്ടിനുള്ളില്‍ നല്ല കാറ്റോട്ടം ഉണ്ടാകണം. കൂട്ടിനുള്ളിലെ ദുര്‍ഗന്ധം നീങ്ങാനും ശുദ്ധമായ നീങ്ങാനും ശുദ്ധമായ വായു കൂട്ടിലെത്തണം. ഉയര്‍ന്ന ചൂടുള്ള ദിവസങ്ങളില്‍ കാറ്റോട്ടമുണ്ടെങ്കില്‍ കൂട്ടില്‍ ജലാംശം കുറയുകയും അതുവഴി ചൂടു കുറയുകയും ചെയ്യും.
കാറ്റോട്ടം നന്നായി ലഭിക്കണമെങ്കില്‍ കൂടുകള്‍ തമ്മില്‍ 15 മീറ്ററെങ്കിലും അകലം വേണം. കെട്ടിടങ്ങള്‍ക്കിടയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തുകയും വേണം. ചുറ്റുമതില്‍ കെട്ടുമ്പോള്‍ മതിലിന്‌ ഉയരം കൂടിയാല്‍ കാറ്റോട്ടം കുറയും. അതുപോലെതന്നെ വീതികൂടിയ കൂടുകള്‍ നിര്‍മ്മിച്ചാലും കൂട്ടിനകത്ത്‌ ചൂടു കൂടും. അതുകൊണ്ടുതന്നെ 10 മീറ്ററില്‍ കൂടുതല്‍ വീതിയില്‍ കൂടുകെട്ടരുത്‌.
വെള്ളം കൊടുക്കാനുള്ള സൗകര്യം
ശുദ്ധമായ വെള്ളം കൃത്യമായ അളവില്‍ ആവശ്യമുള്ള സമയത്ത്‌ നല്‍കുവാനുതകുന്ന തരത്തില്‍ വേണം കൂടു പണിയാന്‍. വെള്ളം ആവശ്യത്തിലധികം ഉപയോഗിക്കാതിരിക്കാനുള്ള സൗകര്യമുണ്ടായിരിക്കണം. പന്നിക്കാവശ്യമായ വെള്ളത്തിന്റെ 4 ശതമാനം തീറ്റയില്‍നിന്നും 19 ശതമാനം ഉപാപചയ പ്രവര്‍ത്തനങ്ങളില്‍നിന്നും ലഭിക്കുമ്പോള്‍ ബാക്കി 77 ശതമാനംകൂടി വെള്ളമായിത്തന്നെ നല്‍കണം.
പന്നിക്കാവശ്യമുള്ള വെള്ളത്തിന്റെ അളവ്‌ അതിന്റെ ഉല്‍പ്പാദനസമയത്തെ അടിസ്ഥാനപ്പെടുത്തി വ്യത്യാസപ്പെട്ടിരിക്കും. എങ്കിലും പന്നികള്‍ക്ക്‌ ദിനംപ്രതി 7-12 ലിറ്റര്‍ വെള്ളം വേണം.
നിപ്പിള്‍ രീതിയില്‍ വെള്ളം കൊടുക്കുന്നതാണ്‌ ഏറ്റവും അഭികാമ്യം. മിനിട്ടില്‍ 600-700 മി.ലിറ്റര്‍ വെള്ളം ലഭിക്കുന്ന നിപ്പിളുകള്‍ ഉപയോഗിക്കണം. രണ്ടുതരത്തിലുള്ള നിപ്പിളുകള്‍ ലഭ്യമാണ്‌. കുടിക്കുമ്പോള്‍ വെള്ളം വരുന്നതും തള്ളിയാല്‍ വെള്ളം വരുന്നതും. ആദ്യത്തെ നിപ്പിള്‍ തറയില്‍നിന്നും 70-85 സെ.മീ. ഉയരത്തിലാണ്‌ ഘടിപ്പിക്കുന്നവയ്‌ക്ക്‌ ബൈറ്റ്‌ നിപ്പിളും വ്യക്തിഗത കൂട്ടില്‍ പുഷ്‌ നിപ്പിളുമാണ്‌ നല്ലത്‌.
പന്നികള്‍ക്ക്‌ തീറ്റപ്പാത്രത്തിലും വേറെ പാത്രതതിലും വെള്ളം കൊടുക്കാമെങ്കിലും ഓട്ടോമാറ്റിക്‌ നിപ്പിള്‍ തന്നെയാണ്‌ ഏറ്റവും ഉത്തമം. ഇത്‌ കുടിവെള്ളത്തിന്റെ ശുചിത്വം ഉറപ്പാക്കുന്നതോടൊപ്പം പണിച്ചെലവും വെള്ളം പാഴാകുന്നതും കുറയ്‌ക്കാം.
 

ഗ്രൂപ്പുകള്‍ കൂടുകള്‍ 


4-5 പന്നികളെ ഒരു ഗ്രൂപ്പാക്കി പാര്‍പ്പിക്കുവാന്‍ ഇത്തരം കൂടുകള്‍ ഉപയോഗിക്കാം. പന്നികളെ കൂട്ടമായി പാര്‍പ്പിക്കുമ്പോള്‍ ഇവ പെട്ടെന്നു മദി കാണിക്കും. കൂടാതെ മദി കണ്ടുപിടിക്കാനും എളുപ്പമാണ്‌. എന്നാല്‍ ചില പ്രശ്‌നങ്ങളുമുണ്ടാകാറുണ്ട്‌. പരസ്‌പരം ആക്രമിക്കാനും തീറ്റയ്‌ക്കുവേണ്ടി പോരടിക്കാനും സാധ്യതയുണ്ട്‌. കൂട്ടമായി വളരുമ്പോള്‍ കാലിന്‌ രോഗസാധ്യത കൂടുതലാണ്‌. വ്യക്തിഗതഗുണമേന്മകള്‍ പഠിക്കാനും ബുദ്ധിമുട്ടുണ്ടാകും.
 

തറനിര്‍മ്മാണം: കോണ്‍ക്രീറ്റ്‌ തറ


തറ കൂടുതല്‍ മിനുസമുള്ളതാകാന്‍ പാടില്ല. ചെറിയ അളവില്‍ മുരുമുരുപ്പു വേണം താനും. ആണ്‍പന്നികള്‍ക്കുള്ള തറനിര്‍മ്മാണത്തിന്‌ കോണ്‍ക്രീറ്റ്‌ ബ്ലോക്കുകളോ ഇഷ്‌ടികളോ മരപ്പലകകളോ ഉപയോഗിക്കാം. കോണ്‍ക്രീറ്റുകൊണ്ട്‌ തറ നിര്‍മ്മിക്കുമ്പോള്‍ നല്ല രീതിയില്‍തന്നെ ചെയ്യണം. പന്നിയുടെ വിസര്‍ജ്ജ്യവസ്‌തുക്കളിലുള്ള ആസിഡുകള്‍ തറ പെട്ടെന്നു കേടു വരുത്തും. പരുക്കനായിട്ടുള്ള തറകള്‍ പണിതാല്‍ കാലുകള്‍ക്ക്‌ കേടുവരികയും വിടവുകള്‍ക്കിടയില്‍ വെള്ളം കെട്ടിനിന്ന്‌ അണുബാധയുണ്ടാകുകയും ചെയ്യും. തറയ്‌ക്ക്‌ രണ്ടു ശതമാനം ചെരിവുണ്ടായിരിക്കണം. ഓരോ മീറ്ററിനും രണ്ടു സെ.മീ. ആഴം കനാലിന്റെ ഭാഗത്തേക്ക്‌ വേണമെന്നര്‍ത്ഥം.
പ്ലാറ്റ്‌ഫോം തറകളും പണിയാം. തറ വൃത്തിയാക്കാനും വിസര്‍ജ്ജ്യം നീക്കാനും ഇത്തരം തറകള്‍ സഹായിക്കുമെങ്കിലും തീറ്റ പാഴാകുന്നതും പരസ്‌പരം ആക്രമിക്കുമ്പോള്‍ കൂടുതല്‍ അപകടം പറ്റുന്നതും ഇതിന്റെ പ്രശ്‌നങ്ങളാണ്‌. കൂടാതെ ചെലവ്‌ കൂടുകയും ചെയ്യും. ഇത്തരം തറയില്‍ പലകകള്‍ തമ്മിലുള്ള അകലം രണ്ടര സെ.മീറ്ററില്‍ കൂടരുത്‌.
മേല്‍സറസൂര: കൂട്ടിലെ ഊഷ്‌മാവു നിയന്ത്രിക്കുന്നതില്‍ മേല്‍ക്കൂര പ്രധാന പങ്കുവഹിക്കുന്നു. അലുമിനിയം, ആസ്‌ബസ്റ്റോസ്‌, ഓല എന്നിവ മേല്‍ക്കൂരയായി ഉപയോഗിക്കാം. മേല്‍ക്കൂരയ്‌ക്കു തറയില്‍നിന്ന്‌ രണ്ടു മീറ്ററെങ്കിലും ഉയരം വേണം. ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂരയാണെങ്കില്‍ ഉയരം മൂന്നു മീറ്റര്‍ വരെയാകാം. മേല്‍ക്കൂരയുടെ ചെരിവ്‌ രണ്ടു മീറ്റര്‍ ഉയരമുള്ളതിന്‌ 45 ഡിഗ്രിയും മൂന്നു മീറ്റര്‍ ഉയരമുള്ളതിന്‌ 25 ഡിഗ്രിയും വേണം.
കൂടുകളിലെ മുറികള്‍ വേര്‍തിരിക്കുന്ന ചുമരിന്‌ ഒരു മീറ്റര്‍ ഉയരം വേണം. ഇത്‌ ഹോളോബ്രിക്‌സ്‌ കൊണ്ടോ ജി.ഐ. പൈപ്പുകൊണ്ടോ പണിയാം. ചുമര്‍ മിനുസമുള്ളതും മൂര്‍ച്ചയുള്ള വസ്‌തുക്കളില്ലാത്തതുമായിരിക്കണം. തറനിരപ്പില്‍നിന്നും 10 സെ.മീ. ഉയരത്തിലാണ്‌ സമാന്തര ബാര്‍ ഘടിപ്പിക്കേണ്ടത്‌. കുഞ്ഞനെയുള്ള ബാറുകള്‍ അര ജി.ഐ. പൈപ്പാണെങ്കില്‍ 10 സെ.മീറ്ററും 10 എം.എം. വ്യാസമുള്ള സ്റ്റീല്‍ ബാറാണെങ്കില്‍ 5 സെ.മീറ്ററും വിടവുവേണം. തീറ്റസ്ഥലത്തിന്‌ 2� മീറ്റര്‍ നീളം വേണം. ഡോറുകള്‍ 70 സെ.മീ. വീതിയുള്ള ജി.ഐ. ഫ്രെയിമില്‍ ഇരുമ്പുബാറുകള്‍ ഘടിപ്പിച്ചുണ്ടാക്കാം. വഴിക്ക്‌ 1.2-1.5 മീറ്റര്‍ വീതി വേണ്ടിവരും.
 

സ്ഥലസൗകര്യം


കൂട്ടിനുള്ളില്‍ അമിതമായ സ്ഥലം കൊടുക്കുന്നതും കുറച്ചു സ്ഥലം കൊടുക്കുന്നതും പ്രശ്‌നമുണ്ടാക്കും. കൂട്ടംകൂടി വളരുമ്പോള്‍ പസസ്‌പരം ആക്രമിക്കാനും വാല്‍ കടിക്കാനും സാധ്യതയുണ്ട്‌. ആവശ്യത്തില്‍ കൂടുതല്‍ സ്ഥലം നല്‍കിയാല്‍ കൂടിന്റെ നിര്‍മ്മാണച്ചെലവ്‌ കൂടും.
വളരുന്ന പന്നികളെ 4-5 എണ്ണത്തെ ഒന്നിച്ചു വളര്‍ത്തുന്നതാണ്‌ കൈകാര്യം ചെയ്യാന്‍ എളുപ്പം. വളരുന്ന പന്നികള്‍ക്കുള്ള സ്ഥലസൗകര്യം കണ്ടുപിടിക്കുന്നത്‌ (5 എണ്ണത്തിന്‌):
ട്രഫ്‌ നീളം = 0.35 x 5= 1.75
വിസ്‌തീര്‍ണ്ണം കിടക്കാനുള്ളത്‌ = (0.73)x 5= 3.52
കിടക്കാനുള്ളതിന്‍രെ സ്ഥലം = 3.52/ 1.75=2
നീളം = 1.4
വിസര്‍ജ്ജ്യസ്ഥലം = (0.52)x 5=2.52
വിസര്‍ജ്ജ്യസ്ഥലം = 2.52/1.75
നീളം =1.4
 

ആണ്‍പന്നികളുടെ കൂട്‌


ആണ്‍പന്നികളെ ഒറ്റയ്‌ക്കുതന്നെ പാര്‍പ്പിക്കുന്നതാണ്‌ നല്ലത്‌. അവ പരസ്‌പരം ആക്രമിക്കാനും അതുവഴി പരിക്കുപറ്റാനും സാധ്യതയുണ്ട്‌. എന്നാല്‍ മറ്റു പന്നികളില്‍നിന്നും തീര്‍ത്തും ഒറ്റപ്പെടുത്തിയാല്‍ ഇണചേരാനുള്ള തൃഷ്‌ണ കുറയുകയും ചെയ്യും. ആയതിനാല്‍ വളരുന്ന പെണ്‍പന്നികളുടെ അടുത്തോ ഡ്രൈ പന്നികളുടെ അടുത്തോ കൂടു പണിയണം.
 

ഹോള്‍ഡിങ്‌ പെന്‍


2 മീറ്റര്‍ നീളവും 2 മീറ്റര്‍ വീതിയും ഉണ്ടായിരിക്കണം. ഹോള്‍ഡിങ്‌ പെന്‍ പണിയുകയാണെങ്കില്‍ ഇണചേര്‍ക്കാന്‍ വേറൊരു കൂടു പണിയേണ്ടിവരും. ഹോള്‍ഡിങ്‌ പെന്‍ രണ്ടുരീതിയില്‍ പണിയാം. തറ മുഴുവനും കോണ്‍ക്രീറ്റ്‌ ചെയ്‌തതും പാതി കോണ്‍ക്രീറ്റും പാതി പ്ലാറ്റ്‌ഫോമുള്ളതും.
ഹോള്‍ഡിങ്‌ കം മേറ്റിങ്‌ പെന്‍: താമസിപ്പിക്കാനും ഇണചേര്‍ക്കാനും ഈ കൂട്‌ ഉപയോഗിക്കാം. ഇതിന്‌ 3 x4 വിസ്‌തീര്‍ണ്ണം വേണം. ഇത്രയും വിസ്‌തീര്‍ണ്ണമുണ്ടായാല്‍ ഇണചേരുവാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. 2.5x3, 2.5x3.5, 3x 3 അളുവുകളിലും കൂടും പണിയാം. ഇതിനു പുറമേ 2.5 -3 മീറ്റര്‍ വ്യാസത്തില്‍ വൃത്താകൃതിയിലും കൂടു പണിയാം. ഈ കൂട്ടില്‍ തറ വഴുവഴുക്കുപ്പുള്ളതാകാന്‍ പാടില്ല. ശരീരത്തില്‍ മുറിവുണ്ടാകത്തക്ക വസ്‌തുക്കളൊന്നും തന്നെ കൂട്ടില്‍ പാടില്ല.
 

ഇണചേര്‍ക്കാനുള്ള കൂട്‌


ഈ കൂട്ടില്‍ വെച്ചാണ്‌ ഇണചേര്‍ക്കുന്നത്‌. ആണ്‍പന്നിക്കും പെണ്‍പന്നിക്കും യഥേഷ്‌ടം സഞ്ചരിക്കാനുള്ള സ്ഥലം കൂട്ടിലുണ്ടാകണം. വൃത്താകൃതിയിലോ ചതുരാകൃതിയിലോ കൂട്‌ പണിയാം. വൃത്താകൃതിയിലാണെങ്കില്‍ 2.5-3 മീറ്റര്‍ വ്യാസം വേണം. ഈ കൂട്ടിലും തറ വഴുക്കാത്തതായിരിക്കണം.
 

പാലൂട്ടുന്ന പന്നിക്കുള്ള കൂട്‌


ഈ കൂടുതന്നെ പ്രസവക്കൂടായും ഉപയോഗിക്കാം. ഇതില്‍ പന്നിക്ക്‌ കിടക്കുവാനുള്ള സ്ഥലവും കൊടുക്കണം. ഇത്തരം കൂട്ടില്‍ പന്നികളെ പ്രസവത്തിന്‌ 3-7 ദിവസങ്ങള്‍ക്കു മുമ്പ്‌ പ്രവേശിപ്പിക്കാം. പ്രസവിച്ച്‌ 2-3 ആഴ്‌ചവരെ നിര്‍ത്തുകയും ചെയ്യാം. പന്നിക്കുഞ്ഞുങ്ങളെ രക്ഷിക്കാനായി ഗാര്‍ഡ്‌ റെയില്‍സ്‌ പണിയാം. തള്ളപ്പന്നികള്‍ കുഞ്ഞുങ്ങളുടെ പുറത്തുകിടന്ന്‌ മരണപ്പെടുന്നത്‌ ഇതുവഴി ഒഴിവാക്കാന്‍ കഴിയും. പന്നിക്കുഞ്ഞുങ്ങള്‍ക്കുള്ള സ്ഥലം ഒരു വശത്തായും രണ്ടു കോണുകളിലായും പണിയാം. ഇങ്ങനെ ചെയ്യുമ്പോള്‍ തള്ളപ്പന്നിക്ക്‌ കുറച്ചു കൂടുതല്‍ സ്ഥലം ലഭിക്കും. 3 ആഴ്‌ച മുതല്‍ വീനിങ്‌ വരെ വളര്‍ത്താന്‍ ഈ കൂട്‌ കൂടുതല്‍ ഗുണംചെയ്യും. പന്നിക്കുഞ്ഞുങ്ങള്‍ വളരുന്ന ഭാഗത്തെ ചുമരിന്‌ 0.6 മീറ്റര്‍ ഉയരം മാത്രമേ പാടുള്ളൂ.
 

പ്രസവത്തിനുള്ള ക്രേറ്റ്‌


ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്ക്‌ മാറ്റാവുന്ന കൂടാണിത്‌. പന്നികളെയും കുഞ്ഞുങ്ങളെയും പ്രസവിച്ച്‌ 2-3 ആഴ്‌ചവരെ ഈ കൂട്ടില്‍ വളര്‍ത്താം. പന്നിയെയും കുഞ്ഞുങ്ങളെയും വ്യക്തമായി കാണാന്‍ കഴിയുമെന്നതും എളുപ്പത്തില്‍ വൃത്തിയാക്കാമെന്നതുമാണിതിന്റെ പ്രത്യേകതകള്‍. എന്നാല്‍ കുഞ്ഞുങ്ങള്‍ക്കുള്ള സ്ഥലം കൂട്ടുവാന്‍ കഴിയില്ല എന്ന പ്രശ്‌നമുണ്ട്‌. കാസ്റ്റ്‌ ഇരുമ്പ്‌, പ്ലാസ്റ്റിക്‌ എന്നിവയിലേതെങ്കിലും തറനിര്‍മ്മാണത്തിനുപയോഗിക്കാം. വശങ്ങള്‍ക്ക്‌ മുക്കാല്‍ ഇഞ്ച്‌ വ്യാസമുള്ള ജി.ഐ. പൈപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്‌.
 

വീനിങ്‌ പന്നികളുടെ കൂട്‌


വീനിങ്‌ നടത്തിയ ഉടനെയാണ്‌ പന്നിക്കുഞ്ഞുങ്ങള്‍ക്കു രോഗം പിടിപെടുന്നത്‌. തീറ്റയിലെ മാറ്റം മുലപ്പാലിന്റെയും തള്ളപ്പന്നിയുടെയും അഭാവം എന്നിവ പന്നിക്കുഞ്ഞുങ്ങളില്‍ സംഘര്‍ഷം സൃഷ്‌ടിക്കും. 10-ല്‍ കൂടുതല്‍ വീനിങ്‌പന്നികളെ ഒരു കൂട്ടില്‍ നിര്‍ത്തരുത്‌. ഫാരോയിങ്‌-റിയറിങ്‌ കൂട്ടിന്റെ രണ്ടുവശത്തുമുള്ള പെട്ടി മാറ്റിയാല്‍ ഇത്‌ വീനിങ്‌ കുഞ്ഞുങ്ങള്‍ക്ക്‌ ഉപയോഗിക്കാം.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍