പന്നി :പന്നികളുടെ തിരഞ്ഞെടുപ്പ്‌

പന്നിവളര്‍ത്തല്‍ ലാഭകരമാകണമെങ്കില്‍ പന്നികള്‍ സാമ്പത്തികപ്രാധാന്യമുള്ള ഗുണങ്ങള്‍ ഉള്ളവയും അത്തരം ഗുണങ്ങള്‍ പാരമ്പര്യമായി കൈമാറുന്നവയുമായിരിക്കണം. വളര്‍ത്തിവരുമ്പോള്‍ ഗുണമേന്മ കുറഞ്ഞു വരുന്നവയെ ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്‌.
തിരഞ്ഞെടുപ്പ്‌ നടത്തുന്നത്‌ മൂന്നു കാര്യങ്ങള്‍ക്കുവേണ്ടിയാണ്‌.
1. വീനിങ്‌ നടത്തുമ്പോള്‍ ഏറ്റവും തീറ്റപരിവര്‍ത്തനശേഷി കുഞ്ഞുങ്ങളെ ലഭിക്കണം.
2. നന്നായി വളരുകയും ഉയര്‍ന്ന തീറ്റപരിവര്‍ത്തനശേഷി ഉള്ളതുമായിരിക്കണം.
3. നല്ല മാംസഗുണം ലഭ്യമാക്കണം.
പ്രജനനത്തിനുവേണ്ടി പന്നികളെ തിരഞ്ഞെടുക്കുമ്പോള്‍ ഇവയുടെ ശാരീരികഗുണങ്ങള്‍ മനസ്സിലാക്കിയിരിക്കണം. ഒരു പന്നിയെ നോക്കിയെടുക്കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
$ ഒരു വശം നോക്കുമ്പോള്‍: ബാലന്‍സ്‌, ശരീരത്തിന്റെ നീളം, ഉയരം, ഹാം വളര്‍ച്ച, കാലിന്റെ ബലം, നടത്തം, അതാതു ജനുസ്സിന്റെ ഗുണങ്ങള്‍ എന്നിവ ശ്രദ്ധിക്കണം.
$ പിറകുവശം: പിന്‍കാലിന്റെ നില്‍പ്പ്‌, ഹാം വളര്‍ച്ച, ലോയിന്‍, വീതി എന്നിവ.
$ മുന്‍വശം: തലയെടുപ്പ്‌, തോളിന്‍രെ ഭാഗം, മുന്‍കൈയുടെ നില്‍പ്പ്‌, മുഖം എന്നിവ.
തുടക്കത്തില്‍ പ്രജനനത്തിനുപയോഗിക്കുന്നതും പിന്നീട്‌ ഒഴിവാക്കുന്നതിനുപകരം എടുക്കുന്നതും നല്ല ഗുണമേന്മയുള്ളതുമായിരിക്കണം. ഉയര്‍ന്ന വളര്‍ച്ചാനിരക്ക്‌ തീറ്റ പരിവര്‍ത്തനശേഷി, മാതൃഗുണം, പ്രത്യുല്‍പ്പാദനക്ഷമത, രോഗപ്രതിരോധശേഷി എന്നീ ഗുണങ്ങളാണ്‌ സാധാരണയായി നോക്കുന്നത്‌.
 

തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പൊതുവായ കാര്യങ്ങള്‍


പന്നികളെ തിരഞ്ഞെടുക്കുമ്പോള്‍ അതിനെ മൂന്നു ഭാഗത്തുനിന്നും വീക്ഷിക്കണം. 2-6 മാസങ്ങള്‍ക്കകം ഇവയെ തിരഞ്ഞെടുക്കുന്നതാണ്‌ നല്ലത്‌. ഒരു വശത്തുനിന്നും ആദ്യം നോക്കുക, ശരീരവടിവ്‌, നീളം, തുടയുടെ വികാസം, കാലിന്റെ ശക്തി, നടത്തം, ജനുസ്സ്‌ ഗുണം എന്നിവ പരിശോധിക്കണം. പിറകില്‍നിന്നും നിരീക്ഷിക്കുമ്പോള്‍ പിന്‍കാലിന്റെ രൂപം, തുടയുടെ രൂപം, ശരീരത്തിന്റെയും അടിഭാഗത്തിന്റെയും വീതി എന്നിവ ശ്രദ്ധിക്കണം. മുന്‍ഭാഗത്തുനിന്നും പരിശോധിക്കുമ്പോള്‍ തലയുടെ രൂപം, ചുമലിന്റെ ആകൃതി, മുന്‍കാലുകള്‍ എന്നിവ നോക്കണം. മുഖം പ്രസരിപ്പുള്ളതുമായിരിക്കണം.
പ്രത്യുല്‍പ്പാദനക്ഷമതാവളര്‍ച്ച: നന്നായി വളരുന്ന പന്നികളെ നോക്കി തിരഞ്ഞെടുക്കണം. ഫാമിലെ രേഖകള്‍ സൂക്ഷിച്ചാല്‍ ഈ കാര്യങ്ങള്‍ മനസ്സിലാക്കാം. ഒരു പ്രസവത്തില്‍ 10-12 കുഞ്ഞുങ്ങളെ പ്രസവിച്ച ലിറ്ററില്‍നിന്നു വേണം പന്നികളെ തിരഞ്ഞെടുക്കേണ്ടത്‌. ഇവയ്‌ക്കെല്ലാം ശരാശരി ഒരേ തൂക്കവുമുണ്ടായിരിക്കണം.
ബാക്ക്‌ ഫാറ്റ്‌: ഒന്നര ഇഞ്ചില്‍ കൂടുതല്‍ പിന്‍വശത്ത്‌ കൊഴുപ്പു (ബാക്ക്‌ ഫാറ്റ്‌)ള്ളതിനെ ഒഴിവാക്കുന്നതാണ്‌ നല്ലത്‌.
തീറ്റ പരിവര്‍ത്തനശേഷി: ഒരു കി.ഗ്രാം ശരീരതൂക്കം വെക്കാന്‍ കഴിക്കേണ്ട തീറ്റയുടെ അളവാണിത്‌. ഏറ്റവും കുറച്ച്‌ തീറ്റതിന്ന്‌ കൂടുതല്‍ വളരുന്നവയെ തിരഞ്ഞെടുക്കണം. ഇതും ഫാമിലെ ഫീഡിങ്‌ രജിസ്റ്റര്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം. 1 കി.ഗ്രാം ശരീരവളര്‍ച്ചയ്‌ക്ക്‌ 3 കി.ഗ്രാം തീറ്റ എന്നാണ്‌ കണക്ക്‌.
പാലുല്‍പ്പാദനശേഷി: പ്രസവത്തില്‍ ലിറ്ററിന്റെ എണ്ണം കൂടുമ്പോള്‍ അവയെ പാലൂട്ടുന്നതിന്‌ കൂടുതല്‍ മുലക്കാമ്പുകള്‍ തള്ളപ്പന്നികള്‍ക്കുണ്ടാകണം. ഒരേ അകലത്തില്‍ നന്നായി വികസിച്ച പ്രവര്‍ത്തനനിരതമായ 6 ജോഡി മുലക്കാമ്പുകള്‍ ഇവയ്‌ക്കുണ്ടാകണം. പാലുല്‍പ്പാദനശേഷി കുറഞ്ഞ തള്ളപ്പന്നികളുടെ കുഞ്ഞുങ്ങള്‍ക്ക്‌ വളര്‍ച്ചാനിരക്ക്‌ കുറവായിരിക്കും. വളരാത്തതും അടുത്തടുത്തതുമായ മുലക്കാമ്പുള്ളവയെ ഒഴിവാക്കണം.
പ്രത്യുല്‍പ്പാദന അവയവങ്ങള്‍: പ്രത്യുല്‍പ്പാദന അവയവങ്ങള്‍ മിക്കതും ശരീരത്തിനകത്തായതുകൊണ്ട്‌ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്‌. എന്നാലും വലിപ്പം കുറഞ്ഞ യോനിയുള്ളവയെ ഒഴിവാക്കാം. പിറകുവശം താഴത്തായി യോനി സ്ഥിതിചെയ്യുന്നതാണ്‌ നല്ലത്‌. എളുപ്പത്തില്‍ പ്രസവിക്കാനും ഇണചേരാനും ഇത്‌ സഹായിക്കുന്നു.
കാലുകള്‍: പാസ്റ്റേണ്‍ ഭാഗത്തെത്തുമ്പോള്‍ ചെറിയ ചെരിവു വേണം. കാലുകള്‍ക്ക്‌ നല്ല ബലമുള്ള എല്ലുകളുണ്ടാകണം. നീളംകൂടിയ കാലുകളുള്ളവയെ തിരഞ്ഞെടുക്കരുത്‌.
ശരീരവടിവ്‌: നീളമുള്ള ശരീരം നല്ല ഗുണമാണ്‌. ശരീരത്തിന്‌ നീളം കൂടുമ്പോള്‍ മുലക്കാമ്പുകള്‍ തമ്മിലുള്ള അകലം വര്‍ധിക്കാനും സാധ്യതയുണ്ട്‌. അതിനു പുറമേ നല്ല മാംസഗുണവുമുണ്ടാകും. ശരീരത്തിന്റെ വീതി എല്ലാ ഭാഗങ്ങളിലും ശരാശരി ഒരേപോലെയായിരിക്കണം. എന്നാല്‍ പിറകു ഭാഗം നെഞ്ചുഭാഗത്തെക്കാള്‍ കുറച്ചു വീതികൂടുന്നതാണ്‌ അഭികാമ്യം.
വലിപ്പം: ഏറ്റവും വലിപ്പമുള്ളവയെ വേണം തിരഞ്ഞെടുക്കാന്‍. വീനിങ്‌ തൂക്കം, പ്രസവദിവസതൂക്കം എന്നിവകൂടി പരിശോധിക്കുന്നത്‌ നന്നായിരിക്കും.
സന്ധികള്‍: നന്നായി വികസിച്ച തുട, അടിഭാഗം, ചുമല്‍ എന്നിവ പ്രജനനത്തിനുപയോഗിക്കുന്നവയ്‌ക്ക്‌ ഉണ്ടായിരിക്കണം. ബലക്ഷയമുള്ള സന്ധികളുള്ളവയ്‌ക്ക്‌ ഗര്‍ഭിണിയായാല്‍ ബുദ്ധിമുട്ടുണ്ടാകും.
പിന്‍ഭാഗം: പിറകുവശം ചെറിയ ആര്‍ച്ചുപോലെയിരിക്കുന്നത്‌ നല്ലതാണ്‌. ഇത്തരം പന്നികളുടെ പിന്‍കാലുകള്‍ക്ക്‌ നല്ല ഭാരം താങ്ങാനുള്ള കഴിവുണ്ടാകും. ഗര്‍ഭിണിപന്നികള്‍ക്ക്‌ ഇത്‌ ഗുണം ചെയ്യും.
മാതൃഗുണം: ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളെ മുഴുവനായും പാലൂട്ടി വളര്‍ത്തിയെടുക്കാനുള്ള കഴിവാണിത്‌. ചില പന്നികള്‍ സ്വന്തം കുഞ്ഞുങ്ങളെ തിന്നാറുണ്ട്‌. ഇത്തരം പന്നികളെ ഒഴിവാക്കണം. ശ്രദ്ധയില്ലാതെ കുഞ്ഞുങ്ങളുമേല്‍ തള്ള കിടന്ന്‌ കുഞ്ഞുങ്ങള്‍ ചത്തുപോകാറുണ്ട്‌. ഇത്‌ മോശം മാതൃഗുണമായാണ്‌ കണക്കാക്കുന്നത്‌.
പാരമ്പര്യരോഗങ്ങളും വൈകല്യങ്ങളും: ശാരീരികവൈകല്യങ്ങളും പാരമ്പര്യരോഗങ്ങളും ഉള്ളവയെ ഒഴിവാക്കണം. അന്തര്‍പ്രജനനം നടക്കുന്ന പന്നികളിലാണ്‌ ഈ പ്രശ്‌നം കൂടുതലുള്ളത്‌. ഹെര്‍ണിയ, അണ്ണാക്കില്‍ കീറല്‍ എന്നിവ പാരമ്പര്യരോഗങ്ങളാണ്‌.
 

ആണ്‍പന്നികളുടെ തിരഞ്ഞെടുപ്പ്‌


15-20 പെണ്‍പന്നിക്ക്‌ ഒരു ആണ്‍പന്നി മതിയാകുന്നതുകൊണ്ടുതന്നെ ആണ്‍പന്നിയുടെ തിരഞ്ഞെടുപ്പ്‌ കുറച്ചുകൂടി എളുപ്പമാണ്‌.
1. സ്വഭാവം: ആക്രമണസ്വഭാവമുള്ളതും മെരുങ്ങാത്തതുമായ പന്നികളെ വളര്‍ത്തിയെടുക്കാനും ഇണചേര്‍ക്കാനും ബീജം ശേഖരിക്കാനുമൊക്കെ ബുദ്ധിമുട്ടാണ്‌. അത്തരം പന്നികളെ ഒഴിവാക്കണം.
2. തള്ളപ്പന്നിയുടെ ഗുണങ്ങള്‍: തിരഞ്ഞെടുക്കുന്ന ആണ്‍പന്നിയുടെ തള്ളയുടെ ഗുണങ്ങളും കണക്കിലെടുക്കണം. ലിറ്ററിന്റെ എണ്ണം, വീനിങ്‌ സമയത്തെ കുഞ്ഞുങ്ങളുടെ എണ്ണം, ലിറ്ററിന്റെ മൊത്തം തൂക്കം, പാലുല്‍പ്പാദനം, മാതൃഗുണം എന്നിവ പരിശോധിക്കണം.
3. കാര്യക്ഷമത: തീറ്റപരിവര്‍ത്തനശേഷി, വളര്‍ച്ചാനിരക്ക്‌, 104 കി.ഗ്രാം എത്തുന്ന പ്രായം എന്നിവയാണ്‌ കാര്യക്ഷമതയില്‍ നോക്കുന്നത്‌. ആണ്‍പന്നിയെ തിരഞ്ഞെടുക്കുമ്പോള്‍ അവയ്‌ക്ക്‌ 155 ദിവസത്തില്‍ കൂടുതല്‍ പ്രായം പാടില്ല. 125 കി.ഗ്രാം തീറ്റ കഴിച്ചാല്‍ 45 കി.ഗ്രാം തൂക്കം ലഭിക്കണം. ഈ തൂക്കം 27 കി.ഗ്രാം മുതല്‍ 104 കി.ഗ്രാം വരെയുള്ള കാലയളവിലായിരിക്കുകയും വേണം.
4. ബാക്ക്‌ഫാറ്റ്‌: ബാക്ക്‌ഫാറ്റിന്റെ കട്ടിനോക്കിയാണ്‌ അതിന്റെ മാംസഗുണം കണക്കാക്കുന്നത്‌. ഇത്‌ ഒരു പാരമ്പര്യഗുണവും കൂടിയാണ്‌.
5. പ്രത്യുല്‍പ്പാദനഗുണങ്ങള്‍: തിരഞ്ഞെടുക്കുന്ന ആണ്‍പന്നിയുടെ തള്ളപ്പന്നിക്ക്‌ നല്ല അകിടും 12-ലധികം മുലക്കാമ്പും ഉണ്ടായിരിക്കണം. മുലക്കാമ്പുകള്‍ നല്ല അകലത്തിലുമായിരിക്കണം. മുടന്തും അംഗവൈകല്യവുമുള്ള ആണ്‍പന്നിയെ ഒഴിവാക്കണം. കാലുകള്‍ക്ക്‌ നല്ല ബലമുള്ളതായിരിക്കണം. വലിപ്പം വളരെ കുറഞ്ഞതും വളരെ കൂടിയതുമായ വൃക്ഷണങ്ങളുള്ള ആണ്‍പന്നികളെ ഒഴിവാക്കുന്നതാണ്‌ നല്ലത്‌. ആണ്‍പന്നികളെ 6-7 മാസം പ്രായത്തിലാണ്‌ തിരഞ്ഞെടുക്കേണ്ടത്‌. ആണ്‍പന്നികളെ 9-ാം മാസത്തില്‍ ഇണചേര്‍ക്കാനുപയോഗിക്കാം. അതുകൊണ്ട്‌ ഇണചേര്‍ക്കുന്നതിനു 2 മാസം മുമ്പെങ്കിലും ആണ്‍പന്നികളെ വാങ്ങിച്ചിരിക്കണം. പന്നിയുടെ ആരോഗ്യ, ശാരീരികനിലകള്‍ പരിശോധിക്കാനും പരിശീലിപ്പിക്കാനുംവേണ്ടിയാണിത്‌. ബീജഗുണം നല്ലതായിരിക്കണം. ഒരു തവണ ശേഖരിക്കുന്ന ബീജത്തില്‍ ശരാശരി 10-15 ബില്യണ്‍ ബീജമുണ്ടായിരിക്കണം.
 

പെണ്‍പന്നികളുടെ തിരഞ്ഞെടുപ്പ്‌


പെണ്‍പന്നികളുടെ തിരഞ്ഞെടുപ്പ്‌ ഇനി പറയുന്ന കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. 2-ാം മാസത്തിലും 6-ാം മാസത്തിലുമാണ്‌ തിരഞ്ഞെടുത്ത്‌ മാറ്റേണ്ടത്‌.
1. ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത
2. കൊഴുപ്പിന്റെ അളവ്‌ (ബാക്ക്‌ഫാറ്റ്‌) കുറഞ്ഞത്‌
3. ഉയര്‍ന്ന തീറ്റപരിവര്‍ത്തനശേഷി
4. നന്നായി വളര്‍ന്ന മുലക്കാമ്പുകള്‍
5. ബലമുള്ള കാലുകളും കുളമ്പുകളും
6. നല്ല മാതൃഗുണം
7. ഉയര്‍ന്ന പ്രത്യുല്‍പ്പാദന ക്ഷമത
8. നല്ല ശരീരവടിവ്‌, വലിപ്പം
ലിറ്റര്‍ വലിപ്പം 10-12 ഉള്ളതില്‍നിന്നുവേണം തിരഞ്ഞെടുക്കാന്‍ വീനിങ്‌ വളര്‍ച്ച ഉയര്‍ന്ന നിരക്കിലുള്ളതിനും പ്രാധാന്യം കൊടുക്കണം. 1.2 ഇഞ്ച്‌ ബാക്ക്‌ഫാറ്റുള്ളത്‌ നല്ലതാണ്‌. നല്ല വളര്‍ച്ചയെത്തിയ അകിടും മുലക്കാമ്പും ഉണ്ടായിരിക്കണം. ചുരുങ്ങിയത്‌ പ്രവര്‍ത്തനക്ഷമമായ 6 ജോഡി മുലക്കാമ്പെങ്കിലും ഉണ്ടാകണം.
തൂങ്ങിനില്‍ക്കുന്ന അകിടുള്ളതും തീരെ വളര്‍ച്ചയെത്താത്ത അകിടുള്ളതും ഒഴിവാക്കണം. വളരെ ചെറിയ യോനിയുള്ളതിനെയും തിരഞ്ഞെടുക്കരുത്‌. നല്ല ശരീരവടിവും നീളവുമുള്ള പന്നിയെവേണം തിരഞ്ഞെടുക്കാന്‍ അതുകൂടാതെ ഒരു ലിറ്ററില്‍ ഏറ്റവും വളര്‍ച്ചയെത്തിയവയായിരിക്കും ഏറ്റവും നല്ലത്‌. പന്നിയുടെ പിറകുവശം ആര്‍ച്ചുപോലെ കാണുന്നതാണ്‌ നല്ലത്‌. നേരത്തെ പ്രായപൂര്‍ത്തിയെത്തുന്നവയ്‌ക്ക്‌ മുന്‍ഗണന നല്‍കണം. സ്വന്തം കുഞ്ഞുങ്ങളെ തിന്നുന്നവയെയും പാലൂട്ടാത്തവയെയും ഒഴിവാക്കണം. അംഗവൈകല്യമുള്ളവയെയും തിരഞ്ഞെടുക്കരുത്‌.
 

തിരഞ്ഞെടുപ്പ്‌ തത്ത്വങ്ങള്‍


പെഡിഗ്രി രീതി: ഒരു പന്നിയുടെ വ്യക്തിഗത പാരമ്പര്യഗുണങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ്‌ നടത്തുന്ന രീതിയാണിത്‌. ഇതിനായി ഇവയുടെ ഏറ്റവും അടുത്ത തലമുറകളുടെ ഗുണങ്ങളാണ്‌ പരിഗണിക്കപ്പെടുന്നത്‌. ഇതിനായി ഗുണങ്ങളുടെ റെക്കാര്‍ഡുകള്‍ പരിശോധിക്കേണ്ടതുണ്ട്‌. കൃത്യമായി രജിസ്റ്ററുകള്‍ സൂക്ഷിക്കുന്ന ഫാമുകളില്‍ മാത്രമേ ഇത്‌ സാധ്യമാകൂ.
വ്യക്തിഗത ഒഴിവാക്കല്‍ രീതി: ഇവിടെ ഓരോ പാരമ്പര്യഗുണങ്ങള്‍ക്കും കുറഞ്ഞ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നു. ഇതിനെ അടിസ്ഥാനമാക്കി ഓരോ പന്നിയെയും തിരഞ്ഞെടുക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നു.
ഉദാ:
1. ലിറ്റര്‍ എണ്ണം 7-ല്‍ കുറവുള്ള പന്നികളെ ഒഴിവാക്കുക.
2. വീനിങ്‌ തൂക്കം 18 കി.ഗ്രാമില്‍ കുറവുള്ളവയെ ഒഴിവാക്കുക.
3. ദിവസത്തെ വര്‍ധന 900 ഗ്രാമില്‍ കുറവുള്ളവയെ ഒഴിവാക്കുക.
ഈ രീതിയുടെ ഏറ്റവും ദോഷവശം ഒരു ഗുണത്തെ മാത്രം അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുക്കുകയോ തള്ളുകയോ ചെയ്യുന്ന എന്നുള്ളതാണ്‌.
ടാന്റം രീതി: പ്രത്യേക ഗുണം ഒരു നിശ്ചിത അളവില്‍ ലഭ്യമാകുന്നതുവരെ തിരഞ്ഞെടുപ്പ്‌ നടത്തുന്ന രീതിയാണിത്‌. ഉദാ: ലിറ്റര്‍ വലിപ്പം കൂട്ടുന്നതിനുവേണ്ടി തിരഞ്ഞെടുപ്പ്‌ നടത്തുന്ന സാമ്പത്തികലാഭം പല ഗുണങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ഈ രീതി ശാസ്‌ത്രീയമല്ല.
 

പാരമ്പര്യഗുണങ്ങള്‍


പന്നികളെ തിരഞ്ഞെടുക്കുമ്പോഴും ഒഴിവാക്കുമ്പോഴും സാമ്പത്തിക പ്രാധാന്യമുള്ള ഗുണങ്ങളാണ്‌ കൂടുതലായും പരിഗണിക്കുന്നത്‌. തലമുറകളിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടുന്ന ഗുണങ്ങളാണ്‌ പാരമ്പര്യഗുണങ്ങള്‍. എല്ലാ ഗുണങ്ങളും ഒരേ അളവില്‍ പുതിയ തലമുറയിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടുന്നില്ല. പാരമ്പര്യഗുണങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതിനെ മൂന്നായി തരംതിരിക്കാം.
1. ഉയര്‍ന്ന പാരമ്പര്യഗുണം. 0.3
2. ഇടത്തരം പാരമ്പര്യഗുണം. 0.15-0.3
3. കുറഞ്ഞ പാരമ്പര്യഗുണം 0-0.15
പൊതുവായി പറഞ്ഞാല്‍ പ്രത്യുല്‍പ്പാദന ഗുണങ്ങള്‍ക്കു കുറഞ്ഞ പാരമ്പര്യഗുണമാണുള്ളത്‌. വളര്‍ച്ചാനിരക്ക്‌, ഫാറ്റനിങ്‌ തുടങ്ങിയവയ്‌ക്ക്‌ ഇടത്തരവും ശരീരഗുണങ്ങള്‍, ശരീരവടിവ്‌, മാംസഗുണം എന്നിവയ്‌ക്ക്‌ ഉയര്‍ന്ന പാരമ്പര്യഗുണങ്ങളുമാണുള്ളത്‌.
 

സൂചികരീതി


പല പാരമ്പര്യഗുണങ്ങളുടെ ഒരു സൂചിക തയാറാക്കുന്ന രീതിയാണിത്‌. ഈ രീതിയില്‍ വിവിധ ഗുണങ്ങളുടെ പ്രാധാന്യത്തെ ആനുപാതികമായി പരിഗണിക്കുന്നു. മൃഗത്തിന്റെ മിക്ക ഗുണങ്ങളെയും പരിഗണിച്ച്‌ ഒരു റാങ്കിങ്‌ നടത്താന്‍ കഴിയുന്നു. ഗുണങ്ങളില്‍ കാലാവസ്ഥ വരുത്തുന്ന മാറ്റങ്ങള്‍ പോലും പരിഗണിക്കപ്പെടുന്നു.
SI=240+(100) (AG Kg)
BF- Back fat
ADG - Average Daily Gain
FCR - Food Convertion Ratio


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍