പന്നി :മറ്റു രോഗങ്ങള്‍

മാസ്റ്റൈറ്റിസ്‌ മെട്രൈറ്റിസ്‌-അഗലക്‌സിയ സിന്‍ഡ്രോം


പ്രസത്തിനുശേഷം പന്നികളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്‌നമാണിത്‌. ഈ രോഗത്തിന്റെ ഫലമായി പട്ടിണികൊണ്ട്‌ പന്നിക്കുഞ്ഞുങ്ങള്‍ ചത്തുപോകാറുണ്ട്‌. കൂടാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ മറ്റു രോഗങ്ങള്‍ക്കുള്ള സാധ്യതയും ഏറുന്നു.
പന്നിക്കുഞ്ഞുങ്ങള്‍ അകിടുവീക്കം ബാധിച്ച മുലകളില്‍നിന്ന്‌ പാല്‍ കുടിക്കാന്‍ വിസമ്മതിക്കുന്നു.
മെട്രൈറ്റിസ്‌ അഥവാ ഗര്‍ഭാശയത്തിലുണ്ടാകുന്ന അണുബാധ സുഖപ്രസവത്തിനുശേഷമോ വിഷമപ്രസവത്തിനുശേഷമോ അല്ലെങ്കില്‍ ഗര്‍ഭച്ഛിദ്രത്തിനുശേഷമോ ഉണ്ടാകാം. ഇത്‌ അഗലക്‌സിയ സിന്‍ഡ്രോമിന്റെ ഒരു ഭാഗമായതിനാല്‍ ഒന്നിച്ച്‌ ഒരു രോഗമായാണ്‌ കാണപ്പെടുന്നത്‌.
സ്‌ട്രെപ്‌റ്റോകോക്കസ്‌, എസ്‌ചറിഷിയകോളി, എന്ററോബാക്‌ടര്‍ എയ്‌റോജിനസ്‌, ക്ലെബ്‌സിയെല്ല എയ്‌റോജിനസ്‌, ക്ലെബ്‌സിയെല്ലാ ന്യൂമോണിയ എന്നിവയാണ ഗര്‍ഭാശയ അണുബാധയുള്ള പന്നികളില്‍ സാധാരണയായി കണ്ടെത്തിയ രോഗാണുക്കള്‍. ഈ രോഗമുള്ള പെണ്‍പന്നികളും അമ്മപ്പന്നികളും സാധാരണയായി ഭക്ഷണത്തോട്‌ വിമുക്തതയും മന്ദതയും കാണിക്കുന്നു. പ്രസവിച്ച്‌ 1-3 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു. പന്നികള്‍ വിറച്ചു കിടക്കുന്നതായി കാണാം.
ശരീരോഷ്‌മാവ്‌ 400C-410C വരെയെത്തുന്നു. അകിടിനു നല്ല ചൂടും പാലു ചുരത്തുന്നതിനു തടസ്സവും ഉണ്ടാകുന്നു. 2-3 ദിവസം കഴിയുമ്പോഴേക്കും കട്ടിയുള്ള മഞ്ഞനിറത്തിലുള്ള ദ്രാവകം യോനിയില്‍ക്കൂടി പുറത്തേക്കൊഴുകുന്നതായി കാണാം.
മറുപിള്ളയും ഗര്‍ഭസ്ഥശിശുവും പുറത്തുപോകാത്തതുകൊണ്ട്‌ ഇവ എടുക്കുന്നതുമൂലം ഉണ്ടാകുന്ന അണുബാധയാണ്‌ ഇതിനു കാരണം. വെള്ളംപോലുള്ള, വൃത്തികെട്ട മണത്തോടുകൂടിയ യോനിസ്രവം ആയിരിക്കും. പ്രധാന ലക്ഷണം പനി, വിശപ്പില്ലായ്‌മ, പാലില്ലായ്‌മ എന്നിവയും ഉണ്ടാകും.
 

അകിടുവീക്കം


ഇത്‌ അകിടിനുണ്ടാകുന്ന അണുബാധയാണ്‌. സൂക്ഷ്‌മമായി പരിശോധിച്ചാല്‍ അകിടിന്റെ ഓരോ ഭാഗങ്ങള്‍ക്കും ഉണ്ടാകുന്ന അണുബാധ കണ്ടുപിടിക്കാന്‍ സാധിക്കും. സ്‌ട്രെപ്‌റ്റോകോക്കൈ, സ്റ്റെഫൈലോകോക്കൈ, സ്‌ഫീറോഫോറസ്‌, നെക്രോഫോറസ്‌, ആക്‌ടിനോമൈസിസ്‌ബോവിസ്‌, ആക്‌ടിനോബാസില്ലസ്‌ലിഗ്നോറസി, കോറിനിബാക്‌ടീരിയം പയോജിനസ്‌, മൈകോബാക്‌ടീരിയം ട്യൂബര്‍ക്കുലോസിസ്‌ എന്നിവയാണ്‌ അമ്മപ്പന്നികളില്‍ അകിടുവീക്കത്തിനു കാരണമാകുന്ന ബാക്‌ടീരീയകള്‍.
സ്‌ട്രെപ്‌റ്റോകോക്കിക്‌/സ്റ്റെഫൈലോകോക്കിക്‌ മാസ്റ്റൈറ്റിസ്‌: അകിടിന്റെ ഒന്നോ രണ്ടോ ഭാഗങ്ങളെ ബാധിക്കുന്നതാണിത്‌. ഈ അണുബാധ മുഖ്യമായും അകിട്‌ ഗ്രന്ഥിയെയാണ്‌ ബാധിക്കുന്നത്‌. അതിനാല്‍ വളരെ കുറച്ച്‌ മാത്രമേ മറ്റു ശരീരഭാഗങ്ങളെ ബാധിക്കുന്നുള്ളൂ. പാല്‍ കുറവായിരിക്കും. അല്ലെങ്കില്‍ തീരെ വറ്റിയിരിക്കും. അസുഖം ബാധിച്ച ഗ്രന്ഥികള്‍ നശിച്ചു പോവുകയോ അടുത്ത പ്രസവത്തില്‍ പാലുല്‍പ്പാദിപ്പാന്‍ കഴിയാതെ വരികയോ ചെയ്യുന്നു.
ആക്‌ടിനോമൈസിസ്‌ ബോവിഡേ/ആക്‌ടിനോ ബാസില്ലസ്‌ ലിഗ്നോറ സമാസ്റ്റൈറ്റിസ്‌: അകിടില്‍ തരിപോലുള്ള വളര്‍ച്ചകള്‍ പ്രത്യക്ഷപ്പെടുന്നു. അത്‌ പിന്നീട്‌ വലിയ വ്യാസമുള്ള ട്യൂമര്‍ ആയി മാറും. 
 

കോളിഫോം മാസ്റ്റൈറ്റിസ്‌

ഇതുമൂലം വിഷബാധ ഉണ്ടാകുന്ന പന്നികള്‍ മന്ദതയോടെ എപ്പോഴും കിടപ്പായിരിക്കും. ശരീരതാപനില 400C വരെയാകും. അസുഖം ബാധിച്ച ഭാഗത്തെ തൊലി പര്‍പ്പിള്‍നിറമാകുന്നു, കൂടാതെ ആ ഭാഗം നീരുവച്ച വീങ്ങിയിരിക്കും. അമ്മയില്‍നിന്നും വേര്‍പെടുത്തുകയോ പാലിനു പകരംവയ്‌ക്കാവുന്നതെന്തെങ്കിലും കൊടുക്കുകയോ ചെയ്യാത്ത പക്ഷം പന്നികളില്‍ അടുത്ത പ്രസവത്തില്‍ പാല്‍ കുറയും.
 

പാലില്ലാത്ത അവസ്ഥയും പാല്‍ കുറഞ്ഞ അവസ്ഥയും


ഇത്‌ പ്രസവത്തിനുശേഷം ആദ്യ ദിവസങ്ങളില്‍തന്നെ കുറച്ച്‌ പന്നിക്കുഞ്ഞുങ്ങളുടെയോ അല്ലെങ്കില്‍ മുഴുവന്‍ ലിറ്ററിന്റെതന്നെയോ മരണത്തിനിടയാക്കുന്നു. കൂടാതെ പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ പ്രതിരോധശേഷി നല്‍കുന്ന കൊളസ്‌ട്രം കിട്ടാതെയും വരുന്നു.
പ്രസവത്തിനുശേഷം 2-3 ദിവസത്തിനുള്ളില്‍തന്നെ ഈ അവസ്ഥ പ്രത്യക്ഷപ്പെടുന്നു. പാലുല്‍പ്പാദനം ഇല്ലാത്ത അവസ്ഥയിലെത്തിയ പന്നികള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും നെഞ്ചമര്‍ത്തി കിടക്കുകയും ചെയ്യും ചില പന്നികള്‍ നേരേ കിടന്നു കുഞ്ഞുങ്ങളെ മുല കുടിക്കാന്‍ അനുവദിക്കുമെങ്കിലും പാല്‍ ചുരത്താന്‍ സാധിക്കാതെവരുന്നു. തള്ളപ്പന്നികള്‍ പകുതിയോ മുഴുവനായോ പട്ടിണിയിലായിരിക്കും. അകിട്‌ കട്ടിയോടെയും ചുവന്നുമിരിക്കും. ടോക്‌സീമിയയും പനിയും കാരണം പന്നികള്‍ വിറച്ചുകൊണ്ടിരിക്കും. മലം ഉണങ്ങി വളരെ കുറച്ചുമാത്രമേ ഉണ്ടാവുകയുള്ളൂ.
പാലില്ലാത്ത അവസ്ഥയ്‌ക്ക്‌ കാരണങ്ങള്‍ പലതാകാം. അമിതഭക്ഷണം, ദഹനവ്യൂഹത്തിനേറ്റ പരിക്ക്‌, ഗര്‍ഭാശയത്തിന്റെ ചലനമില്ലായ്‌മ, രണ്ടാം ഘട്ടത്തിലുള്ള ഗര്‍ഭാശയ അണുബാധ എന്നിവ ഇതില്‍ ചിലതാണ്‌.
 

ചികില്‍സയും പ്രതിരോധവും


അണുബാധ, സമ്മര്‍ദ്ദം, നല്ല പോഷണത്തിന്റെ ലഭ്യതയില്ലായ്‌മ, മലബന്ധവും ഗര്‍ഭാശയ അണുബാധയും മൂലമുണ്ടാകുന്ന വിഷബാധ എന്നിവയാണ്‌ അകിടുവീക്കം, ഗര്‍ഭാശയപഴുപ്പ്‌ എന്നീ രോഗങ്ങള്‍ക്ക്‌ കാരണങ്ങള്‍. പ്രസവത്തിനുമുമ്പും പിമ്പുമുള്ള ഭക്ഷണരീതിയിലുള്ള തകരാറും ഇതിനു കാരണമാണ്‌.
ഗര്‍ഭാശയത്തിലുള്ള അവശിഷ്‌ടങ്ങള്‍ പുറത്തു പോകാത്തതും വിഷബാധയുണ്ടാക്കുന്നതുമാണ്‌. ഓക്‌സിനോടസിന്‍ ഇന്‍ജക്‌ഷന്‍, മറുപിള്ള, രക്തം, മറ്റു സ്രവങ്ങള്‍ എന്നിവ പുറത്തുപോകാന്‍ സഹായിക്കുന്നു. ഒരു വീര്യം കുറഞ്ഞ ആന്റിസെപ്‌റ്റിക്‌ ഉപയോഗിച്ച്‌ ഗര്‍ഭപാത്രം കഴുകാവുന്നതാണ്‌. അല്ലെങ്കില്‍ പേരയുടെ ഇല കഷായം വച്ചതോ ഉപയോഗിച്ച്‌ കഴുകാം.
പന്നികളില്‍ സമ്മര്‍ദ്ദം കുറയ്‌ക്കുക എന്നത്‌ ഒരു പ്രധാന കാര്യമാണ്‌. അമ്മപ്പന്നികളെ പ്രസവത്തിനു 3-7 ദിവസം മുമ്പുതന്നെ പ്രസവക്കൂട്ടിലേക്ക്‌ മാറ്റുക. ഇത്‌ അവയ്‌ക്ക്‌ ഈ കൂടുമായി ഇണങ്ങിച്ചേരാന്‍ സഹായകമാകും. ശാന്തമായി പന്നികളെ കൈകാര്യം ചെയ്യുക. ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നത്‌ അണുബാധ തടയാന്‍ സഹായിക്കും. അകിടുവീക്കം, ഗര്‍ഭാശയപഴുപ്പ്‌ എന്നിവ കാരണം കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന വയറിളക്കം തീറ്റയില്‍കൂടി മരുന്നു നല്‍കി ചികില്‍സിക്കാം.
 

പ്രസവാന്തരനാഡീതളര്‍ച്ച


ഇത്‌ പ്രധാനമായും പ്രസവത്തിന്റെ സമയത്തുണ്ടാകുന്ന സമ്മര്‍ദ്ദംമൂലമാണ്‌ സംഭവിക്കുന്നത്‌. പ്രസവമെടുക്കുമ്പോള്‍ ശരിയല്ലാത്ത രീതിയില്‍ ഗര്‍ഭാശയം കൈകാര്യം ചെയ്യുന്നത്‌ അണുബാധയ്‌ക്ക്‌ കാരണമാകുന്നു. ഈ രോഗം ബാധിച്ച പന്നികള്‍ പട്ടിയിരിക്കുന്നതുപോലെ ഇരിക്കുകയോ തീറ്റയെടുക്കുമ്പോള്‍ പിന്‍കാലുകളില്‍ കിടക്കുകയോ ചെയ്യുന്നു. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികില്‍സ അനിവാര്യമാണ്‌.
പോഷകാഹാരക്കുറവും ഈ രോഗത്തിനു കാരണമാകാറുണ്ട്‌. ഇതിലൊന്ന്‌ കാല്‍സ്യത്തിന്റെ കുറവാണ്‌. സാധാരണയായി കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉള്ളതും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്നതുമായ പന്നികളില്‍ ആണ്‌ ഇത്‌ കണ്ടുവരുന്നത്‌. പന്നികള്‍ അതിന്റെ എല്ലുകളില്‍ സംഭരിച്ചിരിക്കുന്ന കാല്‍സ്യം പാലുല്‍പ്പാദിപ്പിക്കുന്നതിനുപയോഗിക്കുന്നു. ഇതിന്റെ കൂടെ തീറ്റയുടെ ഗുണത്തിലുള്ള കുറവുംകൂടിയാകുമ്പോള്‍ രോഗം മൂര്‍ച്ഛിക്കുകയും പന്നികള്‍ നടക്കാനാവാതെ തളര്‍ന്നുപോവുകയും ചെയ്യുന്നു. നാഡീവ്യൂഹത്തിലെ ആവേഗങ്ങള്‍ക്ക്‌ സഞ്ചരിക്കുന്നതിനും പേശികള്‍ക്ക്‌ ചലിക്കാനും കാല്‍സ്യം അത്യാവശ്യമാണ്‌. ശരീരത്തിലുള്ള സംഭരിച്ച കാല്‍സ്യത്തിന്റെ കുറവും ഇതിനു കാരണമാണ്‌.
 

മറുപിള്ള പോകാതിരിക്കുക


ഇത്‌ സാധാരണയായി മേച്ചില്‍പ്പുറങ്ങളില്‍ ആരും ശ്രദ്ധിക്കപ്പെടാതെ പ്രസവിക്കുന്ന വലിയ പന്നികളില്‍ കാണുന്നതാണ്‌. പ്രധാന ലക്ഷണങ്ങള്‍ എന്നു പറയാവുന്നത്‌ ചെറിയ കഷണങ്ങളായി മറുപിള്ള പോവുകയാണ്‌. കൂടെ ചീത്തമണത്തോടുകൂടിയ യോനീസ്രവങ്ങളും ഉണ്ടാകും. മറുപിള്ള പോകാതിരിക്കുന്നത്‌ അണുബാധയ്‌ക്കും വിഷബാധയ്‌ക്കും അങ്ങനെ ആ മൃഗത്തിന്റെ മരണത്തിനും കാരണാകും. ഇതിന്റെ ലക്ഷണങ്ങള്‍ ഗര്‍ഭാശയ അണുബാധയ്‌ക്കും സമാനമാണ്‌. 3-5 ദിവസം ഗര്‍ഭപാത്രം കഴുകി ആന്റിബയോട്ടിക്‌ ഇന്‍ജക്‌ഷനുകള്‍ കൊടുക്കാവുന്നതാണ്‌.
 

യോനീനാളഭ്രംശം


പ്രസവത്തിനു മുമ്പോ പിമ്പോ ഇത്‌ സംഭവിക്കാം. എന്നിരുന്നാലും സാധാരണയായി ഗര്‍ഭകാലത്തിന്റെ അവസാനഘട്ടങ്ങളിലാണ്‌ കണ്ടുവരുന്നത്‌. പ്രസവത്തിന്‌ അനുയോജ്യമല്ലാത്ത ശാരീരികസ്ഥിതി, പന്നിക്കൂടിന്റെ കുത്തനെയുള്ള ചെരിവ്‌ എന്നിവയാണ്‌ ഇതിന്റെ കാരണങ്ങള്‍.
ഭ്രംശം സംഭവിക്കുന്നതിനു മുമ്പോ പിമ്പോ പന്നി മുക്കാന്‍ തുടങ്ങുന്നു. ചുവന്ന യോനീനാളം യോനിയിലൂടെ പുറത്തേക്കു തള്ളിനില്‍ക്കും. ഇതിന്റെ പുറംഭാഗത്തിനു മുറിവു സംഭവിക്കുകയും അണുബാധയുണ്ടാകുകയും ചെയ്യുന്നു.
ഇതിനെത്തുടര്‍ന്നുണ്ടാകുന്ന അസൗകര്യം പന്നിയെ കൂടുതല്‍ മുക്കാന്‍ പ്രേരിപ്പിക്കും. അത്‌ പിന്നെ ഭ്രംശത്തിന്‌ കാരണമാകുന്നു. ചിലപ്പോള്‍ മൂത്രാശയത്തനും ഭ്രംശം സംഭവിക്കാം. ഭ്രംശം ചെറുതാണെങ്കില്‍ കഴുകി വൃത്തിയാക്കി ആന്റിസെപ്‌റ്റിക്‌ ക്രീം പുരട്ടി അതിനെ പൂര്‍വ്വസ്ഥിതിയിലേക്ക്‌ തള്ളിക്കയറ്റാം. പക്ഷേ, കൈകള്‍കൊണ്ട്‌ യോനീനാളത്തിന്‌ അപകടം സംഭവിക്കാതെ സൂക്ഷിക്കണം. പറ്റുമെങ്കില്‍ പന്നിയുടെ പിന്‍ഭാഗം ഉയര്‍ത്തിവയ്‌ക്കുക. ഭ്രംശം കൂടുതല്‍ അപകടകരമാണെങ്കില്‍ പ്രത്യേക തുന്നല്‍ ഇടേണ്ടതായി വരും.
 

ഗര്‍ഭാശയഭ്രംശം


ഇത്‌ കൂടുതലായും പ്രസവത്തിനുശേഷമാണ്‌ കണ്ടുവരുന്നത്‌. യോനിയില്‍ക്കൂടി ഗര്‍ഭാശയം അകംതിരിഞ്ഞ്‌ പുറത്തുവരുന്നു. ഗര്‍ഭാശയം നല്ലവെള്ളം ഉപയോഗിച്ച്‌ കഴുകി വീര്യം കുറഞ്ഞ ആന്റിസെപ്‌റ്റിക്കുകള്‍ പുരട്ടിയശേഷം തള്ളിക്കയറ്റുക. പിന്‍ഭാഗം ഉയര്‍ത്തിവയ്‌ക്കുന്നത്‌ ഭ്രംശം സംഭവിച്ച ഭാഗത്തേക്കുള്ള രക്തചംക്രമണം കുറയ്‌ക്കും.
അസ്വസ്ഥതമൂലമുള്ള മുക്കല്‍കൊണ്ട്‌ ഗര്‍ഭാശയഭ്രംശം സംഭവിക്കാം. പ്രസവത്തിന്റെ സമയത്ത്‌ പരുക്കനായ രീതിയിലും വെപ്രാളത്തിലും വൃത്തിയില്ലാതെ പന്നികളെ കൈകാര്യം ചെയ്യുന്നത്‌ അസ്വസ്ഥതയ്‌ക്ക്‌ ഒരു കാരണമാണ്‌. കാല്‍സ്യത്തിന്റെ കുറവ്‌ ഗര്‍ഭാശയേപശികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും അങ്ങനെ ഇത്‌ ഗര്‍ഭാശയഭ്രംശത്തിന്‌ വഴി തെളിക്കുകയും ചെയ്യും. പ്രസവത്തിനു കുറച്ച്‌ ദിവസങ്ങള്‍ക്കുമുമ്പാണ്‌ ഭ്രംശം സംഭവിക്കുന്നതെങ്കില്‍ പന്നി പ്രസവിക്കുന്നതുവരെ ഗര്‍ഭാശയം തള്ളിക്കയറ്റി വയ്‌ക്കേണ്ടതാണ്‌. ഇതിന്‌ ചിലപ്പോള്‍ സിസേറിയന്‍തന്നെ വേണ്ടിവന്നേക്കാം. കൂടുതല്‍ ഗൗരവതരമായ സന്ദര്‍ഭങ്ങളില്‍ പന്നിയെ കശാപ്പു ചെയ്യുകയായിരിക്കും പ്രായോഗികം. ഈ സ്ഥിതിയില്‍ പന്നിക്ക്‌ ഷോക്കും മരണവും സംഭവിക്കും. ചിലതിനെ കൃത്യസമയത്തുള്ള വൈദ്യസഹായംകൊണ്ട്‌ രക്ഷിക്കാന്‍ സാധിച്ചേക്കും. ഇത്തരം പന്നികളെ വീനിങ്‌ കഴിഞ്ഞാലുടന്‍ നശിപ്പിക്കുക. കാരണം ഗര്‍ഭാശയഭ്രംശം വീണ്ടും ഉണ്ടാകാനിടയുണ്ട്‌.
 

രക്തസ്രാവം


പ്രസവത്തിനുശേഷം പന്നികള്‍ക്ക്‌ കടുത്ത രക്തസ്രവാമുണ്ടാവുകയാണെങ്കില്‍ അതു തടയേണ്ടത്‌ അനിവാര്യമാണ്‌. അഡ്രിനാലിന്‍ പുറമേ പുരട്ടുന്നത്‌ ചെറിയ മുറിവുകളില്‍നിന്നുള്ള രക്തസ്രാവം നിര്‍ത്തും. ജീവകം കെ, കാല്‍സ്യം എന്നിവ രക്തം കട്ടപിടിക്കുന്നതിന്‌ സഹായിക്കുന്നു.
 

വിഷമപ്രസവം


ഇത്‌ തിരിച്ചറിയാന്‍ സഹായിക്കുന്ന രണ്ട്‌ കാര്യങ്ങള്‍:
1. ആദ്യ പന്നിക്കുട്ടി ജനിച്ച്‌ 30 മിനിട്ട്‌ കഴിഞ്ഞ്‌ ഒന്നും വരാത്തത്‌
2. അമ്മപ്പന്നി ആയാസപ്പെട്ടുകൊണ്ടിരുന്നിട്ടും പന്നിക്കുഞ്ഞുങ്ങളൊന്നും പുറത്തുവരുന്നില്ല.
പ്രസവത്തിന്‌ സഹായകമായ ഓക്‌സിടോസിന്‍ ഇന്‍ജക്ഷന്‍ കൊടുക്കുന്നതിനുമുമ്പുതന്നെ വിഷമപ്രസവത്തിന്റെ കാരണം മനസിലാക്കണം. ഈ മരുന്ന്‌ അകാരണമായി ആവശ്യമില്ലാതെ ഉപയോഗിക്കുന്നത്‌ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. പന്നിക്ക്‌ അമിതമായ പ്രസവവേദനയുണ്ടാക്കും. വയറ്റിലെ പേശികളുടെ ചുരുക്കം മൂലം വയറുവേദനയും ഛര്‍ദ്ദിയും ഗര്‍ഭാശയപേശികള്‍ക്ക്‌ കോച്ചിവലിവ്‌ പന്നിക്കുട്ടികള്‍ ഗര്‍ഭാശയത്തിന്റെ മുകള്‍ഭാഗത്ത്‌ തങ്ങാന്‍ ഇടയാക്കും. അതുവഴി പന്നിക്കുഞ്ഞുങ്ങള്‍ ഭാഗികമായി ഞെരുങ്ങി ബലഹീനരായി ചിലപ്പോള്‍ മരണത്തിനും കാരണമാകും. ചിലയവസരത്തില്‍ ഗര്‍ഭാശയം പൊട്ടിയും തള്ളപ്പന്നി മരണപ്പെടാറുണ്ട്‌.
പ്രൈമറി ഇന്‍ര്‍ഷ്യ (പ്രഥമ ജഡത്വം): ഇതില്‍ ദുര്‍ബലമായ അല്ലെങ്കില്‍ വേഗം കുറഞ്ഞ പ്രസവമായിരിക്കും. ചിലപ്പോള്‍ പന്നിക്കുഞ്ഞുങ്ങളൊന്നും തന്നെ പുറത്തുവരികയില്ല. പാല്‍ ചുരത്തുക, യോനിസ്രവം തുടങ്ങി പ്രസവത്തിന്റെ എല്ലാ ലക്ഷണങ്ങളും പന്നി കാണിക്കുമെങ്കിലും മുക്കുകയോ പ്രസവിക്കുകയോ ചെയ്യുകയില്ല. ചിലപ്പോള്‍ ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ അത്ര ആയാസമില്ലാതെ പ്രസവിക്കുകയും പിന്നെ പ്രസവം നടക്കാതിരിക്കുകയും ചെയ്‌തേക്കാം.
ഇതിന്‌ കാരണങ്ങള്‍ പലതാണ്‌: കൂടുതല്‍ എണ്ണം കുഞ്ഞുങ്ങള്‍ ഉണ്ടായാല്‍ ഗര്‍ഭാശയഭിത്തി കൂടുതല്‍ വികസിക്കുകയും അത്‌ പിന്നീട്‌ ഗര്‍ഭാശയഭിത്തിയുടെ ചുരുങ്ങലിനെ ബാധിക്കുകയും ചെയ്യുന്നു. കൂടാതെ കാല്‍സ്യത്തിന്റെ കുറവും ഗര്‍ഭാശയത്തിന്റെ ചുരുങ്ങലിനെ ബാധിക്കുന്നു. വേഗത്തില്‍ വളരുന്ന കൂടുതല്‍ പന്നിക്കുട്ടികളെ പ്രസവിക്കുന്നതും കൂടുതല്‍ പാല്‍ ചുരത്തുന്നതുമായ പുതിയ ഇനം പന്നികളെ കാല്‍സ്യത്തിന്റെ ആവശ്യം ശരിയായി മനസ്സിലാക്കാത്തതും മനസ്സിലാക്കാത്തതും ഈ അവസ്ഥയുണ്ടാക്കും. അണുബാധ കൊണ്ടുണ്ടാകുന്ന വിഷബാധ ഗര്‍ഭാശയത്തിന്റെ ചലനം തടസ്സപ്പെടുത്തും. പേടിപ്പെടുത്തുകയോ അലോസരപ്പെടുത്തുകയോ ചെയ്യുമ്പോള്‍ പന്നികള്‍ അഡ്രിനാലിന്‍ പുറപ്പെടുവിച്ച്‌ സമ്മര്‍ദ്ദത്തോട്‌ പ്രതികരിക്കുന്നു. ഇത്‌ പ്രസവത്തെ തടസ്സപ്പെടുത്തും. പന്നികളുടെ ശാരീരകക്ഷമതയും അതിന്റെ പ്രസവവുമായി ബന്ധപ്പെട്ടു പ്രശ്‌നങ്ങളും തമ്മില്‍ ബന്ധമുണ്ട്‌.
ആന്തരിക പരിശോധനയ്‌ക്കുശേഷം കാരണം കണ്ടുപിടിച്ച്‌ ശരിയായ ചികില്‍സ നല്‍കുക. ബാഹ്യ ആന്തരിക പരിശോധനകള്‍ക്കുശേഷവും ഒരു കാരണവും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഓക്‌സിടോസിന്‍ ഇന്‍ജക്‌ഷന്‍ നല്‍കാവുന്നതാണ്‌. കുഞ്ഞുങ്ങളെ പുറന്തള്ളാന്‍ ശ്രമിക്കുമ്പോള്‍ ഗര്‍ഭാശപേശികള്‍ക്കുണ്ടാകുന്ന തളര്‍ച്ചയും കൂടാതെ അമ്മപ്പന്നിക്കുണ്ടാകുന്ന തളര്‍ച്ചയും ഇതിനു കാരണങ്ങളാണ്‌.
പ്രസവം സാധാരണയായി തുടങ്ങുന്നു. പിന്നീട്‌ ആയാസമുണ്ടാക്കുന്നുവെങ്കിലും ഒന്നും സംഭവിക്കുന്നില്ല. പെട്ടെന്നു കണ്ടുപിടിച്ച്‌ ശരിയാക്കിയില്ലെങ്കില്‍ ആയാസം സംവിധാനം നില്‍ക്കുകയും പന്നി തളര്‍ന്നുപോവുകയും ചെയ്യുന്നു. സാധാരണ ഓക്‌സിടോസിന്‍ ഈ അവസ്ഥയില്‍ നിര്‍ദേശിക്കാറില്ല. മെലിഞ്ഞ പന്നികള്‍ക്ക്‌ മുലയൂട്ടുന്ന സമയത്തും പ്രസവത്തിന്റെ ആദ്യഘട്ടങ്ങളിലും ശരീരഭാരനഷ്‌ടം സംഭവിക്കുകയും പിന്നീട്‌ അടുത്ത പ്രസവത്തിനുള്ളില്‍ നഷ്‌ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയാതെവരികയും ചെയ്യുന്നതാണ്‌. തുടര്‍ന്ന്‌ ഇത്‌ ഒരു തുടര്‍രോഗമായി മാറുകയും പന്നികള്‍ക്ക്‌ പ്രജനനശേഷി നഷ്‌ടപ്പെടാനും ഒരു പക്ഷേ, മരണത്തിനും ഇടയാക്കുന്നു. ഈ അവസ്ഥയ്‌ക്ക്‌ പരാദബാധ, കുറഞ്ഞ താപനില, മുലയൂട്ടുന്ന സമയത്ത്‌ ആവശ്യത്തിനു ഭക്ഷണം ലഭിക്കാത്ത അവസ്ഥ എന്നിങ്ങനെ ഒരുപാട്‌ കാരണങ്ങള്‍ ഉണ്ടാകാം. ഈ സമയത്തുണ്ടാകുന്ന ഭാരനഷ്‌ടം ഒരിക്കലും നികത്തപ്പെടുന്നില്ല.
താപനില ക്രമീകരിക്കുകയും (220C) വിരമരുന്ന്‌ നല്‍കുകയും ചെയ്യേണ്ടതാണ്‌. മുലയൂട്ടുന്ന കാലയളവിലും ഗര്‍ഭത്തിന്റെ ആദ്യഘട്ടങ്ങളിലും ആവശ്യത്തിനു ഭക്ഷണം നല്‍കുന്നത്‌ പന്നിയുടെ ഭാരം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത്‌ മുലയൂട്ടുന്ന കാലയളവില്‍ കൊഴുപ്പ്‌ തീറ്റയില്‍കൂടി ഉള്‍പ്പെടുത്തി ഊര്‍ജ്ജം കൂട്ടുന്നതുവഴി സാധിക്കും. വീനിങ്ങിനുശേഷം അമ്മപ്പന്നികളുടെ ഭാരം കണക്കാക്കുന്നത്‌ പ്രസവങ്ങള്‍ക്കിടയിലുള്ള ഭാരവര്‍ധന മനസ്സിലാക്കുന്നതിന്‌ സഹായിക്കും. ഗര്‍ഭകാലഘട്ടത്തില്‍ ആവശ്യമായ അളവില്‍ തീറ്റ കിട്ടുന്നതിന്‌ അവയെ ഗ്രൂപ്പുകളായി തിരിക്കുന്നതും നല്ലതാണ്‌.
 

പന്നിക്കുഞ്ഞുങ്ങളിലും വീനിങ്‌ നടത്തിയവയിലും സാധാരണയായി കണ്ടുവരുന്ന രോഗങ്ങള്‍


പന്നിക്കുഞ്ഞുങ്ങളുടെ വയറിളക്കം


പന്നിക്കുഞ്ഞുങ്ങളില്‍ തീറ്റരീതിക്കനുസരിച്ച്‌ കാഷ്‌ഠത്തിന്റെ നിലയിലും വ്യത്യാസമുണ്ടായിരിക്കുമെന്നതിനാല്‍ ചെറുകുടലിന്റെയോ വന്‍കുടലിന്റെയോ അസുഖം മൂലം കൂടുതല്‍ ജലാംശം ഉണ്ടാകുമ്പോള്‍ വയറിളക്കം ഉണ്ടാകും. ചെറുകുടലിനുണ്ടാകുന്ന അസുഖംമൂലം ഛര്‍ദ്ദി, മലത്തില്‍ രക്തം, ദഹിക്കാത്ത തീറ്റഭാഗങ്ങള്‍ എന്നിവയും അളവില്‍ കൂടുതല്‍ മലവും ഉണ്ടാകും. ഛര്‍ദ്ദി ചിലപ്പോള്‍ മാത്രമേ വന്‍കുടലിന്റെ അസുഖത്തില്‍ കാണുന്നുള്ളൂ. എന്നാലും രക്തം, കഥം എന്നിവ കലര്‍ന്ന കാഷ്‌ഠം ഇടയ്‌ക്കിടെ ഇടും. അതില്‍ കഫക്കെട്ടും കാണാം.
മിക്കപ്പോഴും രോഗചരിത്രം, ലക്ഷണങ്ങള്‍, മരണാന്തരപരിശോധനാഫലങ്ങള്‍ എന്നിവ ഉപയോഗിച്ച്‌ പന്നിക്കുഞ്ഞുങ്ങളിലെ വയറിളക്കത്തിന്റെ കാരണം കണ്ടെത്താന്‍ കഴിയും. എന്നാല്‍ പലപ്പോഴും ലക്ഷണങ്ങള്‍ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ സഹായകമാകുന്നില്ല. ഇതിനു കാരണം ഒരു രോഗകാരിക്കുതന്നെ പലതരം ലക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്നതും ഇതിനോടനുബന്ധിച്ച്‌ മറ്റു രോഗങ്ങള്‍ ഉണ്ടാകുന്നതാണ്‌. അതിനാല്‍ കഴിയുന്നത്ര രോഗവിവരങ്ങള്‍ ശേഖരിച്ചാലേ ഒരു നിഗമനത്തിലെത്താന്‍ സാധിക്കുകയുള്ളൂ.
ഒരു രോഗകാരി ഉണ്ട്‌ എന്ന ഒറ്റകാരണംകൊണ്ട്‌ ഒരു കൂട്ടത്തില്‍ രോഗം പ്രത്യക്ഷപ്പെടണമെന്നില്ല. ചുറ്റുപാടും മറ്റു പരിപാലനപ്രശ്‌നങ്ങളും വഴി ഇതിനുവേണ്ട ഒരു അന്തരീക്ഷം സൃഷ്‌ടിക്കുമ്പോഴാണ്‌ രോഗം തല പൊക്കുന്നത്‌. അതിനാല്‍ വയറിളക്കം തടയാന്‍ രോഗകാരികളായ അണുക്കളെ മാത്രം നശിപ്പിച്ചാല്‍ പോര നല്ല ചുറ്റുപാടും പരിപാലനരീതിയും കൂടി വേണം.
അമ്മപ്പന്നികളെ സാധാരണ വയറിളക്കം ഉണ്ടാക്കുന്ന മിക്ക രോഗാണുക്കളും ബാധിക്കുന്നില്ല. പന്നിക്കുഞ്ഞുങ്ങളുടെ വയറിളക്കത്തിന്‌ പ്രധാനകാരണങ്ങള്‍ പാലിന്റെ ലഭ്യതയും കൂട്ടിലെ അണുക്കള്‍ക്കുള്ള അനുകൂല അന്തരീക്ഷ ഊഷ്‌മാവുമാണ്‌.
കുട്ടിപന്നികള്‍ക്ക്‌ 330C എന്ന ഊഷ്‌മാവ്‌ വളരെ പ്രാധാന്യമുണ്ട്‌. അതായത്‌ 330 ഊഷ്‌മാവില്‍ അവയ്‌ക്ക്‌ ശരീരതാപനില നിലനിര്‍ത്താന്‍ അധികം ഊര്‍ജ്ജം ഉപയോഗിക്കേണ്ട ആവശ്യമില്ല. ഒരു പന്നിയുടെ അനുയോജ്യ അന്തരീക്ഷതാപം വായുവില്‍ക്കൂടിയുള്ള താപവിനിമയം, തറയില്‍ കൂടിയുള്ള താപവാഹനം. നനഞ്ഞ ഉപരിതലങ്ങളും ആര്‍ദ്രതയും മൂലമുള്ള ബാഷ്‌പീകരണം, ഭിത്തികളിലൂടെയും ജനാലകളിലൂടെയുമുള്ള താപസംവാഹനം എന്നിവയുടെ ഒരു സംയോജനമാണ്‌. തണുത്ത്‌ നനഞ്ഞ തറയും കിടപ്പുസ്ഥലവുമെല്ലാം ബാക്‌ടീരിയകള്‍ക്ക്‌ വളരാന്‍ അനുയോജ്യമായതും പന്നിക്കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി കുറയ്‌ക്കുന്നതുമായ ഒരു അന്തരീക്ഷം സൃഷ്‌ടിക്കും. ഇത്‌ രോഗം പ്രത്യക്ഷപ്പെടുന്നതിനിടയാക്കും.
 

പാലിന്റെ ദൗര്‍ലഭ്യം

ഇത്‌ പന്നിക്കുട്ടികളില്‍ വയറിളക്കത്തിന്റെ സാധ്യത കൂട്ടുന്നു. പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ ആന്റിബോഡീസും ശരീരതാപനില നിലനിര്‍ത്താനുള്ള ഊര്‍ജ്ജത്തിനും ആവശ്യത്തിന്‌ പാല്‍ കിട്ടേണ്ടതാണ്‌. പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ പാലിന്റെ ലഭ്യത കുറയുന്നു എന്ന കാര്യവും രോഗത്തിന്റെ തീവ്രത കൂട്ടുന്നു.
 

ചികില്‍സയും നിയന്ത്രണവും

വ്യവസായവല്‍ക്കരിക്കപ്പെട്ട ഫാമുകളില്‍ പതിവായി ഇ.കോളിക്കെതിരായി അമ്മപ്പന്നികള്‍ക്ക്‌ കുത്തിവയ്‌പെടുക്കാറുണ്ട്‌. എന്നിരുന്നാലും പ്രസവത്തിനു മുമ്പെടുക്കുന്ന പ്രതിരോധകുത്തിവയ്‌പിന്‌ ഫലംകിട്ടാന്‍ ആവശ്യത്തിന്‌ കൊളസ്‌ട്രവും പാലും പന്നിക്കുഞ്ഞിനു കൊടുക്കാറുണ്ടതാണ്‌.
അതിനാല്‍ കൊളസ്‌ട്രം ആവശ്യത്തിനു കൊടുക്കേണ്ടതാണ്‌. കൊളസ്‌ട്രത്തില്‍ ആന്റിബോജി ഉള്ളതിനാല്‍ ഇവ കുഞ്ഞുപന്നികളെ ആദ്യത്തെ കുറച്ച്‌ ആഴ്‌ചകളില്‍ സംരക്ഷിക്കുന്നു. ക്വാറന്റെയിന്‍ സമയത്ത്‌ കിട്ടുന്ന സ്വാഭാവിക പ്രതിരോധശക്തി സാധാരണ ഫാമില്‍ കാണുന്ന രോഗാണുക്കളില്‍നിന്ന്‌ പെണ്‍പന്നികളെ സംരക്ഷിക്കുന്നു. രോഗം തടയാനായി ഫാമില്‍ ശരിയായ വായുസഞ്ചാരം കൊടുക്കണം. ദിവസവും പതിവായി ശുചീകരണം നടത്തുക, കിടക്കുന്ന സ്ഥലം ഉണക്കി വൃത്തിയാക്കി സൂക്ഷിക്കുക എന്നിവ കൂടി ചെയ്യണം. ക്രീപ്പ്‌ സ്ഥലം ചൂടുള്ളതായി സൂക്ഷിക്കുന്നത്‌ പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ പ്രതിരോധശേഷി കൂട്ടുന്നതിന്‌ സഹായിക്കും.
ഇ.കോളി ഉണ്ടാക്കുന്ന വയറിളക്കമാണെങ്കില്‍ ഇരുമ്പ്‌ നല്‍കുന്നത്‌ തല്‍കാലം നിര്‍ത്തുക. ഈ ബാക്‌ടീരിയയുടെ വളര്‍ച്ചയ്‌ക്ക്‌ ഇരുമ്പ്‌ ആവശ്യമാണ്‌. അതിനാല്‍ ഇരുമ്പ്‌ നല്‍കുകയാണെങ്കില്‍ അത്‌ ബാക്‌ടീരിയയുടെ ഭക്ഷണമായി ഭവിക്കും.
ഇലിക്‌ട്രോലൈറ്റ്‌ കൊടുക്കുന്നത്‌ നിര്‍ജ്ജലീകരണം തടയുന്നതിന്‌ സഹായിക്കും. നിരവധി ഇലക്‌ട്രോലൈറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്‌. ചില സമയങ്ങളില്‍ ക്രിപ്പ്‌ ഫീഡ്‌ വയറിളക്കം ഉണ്ടാകാറുണ്ട്‌. അങ്ങനെയാണെങ്കില്‍ 1-3 ദിവസം ക്രിപ്പ്‌ ഫീഡ്‌ ഒഴിവാക്കുക.
അമ്മപ്പന്നിയുടെ ആര്‍ജ്ജവം പരിശോധിക്കുക. ചിലപ്പോള്‍ കുട്ടികളിലെ വയറിളക്കത്തിനു കാരണം അമ്മപ്പന്നിയുടെ രോഗാണുബാധയുള്ള പാല്‍ കുടിക്കുന്നതോ അല്ലെങ്കില്‍ പാലിന്റെ കുറവോ ആകാം. ഈ സന്ദര്‍ഭങ്ങളില്‍ പന്നിയെ പരിശോധിക്കുകയും കാരണം കണ്ടെത്തിയാല്‍ വളര്‍ത്തമ്മയെ ഉപയോഗിക്കുകയും ചെയ്യാം.
 

വീനിങ്‌ ചെയ്‌ത പന്നിക്കുട്ടികളിലെ വയറിളക്കം


പ്രായമുള്ള പന്നികളില്‍ കാണുന്ന വയറിളക്കം ഒരു രോഗത്തിന്റെ ലക്ഷണമോ ഭാഗമോ ആകാം. ലക്ഷണങ്ങള്‍ കാണുമ്പോള്‍തന്നെ രോഗം ശരീരത്തെ മുഴുവന്‍ ബാധിക്കുന്നതാണോ അല്ലെങ്കില്‍ ദഹനവ്യവസ്ഥയെ മാത്രം ബാധിക്കുന്നതാണോ അതോ ചെറുകുടലിനെയോ വന്‍കുടലിനെയോ അല്ലെങ്കില്‍ രണ്ടിനെയും കൂടിയോ ബാധിക്കുന്നതാണോ എന്ന്‌ കണ്ടുപിടിക്കേണ്ടതാണ്‌.
പന്നിക്കുഞ്ഞുങ്ങളുടെ ജീവിതത്തിലെ സമ്മര്‍ദ്ദമേറിയ ഘട്ടമാണ്‌ വീനിങ്‌. ആ സമയത്ത്‌ ഒരുപാട്‌ മാറ്റങ്ങള്‍ സംഭവിക്കുന്നു.
അമ്മയുടെ പാല്‍ കിട്ടുന്നില്ല. അതിലൂടെ ലഭിച്ചിരുന്ന ആന്റിബോഡിസിന്റെ സംരക്ഷണം നഷ്‌ടമാകുന്നു.
ഖരരൂപത്തിലുള്ള തീറ്റമാത്രമേ ലഭിക്കുന്നുള്ളൂ എന്നതിനാല്‍ പന്നിക്കുട്ടികളുടെ ദഹമവ്യൂഹം അതുമായി താദാത്മ്യം പ്രാപിക്കാന്‍ സമയമെടുക്കുന്നു.
അമ്മയില്‍നിന്ന്‌ വേര്‍തിരിക്കുന്നതുതന്നെ പലതരം സമ്മര്‍ദ്ദങ്ങള്‍ക്കും കാരണമാകും- കാരണം പന്നിക്കുട്ടികളെ മറ്റു പന്നികളുള്ള കൂട്ടിലേക്ക്‌ മാറ്റുന്നത്‌ സമ്മര്‍ദ്ദം കൂട്ടും.
സമ്മര്‍ദ്ദം ഏറിയ ഈ സന്ദര്‍ഭങ്ങളില്‍ പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ പെട്ടെന്ന്‌ വിധേയരായിത്തീരുന്നു.
 

അണുബാധമൂലമല്ലാത്ത വയറിളക്കം


ഇത്‌ പ്രധാനമായും തീറ്റ ആഗീരണം ചെയ്യാത്തതുമൂലമാണ്‌ സംഭവിക്കുന്നത്‌. വീനിങ്ങിന്റെ സമയത്തുള്ള സമ്മര്‍ദ്ദവും ഭക്ഷണത്തിലുള്ള പെട്ടെന്നുള്ള വ്യതിയാനവുമാണ്‌ കാരണം. ഈ സമ്മര്‍ദ്ദങ്ങള്‍ പന്നിയുടെ ശരീരത്തില്‍ ജൈവികമാറ്റങ്ങള്‍ ഉണ്ടാക്കുന്നു.
മലത്തില്‍ കൂടിയ അളവില്‍ കൊഴുപ്പും അന്നജവും കാണപ്പെടുന്നു. 
ചെറുകുടലിന്റെ ആവരണത്തിന്‌ നാശം സംഭവിക്കുന്നതുമൂലം ഭക്ഷണം ആഗീരണം ചെയ്യുന്നത്‌ തടയുന്നു. ഇത്‌ പ്രധാനമായും വീനിങ്ങിന്‌ 1-10 ദിവസങ്ങള്‍ക്കുശേഷമാണ്‌ കണ്ടുവരുന്നത്‌. ഇത്‌ ഇ.കോളിപോലുള്ള ബാക്‌ടീരിയകളുടെ ആക്രമണത്തിന്‌ കാരണമാകുന്നു. ഇതിന്റെ ഫലമായി ഭക്ഷണത്തിന്റെ ആഗീരണം നടക്കാത്തതുമൂലം നിര്‍ജ്ജലീകരണവും വയറിളക്കവും ഉണ്ടാകും. ഇത്തരം പന്നിക്കുഞ്ഞുങ്ങളുടെ കണ്ണുകള്‍ കുഴിഞ്ഞുതാഴ്‌ന്നുപോവുകയും ചെയ്യുന്നു.
 

നീര്‍ക്കെട്ട്‌ രോഗം


സാധാരണയായി ഒന്നോ രണ്ടോ പന്നിക്കുഞ്ഞുങ്ങളില്‍ മറ്റു യാതൊരു ലക്ഷണങ്ങളുമില്ലാത്ത മരണത്തോടെയാണു പ്രകടമാകുന്നത്‌. പന്നിക്കുഞ്ഞുങ്ങള്‍ ആരോഗ്യമുള്ളവരും വലിപ്പമുള്ളവരും ആയിരിക്കും. അമിതഭക്ഷണം അവരുടെ കുടലില്‍ പെട്ടെന്ന്‌ സമ്മര്‍ദ്ദമുണ്ടാകാനും അങ്ങനെ അമ്ലത്വത്തില്‍ വ്യതിയാനം വരികയും അത്‌ വിഷമുല്‍പ്പാദിപ്പിക്കുന്ന ബാക്‌ടീരിയകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
ഇത്തരം ബാക്‌ടീരിയ പുറപ്പെടുവിക്കുന്ന വിഷങ്ങള്‍ കലകളില്‍നിന്നുള്ള ജലം രക്തക്കുഴലിനു പുറത്തുവരാനും അങ്ങനെ കലകളില്‍ വെള്ളം അടിഞ്ഞുകൂടാനും കാരണമാകുന്നു. ഇതാണ്‌ നീര്‌ ആയി കാണുന്നത്‌. പ്രധാനമായും കണ്‍പോളകളിലും കഴുത്തിലും സ്വനതന്തുക്കളിലും ബാധിക്കുന്നുവെന്നതിനാല്‍ വീനേര്‍സ്‌ ഒരു പ്രത്യേക ശബ്‌ദം പുറപ്പെടുവിക്കുന്നു. തലച്ചോറില്‍ നീര്‌ വയ്‌ക്കുകയാണെങ്കില്‍ മുന്നോട്ടും പിറകോട്ടും ആടിക്കൊണ്ടുള്ള നടത്തം, വിറയല്‍ കാലിട്ടടിക്കുക, ബോധക്ഷയം എന്നീ ലക്ഷണങ്ങള്‍ കാണിക്കുന്ന പന്നിക്കുഞ്ഞുങ്ങള്‍ രക്ഷപ്പെടാറില്ല.
 

സന്ധിവാതം


പന്നികളിലെ മുടന്തിന്‌ ഒരു പ്രധാന കാരണമാണിത്‌. സന്ധികള്‍ക്കും അനുബന്ധകലകള്‍ക്കുമുണ്ടാകുന്ന അണുബാധമൂലമാണ്‌ ഇതുണ്ടാകുന്നത്‌. ബാക്‌ടീരിയ, മൈകോപ്ലാസ്‌മ എന്നിവയാണ്‌ രോഗഹേതു.
 

ബാക്‌ടീരിയമൂലമുള്ള സന്ധിവാതം

ഗുരുതരമായതും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതുമായ ഈ രോഗം 1-3 ആഴ്‌ച പ്രായമുള്ള പന്നികളില്‍ കണ്ടുവരുന്നു. പന്നികള്‍ അനുബന്ധരോഗംമൂലമാണ്‌ മരണമടയുന്നത്‌. സാധാരണയായി ചുറ്റുപാടുകളെയും കൈകാര്യം ചെയ്യുന്ന രീതിയെയും ആശ്രയിച്ചാണ്‌ ഈ രോഗം കണ്ടുവരുന്നത്‌. പൊക്കിള്‍ക്കൊടിയിലൂടെയും കാലിലും ത്വക്കിലും ഉള്ള ചെറിയ മുറിവുകളിലൂടെയുമാണ്‌ ബാക്‌ടീരിയ അകത്തുകടക്കുന്നത്‌.
അണുബാധയുണ്ടായാല്‍ പനി. പരുപരുത്ത രോമങ്ങള്‍, മന്ദത, മുടന്ത്‌ എന്നിവ കാണാം. രോഗം പുരോഗമിക്കുന്നതനുസരിച്ച്‌ പന്നിക്ക്‌ ഭാരനഷ്‌ടം, നീര്‍കെട്ട്‌ എന്നിവയും കാണാം. രോഗം ബാധിച്ച പന്നികളില്‍ വളര്‍ച്ച മുരടിക്കുകയും ജീവിതകാലം മുഴുവന്‍ വാതം ഉള്ളവയും ആയിരിക്കും. രോഗത്തിന്റെ ആദ്യഘട്ടത്തില്‍ പെനിസിലിന്‍ ഇഞ്ചക്‌ഷന്‍ ഉപകാരപ്രദമാണ്‌. അണുബാധ ദീര്‍ഘസ്ഥായി ആണെങ്കില്‍ ചികില്‍സയ്‌ക്കുള്ള പ്രതികരണം വളരെ മോശമായിരിക്കും.
 

മൈകോപ്ലസ്‌മല്‍ ആര്‍ത്രൈറ്റിസ്‌

ഇതിനു കാരണം പ്രധാനമായും രണ്ടുതരം മൈകോപ്ലാസ്‌മയാണ്‌. കഠിനമായ ഹ്രസ്വസ്ഥായിയാ ആര്‍ത്രൈറ്റിസ്‌ 10 ആഴ്‌ച കൂടുതല്‍ പ്രായമുള്ള പന്നികളിലാണ്‌ കണ്ടുവരുന്നത്‌. എന്നാല്‍ മറ്റ്‌ ചിലതരം മൈകോപ്ലാസ്‌മ ഹ്രസ്വസ്ഥായിയും ദീര്‍ഘസ്ഥായിയും ആയ സന്ധിവാതം മൂന്നു മുതല്‍ 10 വരെ ആഴ്‌ച പ്രായമുള്ള പന്നികളിലാണ്‌ രോഗം ഉണ്ടാക്കുന്നത്‌. പന്നികളുടെ സന്ധിവാതം ന്യൂമോണിയയുടെ അനുബന്ധരോഗമായാണ്‌ കാണപ്പെടുന്നത്‌. പരുത്ത രോഗമങ്ങളും മന്ദതയുമാണ്‌ നേരത്തേ പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍.
രോഗം പുരോഗമിക്കുന്നതിനനുസരിച്ച്‌ പന്നിക്ക്‌ വയറുവേദനയും നെഞ്ചുവേദനയും തുടങ്ങും. വലിഞ്ഞുപിടിക്കുന്ന ചലനങ്ങളോടെ മുന്‍പിന്‍ കാലുകള്‍ നീട്ടിയിരിക്കും. വിശപ്പില്ലായ്‌മ, ശ്വാസം കഴിക്കാനുള്ള പ്രയാസം, ചെറിയ ചൂട്‌ എന്നിവ മറ്റു ലക്ഷണങ്ങളാണ്‌. പന്നികള്‍ ചരിഞ്ഞുകിടക്കാതെ നെഞ്ചിന്മേല്‍ കിടക്കും. കൂടാതെ മുടന്തും സന്ധികള്‍ക്ക്‌ വീക്കവും വരും.
രോഗത്തിന്റെ ശരിയായ പരിപാലനം എന്നത്‌ പന്നികളില്‍ സമ്മര്‍ദ്ദം കുറയ്‌ക്കുകയും ന്യുമോണിയ, വയറിളക്കം എന്നിവമൂലമുള്ള സന്ധി വീക്കത്തിന്‌ കാരണമാകുന്ന അണുബാധ തടയുകയും ചെയ്യുക എന്നതാണ്‌.
 

പൊക്കിള്‍ക്കൊടിമൂലമുണ്ടാകുന്ന അണുബാധ

സ്‌ട്രോപ്‌റ്റോകോക്കസ്‌ ബാക്‌ടീരിയയാണ്‌ ഇതിനു നിദാനം. ആദ്യത്തെ ആഴ്‌ചകളില്‍ പന്നിക്കുഞ്ഞുങ്ങളുടെ മരണത്തിനിത്‌ കാരണമാക്കുന്നു. സാധാരണയായി അണുബാദ പ്രസവിച്ചു കുറച്ചുസമയത്തിനുള്ളില്‍തന്നെ പൊക്കില്‍ക്കൊടിയിലൂടെ പന്നിക്കുഞ്ഞിനുള്ളിലെത്തുന്നു. ചിലപ്പോള്‍ ഈ അണുബാധ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ മുറിവുകളിലൂടെയും ആകാം.
പന്നിക്കുഞ്ഞുങ്ങള്‍ ക്ഷീണിച്ച്‌ മരണപ്പെടുന്നു. ചില രോഗംബാധിച്ച പന്നികള്‍ ജീവിക്കുമെങ്കിലും രോഗലക്ഷണങ്ങള്‍ പിന്നീടേ കാണിക്കുന്നുള്ളൂ. പഴുപ്പോടുകൂടിയ വീക്കമാണ്‌ ആദ്യം കാണുന്ന ലക്ഷണം. പിന്നീട്‌ വിശപ്പില്ലായ്‌മ, വയറിളക്കം, ഭാരനഷ്‌ടം. ഉയര്‍ന്ന പനി, മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ എന്നിവ കാണിക്കും.
നടക്കാന്‍ പറ്റാത്തവിധം വീര്‍ത്ത സന്ധികള്‍, വിഷബാധ എന്നിവ രോഗം പുരോഗമിക്കുമ്പോള്‍ പ്രത്യക്ഷപ്പെടുന്നു. പ്രതിരോധശേഷി കുറയുന്നത്‌ ന്യുമോണിയയ്‌ക്ക്‌ സാധ്യത കൂട്ടും.
പ്രസവക്കൂട്ടില്‍ നല്ല ശുചിത്വം പാലിക്കുന്നത്‌ ഇത്‌ തടയാന്‍ സഹായിക്കും. പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റി ഒരു അണുനാശിനി ഉപയോഗിച്ചു തുടയ്‌ക്കുന്നത്‌ നന്നായിരിക്കും. പ്രസവക്കൂട്‌ ഉണക്കമുള്ളതും ചെറുചൂടുള്ളതും ആവശ്യത്തിന്‌ വായുസഞ്ചാരമുള്ളതുമായിരിക്കണം. രോഗത്തിന്റെ ആദ്യഘട്ടത്തില്‍ പെനിസിലിന്‍, സ്‌ട്രെപ്‌റ്റോമൈസിന്‍ എന്നീ മരുന്നുകള്‍ ഉപയോഗിക്കാം. പക്ഷേ, രോഗം പൂര്‍ണ്ണമായും ബാധിച്ചാല്‍ പിന്നെ തിരിച്ചു വരവ്‌ സാധ്യമല്ല.
 

മെനിഞ്ചൈറ്റിസ്‌ (മെനിഞ്ചസിന്റെ അണുബാധ)


ഈ രോഗത്തില്‍ പന്നിക്കുഞ്ഞുങ്ങളെ അനക്കമില്ലാതെയോ അണ്ഡരായോ കാണാം. ചിലപ്പോള്‍ അവ വിറയല്‍ കാണിച്ചു മരണപ്പെടുന്നു. രോഗ കാരണം സ്‌ട്രെപ്‌റ്റോകോക്കസ്‌ ബാക്‌ടീരിയ ആണ്‌. വീനിങ്‌ കഴിഞ്ഞ പന്നിക്കുഞ്ഞുങ്ങള്‍ രോഗം മൂലം മരണപ്പെടുന്നില്ലെങ്കില്‍ 40.60 C -41.70 C വരെ പനിയുണ്ടാക്കും. വിറയല്‍, തളര്‍ച്ച, കാലിട്ടടിക്കുക, നടുവളച്ചുപിടിക്കുക എന്നീ ലക്ഷണങ്ങള്‍ മരണത്തിനുമുമ്പേ കാണാം. ലക്ഷണങ്ങള്‍ ബാധിച്ച പന്നികലെ അവയുടെ തുറിച്ചുള്ള നോട്ടം, നിയന്ത്രണമില്ലാത്ത നടത്തം എന്നിവ കണ്ടാല്‍ മനസ്സിലാക്കാന്‍ സാധിക്കും.
 

വിറയല്‍ രോഗം


നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളുടെ ഫലമായാണ്‌ ഇത്‌ കാണുന്നത്‌. പ്രസവത്തിനുശേഷം പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ വിറയല്‍ കാരണം പാലു കുടിക്കാന്‍ കഴിയാതെ വരുന്നു. അതിനാല്‍ മരണം പട്ടിണിമൂലമായിരിക്കും. ഈ രോഗത്തിന്റെ മറ്റ്‌ കാരണങ്ങള്‍ ഇവയാണ്‌.
1. ഹോഗ്‌ കോളറയും സ്യൂഡോറാബീസും മൂലം ഗര്‍ഭകാലത്തും മുലകുടിക്കുന്ന സമയത്തും പന്നിക്കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന അണുബാധ.
2. ലിംഗപരമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ പാരമ്പര്യപ്രശ്‌നങ്ങള്‍
3. അമ്മപ്പന്നിക്ക്‌ ഗര്‍ഭകാലത്തുണ്ടാകുന്ന വിഷബാധ
4. രക്തത്തില്‍ കാല്‍സ്യത്തിന്റെയോ ഗ്ലൂക്കോസിന്റെയോ കുരവ്‌.
6. ടെറ്റനസ്‌
സ്വയം നിയന്ത്രിക്കപ്പെടുന്ന പേശികള്‍ക്കുണ്ടാകുന്ന അനിയന്ത്രിതമായ കോച്ചിവലിയാണ്‌ ടെറ്റനസിന്റെ പ്രധാന ലക്ഷണം. ക്ലോസ്‌ട്രിഡിയം ടെറ്റനിയാണ്‌ രോഗകാരി. മണ്ണില്‍ കാണപ്പെടുന്ന ബാക്‌ടീരിയയ്‌ക്ക്‌ ദീര്‍ഘകാലം ജീവിക്കാന്‍ സാധിക്കുന്നു. എല്ലാ പ്രായത്തില്‍പ്പെട്ട പന്നികളെയും ഇത്‌ ബാധിക്കുന്നു. എന്നാലും ചെറുപ്രായത്തിലുള്ള പന്നികളെയാണ്‌ കൂടുതല്‍ ബാധിക്കുന്നത്‌. ഇവയ്‌ക്ക്‌ ശരീരത്തിലെ മുറിവിലൂടെയും പൊക്കിള്‍ക്കൊടിയിലൂടെയുമാണ്‌ പ്രധാനമായും അണുബാധയുണ്ടാകുന്നത്‌.
ബാക്‌ടീരിയകള്‍ സാധാരണയായി മുറിവില്‍ക്കൂടി ശരീരത്തില്‍ കയറുന്നു. ഈ രോഗത്തിന്റെ ഇന്‍കുബേഷന്‍ കാലം ശരാശരി 10-14 ദിവസമാണ്‌. വഴങ്ങാത്ത നടത്തമാണ്‌ ആദ്യലക്ഷണം. രോഗം പുരോഗമിക്കുമ്പോള്‍ പേശികള്‍ക്ക്‌ കോച്ചിവലിയുണ്ടാകുന്നു. ഉയര്‍ത്തിപ്പിടിച്ച തല, നടക്കാനുള്ള വിഷമം, നീട്ടിപ്പിടിച്ചവാല്‍ എന്നിവയാണ്‌ മറ്റു ലക്ഷണങ്ങള്‍. രോഗം പെട്ടെന്നു തീവ്രമാകുന്നു. പിന്നീട്‌ കഠിനമായ ഞരമ്പുവലി, ഉയര്‍ന്ന ശ്വസനനിരക്ക്‌, വായില്‍നിന്നും പത വരുക എന്നിവ കാണാം. ശ്വസനത്തിനു സഹായിക്കുന്ന പേശികള്‍ക്ക്‌ ബലക്ഷയം സംഭവിക്കുന്നതിനാല്‍ ശ്വാസതടസ്സം മൂലമാണ്‌ മരണം സംഭവിക്കുന്നത്‌.
ടെറ്റനസ്‌ ബാധയില്‍ പ്രതിരോധത്തിനും ശുചിത്വത്തിനും മുറിവുകളുടെ ചികില്‍സയ്‌ക്കും ഊന്നല്‍ നല്‍കുന്നു. ടെറ്റനസ്‌ ടോക്‌സായിഡ്‌ (ടി.ടി.) ഉപയോഗിച്ച്‌ പ്രതിരോധിക്കാന്‍ കഴിയും. ചികില്‍സയ്‌ക്കായി ആന്റിബയോട്ടിക്കുകള്‍, ടെറ്റനസ്‌ ആന്റിടോക്‌സിന്‍, പെന്‍സിലിന്‍, ടെട്രാസൈക്ലിന്‍ എന്നിവ ഉപയോഗിക്കാം.
 

ഗ്രീസ്‌ പന്നിരോഗം


സ്റ്റെഫൈലോകോക്കസ്‌ ബാക്‌ടീരിയ തൊലിപ്പുറത്തുണ്ടാക്കുന്ന ഒരു അസുഖമാണിത്‌. ആദ്യം തൊലി ചുവന്നുതുടങ്ങുകയും പിന്നീട്‌ നനവുള്ളതായും പൊറ്റപിടിച്ചും കാണുന്നു. തലയില്‍നിന്നും തുടങ്ങിയ ഇത്‌ ശരീരം മുഴുവന്‍ പടരുന്നു. ഇതിന്‌ മെയ്‌ഞ്ചിനോടു സാദൃശ്യം തോന്നുമെങ്കിലും പൊറ്റകള്‍ പെട്ടെന്ന്‌ ഇളക്കിക്കളയാന്‍ സാധിക്കും. അതിനു താഴെയുള്ള തൊലി നനഞ്ഞും പരന്നും ചുവന്നുമിരിക്കും. ഇതില്‍ ചൊറിച്ചില്‍ സാധാരണമല്ല.
രോഗം വരുന്നത്‌ തടയുന്നതാണ്‌ ഏറ്റവും നല്ലത്‌. കുഞ്ഞുങ്ങളുടെ കൂടും പ്രസവക്കൂടും ദിവസവും വൃത്തിയാക്കുക. ചൂടുള്ളതും ഉണങ്ങിയതുമായ അന്തരീക്ഷം പ്രദാനം ചെയ്യുക, പേനോ മെയ്‌ഞ്ചോ കാണുകയാണെങ്കില്‍ ശരിയായ നിയന്ത്രണരീതി അവലംബിക്കണം. നേരത്തേ കണ്ടുപിടിക്കുകയാണെങ്കില്‍ വിജയകരമായി ഈ രോഗം ചികില്‍സിച്ചു മാറ്റാം. പെനിസിലിന്‍ അല്ലെങ്കില്‍ ടെട്രാസൈക്ലിന്‍ ഇന്‍ജക്‌ഷന്‍ 3-4 ദിവസം കൊടുക്കുന്നത്‌ രോഗത്തിന്റെ ആദ്യഘട്ടത്തില്‍ ഉപകരിക്കും. രോഗം പടര്‍ന്നുകഴിയുകയാണെങ്കില്‍ പന്നിയെ സോപ്പും വെള്ളവും അണുനാശിനിയും ഉപയോഗിച്ച്‌ കുളിപ്പിക്കുക.
 

പിറ്റൈറിയാസിസ്‌ റോസിയസുയിസ്‌


ഇത്‌ ഒറ്റ പന്നിയിലോ ഒരു ലിറ്ററില്‍ മുഴുവനോ കാണാം. സാധാരണയായി ഒരു ലിറ്ററില്‍ 2-3 പന്നിക്കുഞ്ഞുങ്ങളെയാണ്‌ ബാധിക്കുന്നത്‌. 2-4 ആഴ്‌ച പ്രായമുള്ളപ്പോള്‍ ആണ്‌ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്‌. വയര്‍ തുടകള്‍ എന്നിവിടങ്ങളില്‍ 2-3 സെ.മീ. വിസ്‌താരമുള്ള ചുവന്ന പാടുകളായി തുടങ്ങുന്നു. പിന്നീട്‌ അത്‌ പടര്‍ന്ന്‌ ചുവന്ന വലിയ വട്ടങ്ങളായി മാറുന്നു. മധ്യഭാഗത്ത്‌ രോഗബാധയുണ്ടാവില്ല.
ചെതുമ്പലുകളുടെ അഗ്രം പിന്നീട്‌ പുറത്തോട്ടു വളരുകയും അങ്ങനെ വളയങ്ങളായി തടിച്ച്‌ പൊങ്ങുകയും ചെയ്യുന്നു. മധ്യഭാഗത്തെ ചെതുമ്പലുകള്‍ ഇല്ലാതാക്കുന്നു. ഇത്‌ മുഴുവന്‍ ശരീരത്തിലും പടരുന്നു. ഒന്നില്‍ കൂടുതല്‍ പന്നികളെ ബാധിക്കുമെങ്കിലും അവ ആരോഗ്യമുള്ളവരായിരിക്കും. 2-3 മാസത്തിനുള്ളില്‍ ത്വക്ക്‌ പൂര്‍വ്വസ്ഥിതിയിലെത്തും.
രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍പോലും ചൊറിച്ചില്‍ അനുഭവപ്പെടുന്നില്ല. ഇത്‌ പലപ്പോഴും വട്ടച്ചൊറിയുമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌.
 

വട്ടച്ചൊറി


ഡെര്‍മറ്റോമൈകോസിസ്‌ എന്നും ഇത്‌ അറിയപ്പെടുന്നു. ഇതൊരു ഫംഗസ്‌ രോഗമാണ്‌. ചുവന്ന ചെതുമ്പലുകളും ചെറിയ കുമിളകളുമായാണ്‌ തുടങ്ങുന്നത്‌. പിന്നീട്‌ ചെതുമ്പലുകള്‍ ബ്രൗണ്‍ അല്ലെങ്കില്‍ ചുവന്ന നിറത്തില്‍ അഗ്രം ഉയര്‍ന്ന്‌ കാണുന്നു. ചെതുമ്പലുകള്‍ വൃത്താകൃതിയില്‍ പടര്‍ന്ന്‌ മറ്റു ഭാഗത്തേക്ക്‌ വ്യാപിക്കുന്നു. ബീറ്റാഡിന്‍, കുമിള്‍നാശിനികള്‍ എന്നിവ ഉപയോഗിച്ചു ചികില്‍സിക്കാം, ഏറ്റവും നല്ല പ്രതിരോധമാര്‍ഗ്ഗം ശുചിത്വമാണ്‌.
 

വളരുന്ന പന്നികളില്‍ കണ്ടുവരുന്ന ശ്വാസകോശരോഗങ്ങള്‍


പന്നിവ്യവസായത്തെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ്‌ പന്നികള്‍ക്ക്‌ പകരുന്ന ശ്വാസകോശരോഗങ്ങള്‍. വൈറസ്‌, ബാക്‌ടീരിയ എന്നിവയാണ്‌ രോഗമുണ്ടാക്കുന്നത്‌.
 

ന്യുമോണിയ


ന്യുമോണിയ ബാധിച്ച പന്നിയുടെ ശ്വാസകോശത്തില്‍നിന്നും പലതരം സൂക്ഷ്‌മാണുക്കളെയും വേര്‍തിരിച്ചെടുത്തിട്ടുണ്ടെങ്കിലും ഒരു രോഗം വരാന്‍ സാധ്യതയുള്ള മൃഗത്തില്‍ കുത്തിവെച്ചാല്‍ ന്യുമോണിയ ഉണ്ടാക്കാന്‍ കഴിയുന്നവ വളരെ കുറച്ചേയുള്ളൂ.
പന്നികള്‍ ഒരു കൂട്ടം സൂക്ഷ്‌മാണുക്കള്‍ക്ക്‌ വിധേയരാകുകയും പരിസ്ഥിതിയും സമ്മര്‍ദ്ദവും പന്നിയുടെ പ്രതിരോധശേഷി കുറയ്‌ക്കുകയും ചെയ്യുമ്പോഴാണ്‌ ന്യുമോണിയ ഉണ്ടാകുന്നത്‌. ന്യുമോണിയ ഉണ്ടാക്കുന്ന രോഗകാരികള്‍ എല്ലാ ഫാമിലും ഉണ്ടെങ്കിലും ചില ഫാമുകളില്‍ രോഗം തീവ്രവവും മറ്റു ചിലതില്‍ വളരെ തീവ്രത കുറഞ്ഞതുമാകാന്‍ കാരണം അവിടങ്ങിലെ ചുറ്റുപാട്‌ ആണ്‌.

 

  • ഫാം രീതി

ഫാമിനടുത്തുതന്നെ പന്നികളെ ഉല്‍പ്പാദിപ്പിക്കുന്ന ഫാമുകളില്‍ ദൂരെനിന്നും പന്നികളെ വാങ്ങിക്കുന്ന ഫാമുകളിലെക്കാള്‍ ന്യുമോണിയ സാധ്യത കുറവായിരിക്കും. കാരണം പുറത്തുനിന്നും ഇറച്ചിക്കായുള്ള പന്നികളെ വാങ്ങുന്നവയില്‍ പന്നികള്‍ക്ക്‌ വ്യത്യസ്‌ത അളവിലുള്ള പ്രതിരോധശക്തിയും അണുബാധയും ഉണ്ടാകും. അതുകൊണ്ടുതന്നെ ഫാമിനാവശ്യമായ പന്നിക്കുഞ്ഞുങ്ങളെ അവിടെത്തന്നെ വളര്‍ത്തുന്ന സാഹചര്യത്തില്‍ രോഗം കുറവായിരിക്കും.
 

  • ഫാമിന്റെ വലിപ്പം

ഫാമിന്റെ വലിപ്പ വര്‍ധനയ്‌ക്കനുസരിച്ച്‌ ന്യുമോണിയ ബാധിച്ച പന്നികളുടെ ശതമാനം വര്‍ധിക്കും. കൂടാതെ വലിയ ഒരു കൂട്ടത്തിലേക്ക്‌ എപ്പോഴും പന്നികള്‍ വന്നുകൊണ്ടിരിക്കുന്നതിനാല്‍ അത്തരം കൂട്ടത്തിന്‌ പ്രതിരോധശേഷി ഉണ്ടാകുന്നില്ല. അതുകൊണ്ട്‌ ഇടയ്‌ക്കിടെ പന്നികളെ പുറത്തുനിന്ന്‌ കൊണ്ടുവരുന്ന വലിയ ഫാമുകളില്‍ ശ്വാസകോശരോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നു.
ഒരു ബില്‍ഡിങ്ങില്‍ ഉള്‍ക്കൊള്ളാവുന്ന പന്നികളുടെ എണ്ണം വായുവില്‍ കൂടിയും സ്‌പര്‍ശംമൂലവുമാണ്‌ ന്യൂമോണിയ പകരുന്നത്‌. അതിനാല്‍ മൃഗങ്ങള്‍ പരസ്‌പരം അടുത്തുവരുന്നത്‌ രോഗസാധ്യതയും കൂടുന്നു. കുറച്ചു പന്നികളുള്ള കെട്ടിടത്തിനെക്കാള്‍ കൂടുതല്‍ പന്നികളുള്ള കെട്ടിടത്തിലായിരിക്കും രോഗസാധ്യത കൂടുതല്‍.
വ്യക്തിഗതസ്ഥലസൗകര്യം: കുറച്ചു സ്ഥലത്ത്‌ താമസിക്കുന്ന പന്നികള്‍ പരസ്‌പരം വളരെ അടുത്തായിരിക്കും എന്നതിനാല്‍ രോഗാണുക്കളുടെ വ്യാപനം കൂടും. കൂടാതെ പന്നികള്‍ തമ്മില്‍ കടിക്കാനും തിന്നാനും വിസര്‍ജ്ജനത്തിനും സ്ഥലത്തിനും മല്‍സരം നടക്കുന്നതുമൂലമുള്ള സമ്മര്‍ദ്ദവും കൂടുമ്പോള്‍ രോഗസാധ്യത വര്‍ധിക്കുന്നു.
 

  • വായുസഞ്ചാരം

കൂടുകളില്‍ വളര്‍ത്തുന്ന പന്നികള്‍ക്ക്‌ ആവശ്യത്തിന്‌ വായുസഞ്ചാരം ലഭിക്കണം.
 

  • താപനില

ക്രിട്ടിക്കല്‍ ഊഷ്‌മാവിന്‌ താഴെയാണ്‌ താപനിലയെങ്കില്‍ പന്നികള്‍ക്ക്‌ ന്യൂമോണിയ വരാന്‍ സാധ്യത കൂടും.
 

  • അമോണിയ

അമോണിയ സ്വസനവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും പന്നികള്‍ക്ക്‌ അസുഖമുണ്ടാക്കുകയും ചെയ്യുന്നു. 100-150 പി.പി.എം. അമോണിയയുള്ള കൂട്ടില്‍ 5 ആഴ്‌ച താമസിപ്പിച്ചാല്‍ പന്നികള്‍ക്ക്‌ മൂക്കില്‍നിന്നും കണ്ണില്‍നിന്നും വായില്‍നിന്നും വെള്ളംവരും.
 

  • പരാദങ്ങള്‍

ചില വിരകളുടെ ലാര്‍വകള്‍ പന്നികളില്‍ ന്യുമോണിയ ഉണ്ടാക്കുന്നു. മെയ്‌ഞ്ചും ന്യുമോണിയയ്‌ക്ക്‌ കാരണമാകാം. മെയ്‌ഞ്ചിന്‌ ചികില്‍സ നടത്താത്ത കാലത്തോളം വയറിളക്കവും ചുമയും മാറാത്തതായി അനുഭവങ്ങളുണ്ട്‌.
 

രോഗലക്ഷണങ്ങള്‍

കടുത്ത പനിയും തീറ്റയെടുക്കുന്നതില്‍ കുറവുമാണ്‌ ലക്ഷണങ്ങള്‍. കടുത്ത ശ്വാസതടസ്സം പെട്ടെന്നുള്ള മരണത്തിനു കാരണമാകുന്നു. ചിലപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കും. മരണത്തിനുമുമ്പോ ശേഷമോ മൂക്കില്‍നിന്നോ വായില്‍നിന്നോ രക്തം കലര്‍ന്ന പത വരും.


രോഗത്തിന്‌ സഹായിക്കുന്ന മറ്റ്‌ കാരണങ്ങള്‍


1. വരള്‍ച്ച
2. പന്നികളെ കൂട്ടത്തില്‍ കലര്‍ത്തുക, പുതിയ ഗ്രൂപ്പുണ്ടാക്കുക.
3. വ്യത്യസ്‌ത ഫാമുകളില്‍നിന്നുള്ള ഇറച്ചിപ്പന്നികളെ കൂട്ടമായി വളര്‍ത്തുക
4. കൂട്ടില്‍ അണുക്കളുടെ സാമീപ്യം
5. പന്നികള്‍ക്കുള്ള അമിതവണ്ണം


നിയന്ത്രണമാര്‍ഗ്ഗങ്ങള്‍


വിശപ്പില്ലായ്‌മ, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്‌, മന്ദത, പട്ടയെപ്പോലെ ഇരിക്കുക എന്നീ ലക്ഷണങ്ങള്‍ കാണിക്കുന്ന പന്നികള്‍ക്ക്‌ ആന്റിബയോട്ടിക്‌ ഇന്‍ജക്‌ഷന്‍ നല്‍കുക. അസുഖം മാറുന്നതുവരെ ദിവസവും രണ്ടുനേരം ഇന്‍ജക്‌ഷന്‍ നല്‍കണം. ഈ മാര്‍ഗ്ഗം കൂടുതല്‍ സമയമെടുക്കുന്നതും ജോലി ഭാരമുള്ളതും ചെലവേഴിയതുമാണ്‌. കുടിവെള്ളത്തില്‍ മരുന്നു കലക്കി നല്‍കുന്നത്‌ കൂടുതല്‍ ഫലപ്രദമാണ്‌. കൂടുതല്‍ മൃഗങ്ങളെ കാര്യമായി ബാധിക്കുകയാണെങ്കില്‍ തീറ്റയില്‍ ആന്റിബയോട്ടിക്‌സ്‌ നല്‍കുന്നതു കൊണ്ടു കാര്യമില്ല. കൂടാതെ രോഗാണുവിനെ നശിപ്പിക്കത്തക്ക അളവ്‌ ആന്റിബയോട്ടിക്‌ രക്തത്തില്‍ കൈവരിക്കുന്നത്‌ തീറ്റയില്‍ നല്‍കുന്ന ആന്റിബയോട്ടിക്കുകള്‍ക്ക്‌ കഴിയില്ല.
 

പന്നിഫ്‌ളൂ
വൈറസാണ്‌ രോഗകാരി. ഇന്‍ക്യുബേഷന്‍ കാലം 1-3 ദിവസമോ ചിലപ്പോള്‍ 4 മണിക്കൂര്‍ മാത്രമോ ആകാം.
രോഗലക്ഷണങ്ങള്‍: എല്ലാ പ്രായത്തിലുള്ളവയെയും ബാധിക്കുമെങ്കിലും വളരുന്നവയിലും ഇറച്ചിപ്പന്നികളിലുമാണ്‌ കൂടുതലായും കാണപ്പെടുന്നത്‌.
വൈറസ്‌ ബാധയ്‌ക്കുശേഷം 1-3 ദിവസത്തിനുള്ളില്‍ രോഗം പ്രത്യക്ഷപ്പെടുന്നു. ഇറച്ചിക്കായി വളര്‍ത്തുന്ന പന്നികള്‍ക്ക്‌ തുമ്മല്‍, മൂക്കൊലിപ്പ്‌, കണ്ണീരൊലിപ്പ്‌, ചുമ എന്നിവയോടുകൂടി പുറം വളഞ്ഞിരിക്കും. പന്നികള്‍ ഒരുമിച്ചുകൂടി നില്‍ക്കുന്നു. ബല പ്രയോഗിച്ചു നടത്താന്‍ ശ്രമിച്ചാല്‍ അവ കഠിനമായ ശ്വാസതടസ്സങ്ങള്‍ കാണിക്കും. പനി 420C വരെയെത്താം. ഇത്‌ അലസതയ്‌ക്കും മന്ദത, വിശപ്പില്ലായ്‌മ എന്നിവയ്‌ക്കും തല്‍ഫലമായി ഭാരനഷ്‌ടത്തിനും കാരണമാകും. തിരിച്ചുവരവ്‌ പെട്ടെന്നായിരിക്കും. രോഗം പ്രത്യക്ഷപ്പെട്ട 7 ദിവസത്തിനുള്ളില്‍ മരണം വളരെ കുറവായിരിക്കും (1%).
 

സമ്മര്‍ദ്ദമുണ്ടാക്കുന്ന ഘടകങ്ങള്‍


1. യാത്ര
2. വ്യത്യസ്‌ത പന്നികളെ ഒന്നിച്ചിടുക
3. രോഗം ബാധിച്ചവയെ മാറ്റിയിടാതിരിക്കുക
4. വ്യത്യസ്‌തമായ ദൈനംദിന അന്തരീക്ഷചൂട്‌
5. കൂട്ടില്‍ അമിത എണ്ണം പന്നികള്‍
 

ചികില്‍സ

അനുബന്ധരോഗങ്ങള്‍ തടയാന്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാം (ഉദാ. കുരളടപ്പന്‍). വെള്ളത്തിലൂടെയോ ഇന്‍ജക്‌ഷനായോ ആന്റിബയോട്ടിക്കുകള്‍ നല്‍കാവുന്നതാണ്‌. രോഗം ബാധിച്ച പന്നികള്‍ക്ക്‌ വിശപ്പില്ലാത്തതിനാല്‍ തീറ്റയില്‍ മരുന്നു നല്‍കാന്‍ പറ്റില്ല.
 

അട്രോഫിക്‌ റൈനൈറ്റിസ്‌


പാസ്‌പുറെല്ല മള്‍ട്ടോസിഡ എന്ന ബാക്‌ടീരിയ ഉണ്ടാക്കുന്ന വിഷമാണ്‌ ഈ രോഗത്തിനു കാരണം. മൂക്കിലെ കോശങ്ങളില്‍ ഈ ബാക്‌ടീരിയ അള്ളിപ്പിടിച്ച്‌ ടര്‍ബിനേറ്റുകളുടെ നാശത്തിനിടയാക്കുകയും അങ്ങനെ മൂക്ക്‌ വളഞ്ഞുപോവുകയും ചെയ്യുന്നു. പൊടിപടലങ്ങള്‍, തണുത്ത കാറ്റ്‌ എന്നിവ ബാക്‌ടീരിയയെ മൂക്കില്‍ പെരുകാന്‍ സഹായിക്കുന്നു.
തള്ളപ്പന്നികളില്‍നിന്ന്‌ പന്നിക്കുഞ്ഞുങ്ങളിലേക്ക്‌ ഈ രോഗം പകരാം. പക്ഷേ, 3 ആഴ്‌ച പ്രായത്തിനുശേഷം ഒരു പന്നിയില്‍നിന്ന്‌ മറ്റൊന്നിലേക്ക്‌ ഇത്‌ വെള്ളത്തുള്ളികളിലൂടെയാണ്‌ പകരുന്നത്‌.
 

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍


ആന്റിബയോട്ടിക്കുകള്‍: ആദ്യമായി ടെസ്റ്റ്‌ നടത്തി ഏത്‌ മരുന്നിനാണ്‌ ബാക്‌ടീരിയ കൂടുതല്‍ സെന്‍സിറ്റീവ്‌ എന്ന്‌ കണ്ടെത്തണം. അമ്മയില്‍നിന്ന്‌ കുഞ്ഞുങ്ങളിലേക്ക്‌ പകരുന്നത്‌ തടയാന്‍ ഗര്‍ഭത്തിന്റെ അവസാനമാസത്തില്‍ ഓക്‌സിടെട്രസൈക്ലിനോ സല്‍ഫൊണാമൈഡോ നല്‍കാം. കൂടാതെ 21-28 ദിവസ പ്രായത്തില്‍ മൂന്നോ നാലോ ആന്റിബയോട്ടിക്‌ ഇന്‍ജക്‌ഷനുകള്‍ നല്‍കാവുന്നതാണ്‌.
വാക്‌സിനേഷന്‍: പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കാന്‍ വാക്‌സിനേഷനും നല്‍കാം. ഇതില്‍ ശരിയായ ടോക്‌സിന്‍ ഉപയോഗിച്ച്‌ പ്രസവത്തിനുമുമ്പ്‌ തള്ളപ്പന്നിയെ വാക്‌സിനേറ്റ്‌ ചെയ്യണം. ബാക്‌ടീരിയ ബാധിക്കുന്നതിന്‌ രണ്ടാഴ്‌ച മുമ്പ്‌ നല്‍കേണ്ടതാണ്‌.
 

ബാഹ്യപരാദങ്ങള്‍


മെയ്‌ഞ്ച്‌ (മണ്‌ഡരി) സാര്‍കോപ്‌റ്റിസ്‌ സ്‌കാബീ എന്ന മൈറ്റ്‌ ഉണ്ടാകുന്ന രോഗമാണിത്‌. ഈ മൈറ്റുകള്‍ ത്വക്കിനടിയില്‍ വളരെ ഉള്ളിലേക്ക്‌ ടണലുകള്‍ കുഴിച്ച്‌ മുട്ടയിടുന്നു. അഞ്ചു ദിവസത്തിനുള്ളില്‍ മുട്ട വിരിഞ്ഞ്‌ ലാര്‍വ പുറത്തുവരുന്നു. ഇത്‌ പിന്നീട്‌ നിംഫുകളായശേഷം പൂര്‍ണ്ണവളര്‍ച്ചയെത്തുന്നു. മുട്ടയില്‍നിന്നും പൂര്‍ണ്ണവളര്‍ച്ചയെത്തിയ പെണ്‍മൈറ്റാകാന്‍ 10-15 ദിവസം വേണ്ടിവരും. ആര്‍ദ്രത കൂടുതലുള്ള അന്തരീക്ഷത്തില്‍ പന്നിയുടെ ശരീരത്തിലല്ലാതെ ഇവയ്‌ക്ക്‌ നാലാഴ്‌ചയോളം ജീവിക്കാന്‍ സാധിക്കും. വരണ്ട കാലാവസ്ഥയ്‌ക്കും വെയിലിനും അവയെ രണ്ടു ദിവസത്തിനുള്ളില്‍ നശിപ്പിക്കാന്‍ കഴിയും. ചെവി, കാലിനിടയിലുള്ള ഭാഗം, വയറ്‌, കഴുത്ത്‌ തുടങ്ങി ചൂടുള്ള ഭാഗങ്ങളില്‍ തുടങ്ങുന്ന രോഗം പിന്നീട്‌ മുഴുവന്‍ ശരീരത്തെയും ബാധിക്കുന്നു.
അസ്വസ്ഥയും ചൊറിച്ചിലുമാണ്‌ ആദ്യ ലക്ഷണങ്ങള്‍. ആദ്യം ചുവന്ന കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നു. പിന്നീട്‌ അത്‌ പൊറ്റകളും പൊതുമ്പലുകളുമായി മാറുന്നു. കുറച്ചു കഴിയുമ്പോള്‍ ത്വക്ക്‌ പരുപരുത്ത്‌ ചെതുമ്പലുകള്‍ കൊണ്ട്‌ പൊതിഞ്ഞിരിക്കും.


മൈറ്റ്‌ ബാധിച്ചാലുണ്ടാകുന്ന അപകടങ്ങള്‍


1. അമ്മയില്‍നിന്ന്‌ കുഞ്ഞുങ്ങളിലേക്ക്‌ ഈ രോഗം പകരും.
2. ലിറ്ററില്‍നിന്നോ കൂട്ടില്‍നിന്നോ രോഗം മറ്റുള്ളതിലേക്ക്‌ പകരും
3. ഉണങ്ങാത്ത വ്രണങ്ങള്‍ സൃഷ്‌ടിക്കും.
4. ഈച്ചശല്യവും വ്രണങ്ങളില്‍ പുഴുബാധയുമുണ്ടാക്കും.
കൂടാതെ മൈറ്റ്‌ബാധ പന്നികളുടെ ശരീരഭാരം കൂടുന്നതിന്റെ തോത്‌ കുറച്ച്‌ വളരെയധികം സാമ്പത്തികനഷ്‌ടം ഉണ്ടാക്കുന്നു.
 

പേന്‍ബാധ: പന്നിപ്പേന്‍ ഒരു ഷഡ്‌പദമാണ്‌. ഇത്‌ പന്നികളുടെ ത്വക്കില്‍ ഒട്ടിപ്പിടിച്ച്‌ രക്തം കുടിച്ച്‌ മുറിവുകളുണ്ടാക്കുന്നു. ഇവ രോമത്തിനു മേലാണ്‌ മുട്ടയിടുന്നത്‌. ഈ മുട്ടകള്‍ നഗ്നനേത്രങ്ങള്‍കൊണ്ടു കാണാന്‍ സാധിക്കും. 2-3 ആഴ്‌ചകള്‍കൊണ്ട്‌ മുട്ടവിരിഞ്ഞ്‌ ലാര്‍വ പുറത്തുവരുന്നു. 2-3 ആഴ്‌ചകള്‍കൂടി കഴിഞ്ഞാല്‍ അവ പൂര്‍ണ്ണവളര്‍ച്ചയെത്തും. നിലത്തു വീണ മുട്ടകളും വിരിഞ്ഞ്‌ പേനാകും. പന്നികളെ കൂട്ടില്‍നിന്നും മാറ്റിയാലും 2-6 ആഴ്‌ചകളോളം പേനകള്‍ പന്നിക്കൂട്ടില്‍ ജീവനോടെ ഇരിക്കും. അതിനാല്‍ പന്നികളെ മാറ്റിയശേഷം കൂട്‌ കഴുകി പേന്‍നാശിനി തളിക്കേണ്ടതിനാല്‍ പന്നികളെ മാറ്റിയശേഷം കൂട്‌ കഴുകി പേന്‍നാശിനി തളിക്കേണ്ടത്യാവശ്യമാണ്‌. ഈ പേനുകള്‍ പന്നിപ്പനിയും പന്നിവസൂരിയും പരത്തുന്നു.
ചികില്‍സയും നിയന്ത്രണവും: പ്രജനനത്തിനുപയോഗിക്കുന്ന പന്നികളില്‍ നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ ആരംഭിക്കണം. ഇവയെ പ്രസവക്കൂട്ടിലേക്ക്‌ മാറ്റുന്നതിനുമുമ്പ്‌ പന്നികളെ നന്നായി കുളിപ്പിക്കേണ്ടതാണ്‌. ഇത്‌ കുട്ടികളിലേക്ക്‌ പകരുന്നത്‌ തടയും.
ആണ്‍പന്നികള്‍ പരാദബാധയുടെ ഒരു സ്ഥിരം ഉറവിടമായി നിലനില്‍ക്കുന്നതിനാല്‍ അവയെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. പുതിയ ബ്രൂഡിങ്‌ സ്റ്റോക്കിനെ മറ്റുള്ളവയില്‍നിന്ന്‌ വേര്‍തിരിച്ച്‌ ചികില്‍സ നല്‍കുകയും നിലവിലുള്ള കൂട്ടത്തില്‍ ശരിയായ നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നത്‌ മെയ്‌ഞ്ച്‌, പേന്‍ എന്നിവ മൂലമുള്ള സാമ്പത്തികനഷ്‌ടം തടയാന്‍ സഹായിക്കും.
മെയ്‌ഞ്ചിന്റെയും പേനിന്റെയും നിയന്ത്രണം: മെയ്‌ഞ്ചിനുള്ള ചികില്‍സ 7 ദിവസത്തിനുശേഷം തുടരേണ്ടതാണ്‌. കാരണം ആദ്യ ചികില്‍സയ്‌ക്ക്‌ മൈറ്റിനെയും മുട്ടകളെയും നശിപ്പിക്കാനേ കഴിയൂ.
അമ്മപ്പന്നികള്‍: സ്വയം ലക്ഷണങ്ങള്‍ കാണിക്കാത്തപ്പോഴും പന്നിക്കുഞ്ഞുങ്ങള്‍ പരാദബാധയുടെ ഉറവിടം തള്ളപ്പന്നികളാണ്‌. പ്രസവത്തിനു 14ഉം 7ഉം ദിവസങ്ങള്‍ക്കുമുമ്പ്‌ നന്നായി കുളിപ്പിച്ചശേഷം ചികില്‍സ നല്‍കുക.
പന്നിക്കുഞ്ഞുങ്ങള്‍: നഴ്‌സറി കൂടുകളിലേക്കും ഫാറ്റനിങ്‌ കൂടുകളിലേക്കും മാറ്റുന്നതിനുമുമ്പുതന്നെ ചികില്‍സിക്കുക. രണ്ടാമത്തെ ചികില്‍സ കൂടുമാറ്റത്തിന്റെ ആദ്യദിവസംതന്നെ ചെയ്യുക. ആദ്യ ചികില്‍സ കൂടുമാറ്റത്തിന്റെ ആദ്യദിവസവും രണ്ടാമത്തേത്‌ ഒരാഴ്‌ചയ്‌ക്കുശേഷവും നല്‍കാവുന്നതാണ്‌.
ഫാറ്റ്‌നേര്‍സ്‌: മേല്‍ വിവരിച്ചുപോലെ ചെയ്യുകയാണെങ്കില്‍ ചികില്‍സ ആവശ്യമില്ല.
പെണ്‍പന്നികള്‍: ആദ്യമായി ഇണചേര്‍ക്കുന്നതിനുമുമ്പ്‌ ചികില്‍സിക്കുക.
ആണ്‍പന്നികള്‍: വര്‍ഷത്തില്‍ രണ്ടു തവണ ചികില്‍സിക്കുക.
പുതിയ സ്റ്റോക്ക്‌: ഫാമിലെത്തിയ ആദ്യ ദിവസവും ഏഴു ദിവസത്തിനുശേഷവും ചികില്‍സ നല്‍കുക. മെയ്‌ഞ്ച്‌ നിയന്ത്രണപ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ എല്ലാ പന്നികളെയും വൃത്തിയാക്കി അണുനാശിനി തളിക്കുക. പക്ഷേ, മൂന്നാഴ്‌ചയില്‍ താഴെ പ്രായമുള്ള പന്നികളെ ചികില്‍സിക്കരുത്‌.
ആന്തരപരാദങ്ങള്‍
എല്ലാ വിരകള്‍ക്കും ഒരുപോലെയുള്ള ജീവിതചക്രമാണെങ്കിലും ഓരോ ഘട്ടത്തിന്റെയും ദൈര്‍ഘ്യവും പ്രാധാന്യവും ഇനങ്ങള്‍ തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. വലിയ ഉരുണ്ട വിരകളും ചാട്ടവിരകളും ഉപദ്രവകാരികളാണ്‌. അവയുടെ മുട്ട വിഴുങ്ങിക്കഴിഞ്ഞാല്‍ മാത്രമേ വിരിയുകയുള്ളൂ.
 

ഉരുളന്‍വിര


ഇവ സാധാരണയായി ഉരുണ്ട വിരകള്‍ അല്ലെങ്കില്‍ അസ്‌കാരിഡ്‌സ്‌ എന്നറിയപ്പെടുന്നു. ഇവ ആന്തരികപദാരങ്ങളാണ്‌. കരള്‍-ശ്വാസകോശം എന്നിവയില്‍കൂടി സഞ്ചരിച്ച്‌ പല നാശങ്ങളും ഉണ്ടാക്കുന്നു.
അകത്തുചെന്ന മുട്ടകള്‍ ചെറുകുടലിന്റെ ഭിത്തിയില്‍ എത്തുകയും അവിടെവച്ച്‌ ലാര്‍വ പുറത്തുവരികയും ചെയ്യുന്നു. ഇവ കരളിലൂടെ സഞ്ചരിച്ച്‌ ഒരാഴ്‌ച അവിടെ നില്‍ക്കുകയും പിന്നീട്‌ രക്തത്തിലൂടെ ശ്വാസകേശത്തിലെത്തുന്നു. അവിടെനിന്ന്‌ ചുമയിലൂടെ പന്നി ഇവയെ വിഴുങ്ങുന്നു. അങ്ങനെ ഇവ ചെറുകുടലിലെത്തി പൂര്‍ണ്ണവളര്‍ച്ചയെത്തുന്നു. ഇവ മുട്ടയിടുകയും ഈ മുട്ടകള്‍ മലത്തിലൂടെ പുറത്തുപോവുകയും ചെയ്യുന്നു. ഇവയുടെ സഞ്ചാരം പന്നികളില്‍ ശ്വാസകോശത്തില്‍ അണുബാധയും വയറ്റില്‍ അസുഖങ്ങളും ഉണ്ടാക്കുന്നു.
പെണ്‍വിരകള്‍ ഒരു ദിവസം രണ്ടു ലക്ഷം മുട്ടകളിലുടം. ഇവ മലത്തിലൂടെ പുറത്തെത്തുന്നു. ചൂടുള്ള നനഞ്ഞ അന്തരീക്ഷത്തില്‍ ഇവ 8 ആഴ്‌ചകള്‍ കൊണ്ട്‌ രോഗബാധയ്‌ക്ക്‌ തയാറാക്കുന്നു. പന്നി ഇവയെ കഴിക്കുമ്പോള്‍ ഈ ചക്രം തുടരുന്നു.
 

ശ്വാസകോശവിര


ഈ വിരകള്‍ ശ്വാസകോശത്തില്‍ താമസിച്ച്‌ ശ്വാസകോശങ്ങള്‍ക്ക്‌ കേടുവരുത്തി ന്യുമോണിയപോലുള്ള രോഗങ്ങള്‍ക്ക്‌ കാരണമാക്കുന്നു. ഇവ മൂലമുണ്ടാകുന്ന നാശം മറ്റു ബാക്‌ടീരിയ, വൈറസ്‌ തുടങ്ങിയവ മൂലമുള്ള അണുബാദയ്‌ക്ക്‌ വഴിതെളിക്കുന്നു. ഇവയുടെ മുട്ട പാകമാവുന്നത്‌ മണ്ണിരയുടെ ശരീരത്തിലാണ്‌. പന്നികള്‍ക്ക്‌ രോഗബാധയുണ്ടാകുന്നത്‌ മണ്ണിരയുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ മാത്രമാണ്‌. പന്നികള്‍ മണ്ണിരയെ വിഴുങ്ങുമ്പോള്‍ അതിനുള്ളിലെ ലാര്‍വ കുടലിന്റെ ഭിത്തി തുളച്ച്‌ ശ്വാസകോശത്തിലേക്ക്‌ സഞ്ചരിക്കുന്നു.
 

നൂല്‍വിരകള്‍


ചളിയില്‍ വളരുന്ന പന്നികളിലാണ്‌ ഇത്‌ കണ്ടുവരുന്നത്‌. ഇവ പന്നിക്കുഞ്ഞുങ്ങളിലാണ്‌ കൂടുതല്‍ അപകടം ഉണ്ടാക്കുന്നത്‌. ഈ പരാദത്തിന്‌ ചുറ്റുപാടില്‍ ജീവിക്കുന്നതിന്‌ സ്വതന്ത്രജീവിതഘട്ടമുണ്ട്‌. എന്നിരുന്നാലും പൂര്‍ണ്ണവളര്‍ച്ചയെത്തിയ പെണ്‍വിരകള്‍ ചെറുകുടലിലാണ്‌ ജീവിക്കുന്നത്‌. ലാര്‍വ ഉള്‍ക്കൊള്ളുന്ന മുട്ടകള്‍ മലത്തില്‍ക്കൂടി പുറത്തുവരുന്നു. ലാര്‍വ ത്വക്കിലൂടെയോ ഭക്ഷണത്തിലൂടെയോ ഗര്‍ഭസ്ഥശിശുവിന്റെ കലകളിലൂടെയുള്ള സഞ്ചാരത്തിലൂടെയോ രോഗബാധയുള്ള പന്നികളുടെ പാലിലൂടെയോ പകരാം. കുഞ്ഞുങ്ങള്‍ക്ക്‌ പ്രധാനമായും അമ്മയുടെ പാലിലൂടെയാണ്‌ രോഗം പിടിപെടുന്നത്‌. പാലിലൂടെ ലാര്‍വ നേരേ ചെറുകുടലിലെത്തി പൂര്‍ണ്ണവളര്‍ച്ചയെത്തുന്നു. വയറിളക്കം, നിര്‍ജ്ജലീകരണം, വളര്‍ച്ച മുരടിക്കുക, ചുറുചുറുക്ക്‌ നഷ്‌ടപ്പെടുക എന്നിവയാണ്‌ സാധാരണ ലക്ഷണം. ചിലപ്പോള്‍ മരണംവരെ സംഭവിക്കാം.
 

പകരുന്ന വഴികള്‍


പന്നികള്‍ക്ക്‌ ആന്തരവിരകള്‍ താഴെപ്പറയുന്ന വഴികളിലൂടെ പകരാം.
1. മലത്തിലുള്ള മുട്ടകള്‍ വായിലൂടെ അകത്ത്‌ കയറാം
2. ത്വക്കിലൂടെ
3. പാലിലൂടെ
4. പ്ലാസന്റയിലൂടെ
നിയന്ത്രണം: മുട്ടകള്‍ വളരെ പ്രതിരോധമുള്ളവയാണ്‌. ചിലപ്പോള്‍ അഞ്ച്‌ വര്‍ഷംവരെ രോഗകാരികളായി നിലനിക്കുന്നു. പല അണുനാശിനികളും മുട്ടകള്‍ക്കെതിരായി ഫലപ്രദമല്ല. ഏറ്റവും നല്ലത്‌ പരാദബാധ കഴിയുന്നത്ര താഴ്‌ന്ന തോതില്‍ ആക്കി നിര്‍ത്തുക എന്നതാണ്‌. പരാദങ്ങളുടെ ജീവിതചക്രം തടസ്സപ്പെടുത്തുകയാണ്‌ മറ്റൊരു മാര്‍ഗ്ഗം. ഇത്‌ താഴെപ്പറയുന്ന രീതികളില്‍ സാധിക്കുന്നതാണ്‌.
പൊതുവായ ശുചിത്വം: കൂടുകള്‍ പതിവായി വൃത്തിയാക്കുകയും അണുനാശിനി തളിക്കുകയും ചെയ്യുന്നത്‌ വയറ്റിലെയും കിഡ്‌നിയിലെയും വിരകളുടെ ലാര്‍വയുടെ എണ്ണം കുറയ്‌ക്കാന്‍ സഹായിക്കും. ശരിയായ വിരയിളക്കല്‍ പരിപാടി വയറ്റിലുള്ള പൂര്‍ണ്ണവളര്‍ച്ചയെത്തിയ വിരകളെ നശിപ്പിക്കുന്നതിന്‌ സഹായിക്കുന്നു. മനുഷ്യവിസര്‍ജ്യം ശരിയായി മറവുചെയ്യുന്നത്‌ വിരകളെ നിയന്ത്രിക്കുന്നതിന്‌ സഹായകമാണ്‌. എലികളുടെ നിയന്ത്രണവും അടുക്കളഅവശിഷ്‌ടങ്ങള്‍ വേവിച്ചതിനുശേഷംമാത്രം പന്നികള്‍ക്കു നല്‍കുന്നതും പേശികളില്‍ കാണുന്ന വിരകളെ നിയന്ത്രിക്കുന്നു. പന്നികളെ പൂട്ടിയിടുന്നത്‌ ശ്വാസകോശവിരയെ നിയന്ത്രിക്കുന്നു. എത്ര പ്രാവശ്യം വിരയിളക്കണം എന്നത്‌ കൂടിന്റെ അവസ്ഥ, തറ, ശുചിത്വം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
 

നിര്‍ദേശിക്കപ്പെട്ടിട്ടുള്ള വിരയിളക്കല്‍ പരിപാടി
 

തള്ളപ്പന്നികള്‍


പ്രസവത്തിന്‌ 7-14 ദിവസത്തിനുമുമ്പ്‌ വിരയിളക്കുക
പ്രസവക്കൂട്ടിലേക്ക്‌ മാറ്റുന്നതിനുമുമ്പ്‌ വിരയിളക്കുക
പ്രസവക്കൂട്ടിലുള്ള സമയത്ത്‌ വിരയിളക്കരുത്‌
 

പന്നിക്കുട്ടികള്‍


8-12 ആഴ്‌ച പ്രായമുള്ളപ്പോള്‍ അല്ലെങ്കില്‍ 15-20 കി.ഗ്രാം ഭാരമുള്ളപ്പോള്‍ വിരയിളക്കുന്നതാണ്‌ അഭികാമ്യം. കൂടുതല്‍ പരാദബാധയുള്ള സ്ഥലങ്ങളില്‍ ആദ്യം വിരയിളക്കിയതിനു 1-2 മാംസങ്ങള്‍ക്കുശേഷം ഒരിക്കല്‍കൂടി ചെയ്യാവുന്നതാണ്‌.
 

ആണ്‍പന്നികള്‍


ഒരു വര്‍ഷം 2-4 തവണ
 

പുതിയ സ്റ്റോക്ക്‌


കഴിയുന്നത്ര പെട്ടെന്ന്‌ വിരയിളക്കുക
 

വളര്‍ത്തുന്ന പെണ്‍പന്നികള്‍:


ബ്രീഡിങ്ങിന്‌ രണ്ടാഴ്‌ച മുമ്പ്‌ വിരയിളക്കുക.


മരുന്നു നല്‍കാവുന്ന സാധാരണ വഴികള്‍
1. ഇന്‍ജക്‌ഷന്‍: പേശികളില്‍ വളരെ ഉള്ളില്‍ മരുന്നു നിക്ഷേപിക്കുകയാണ്‌ ഇതുവഴി ചെയ്യുന്നത്‌. സാധാരണയായി കഴുത്തിലും തുടയിലുമുള്ള പേശികളിലാണ്‌ ഇന്‍ജക്‌ഷന്‍ ചെയ്യുന്നത്‌. ആന്റിബയോട്ടിക്കുകള്‍, ജീവകങ്ങള്‍, വാക്‌സിനുകള്‍ എന്നിവ ഈ രീതിയില്‍ നല്‍കാം.
2. ത്വക്കിനടിയില്‍: ഇതില്‍ മരുന്നു നിക്ഷേപിക്കപ്പെടുന്നത്‌ ത്വക്കിനും പേശികള്‍ക്കും ഇടയിലാണ്‌. സാധാരണയായി കഴുത്ത്‌, ചെവി, കക്ഷം എന്നിവിടങ്ങളിലെ തൊലിക്കടിയിലാണ്‌ ചെയ്യുന്നത്‌. ഹോര്‍മോണുകള്‍, ചില വാക്‌സിനുകള്‍ ആര്‍സനിക്കലുകള്‍ എന്നിവ ഈ രീതിയില്‍ നല്‍കാം.
3. ഇന്‍ട്രാപെരിടോണിയല്‍ (ip): പെരിടോണിയല്‍ കാവിറ്റിയിലാണ്‌ മരുന്ന്‌ നിക്ഷേപിക്കുന്നത്‌. നല്ല പരിശീലനവും പരിചയവും ഉണ്ടെങ്കില്‍ മാത്രമേ ശരിയായി ഇത്‌ നല്‍കാന്‍ പറ്റൂ. സീറവും ഇലക്‌ട്രോലൈറ്റുകളാണ്‌ ഈ രീതിയില്‍ നല്‍കുന്നത്‌.
4. ഇന്‍ട്രാഡെര്‍മല്‍ റൂട്ട്‌: ഒരു കൂട്ടത്തെ വാക്‌സിനേറ്റ്‌ ചെയ്യുന്നതിന്‌ ഏറ്റവും വേഗമേറിയ മാര്‍ഗ്ഗം. ഒരു ഹൈപ്രഷര്‍ ജെറ്റ്‌എയര്‍ ഉപയോഗിച്ചാണ്‌ മരുന്ന്‌ തൊലിപ്പുറത്ത്‌ നിക്ഷേപിക്കുന്നത്‌.
5. ഇന്‍ട്രാവിന്‌സ്‌ (iv): ഈ രീതി പ്രയോഗിക്കാന്‍ പരിശീലനവും കഴിവും വേണം. കാരണം മരുന്ന്‌ രക്തത്തില്‍ എത്തേണ്ടതാണ്‌. പന്നികളില്‍ ചെവിയിലെ സിരകളിലാണ്‌ നല്‍കുന്നത്‌. ശരിയായ രീതിയില്‍ ചെയ്‌തില്ലെങ്കില്‍ മൃഗങ്ങള്‍ ഷോക്ക്‌ ബാധിച്ച്‌ ചത്തുപോകാം എന്നതിനാല്‍ വളരെ സൂക്ഷിച്ചുമാത്രമേ ഇത്‌ ചെയ്യാവൂ. പക്ഷേ, പന്നികളില്‍ ഇത്‌ സാധാരണയായി ഉപയോഗിക്കാറില്ല.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍