എരുമ :ഇനങ്ങള്‍

മെഹ്‌സാന


ഗുജറാത്ത്‌ സംസ്ഥാനത്തിലെ മെഹ്‌സാന ജില്ലയാണ്‌ ഈ ജനുസിന്റെ ആവാസമേഖല. ഇവിടെയുള്ള മെഹ്‌സാന പട്ടണത്തിന്റെ പേരില്‍ നിന്നാണ്‌ പ്രസ്‌തുത ജനുസിന്‌ ഈ പേരു ലഭിച്ചത്‌. ഗുജറാത്തിലെ ബനസ്‌ക്കണ്‌ഠ ജില്ലയിലെ പാലന്‍പൂര്‍, ദീസ എന്നീ സ്ഥലങ്ങളിലും, സബര്‍ക്കണ്‌ഠ ജില്ലയിലെ രധന്‍പൂര്‍, താരാട്ട്‌ എന്നീ പ്രദേശങ്ങളിലും മെഹ്‌സാന ജനുസില്‍പ്പെട്ട എരുമകളെ കണ്ടുവരുന്നു. ശുദ്ധജനുസില്‍പ്പെട്ട എരുമകളെ മെഹ്‌സാന, പട്ടാന്‍, സിധാപൂര്‍, ബീജാപൂര്‍, കാടി, കേല്‍, രാധന്‍പൂര്‍ എന്നീ പട്ടണങ്ങളിലാണ്‌ കണ്ടുവരുന്നത്‌. മെഹ്‌സാന ജനുസില്‍പെട്ട എരുമകളുടെ ആവാസമേഖല പൊതുവേ വടക്കന്‍ ഗുജറാത്താണെന്നു പറയാം.
പൊതുലക്ഷണങ്ങള്‍: തൃപ്‌തികരമായ പാലുല്‍പ്പാദനത്തിനും നീണ്ട കറവയ്‌ക്കും മെഹ്‌സാന ജനുസ്സ്‌ പേരുകേട്ടതാണ്‌. കറവറ്റകാലം പൊതുവേ ഹ്രസ്വമായിരിക്കും. മുംബൈ നഗരത്തില്‍ പാല്‍ക്കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മുറാവര്‍ഗത്തില്‍പെട്ട എരുമകളെക്കാള്‍ മെഹ്‌സാനവര്‍ഗത്തില്‍ പെട്ട എരുമകളെയാണിഷ്‌ടപ്പെടുന്നത്‌. ഈ എരുമകള്‍ സാമ്പത്തികമായി നേട്ടം ഉണ്ടാക്കുന്നതിനു സഹായിക്കുന്നതാണിതിനു കാരണം. പൊതുവേ പറഞ്ഞാല്‍ അവിടത്തെ കര്‍ഷകര്‍ പോത്തുകള്‍ക്ക്‌ വലിയ പ്രാധാന്യം നല്‍കുന്നില്ല. പോത്തുകിടാങ്ങളെ വേണ്ടവിധം ശ്രദ്ധിക്കാത്തതുകൊണ്ട്‌ പലപ്പോഴും അവ അകാലത്തില്‍തന്നെ ചത്തുപോകുന്നു.
സൂര്‍തിജനുസില്‍പ്പെട്ട ഉരുക്കളും മുറാജനുസില്‍പെട്ട ഉരുക്കളും തമ്മില്‍ പ്രജനനം നടത്തിയായിരിക്കണം മെഹ്‌സാനജനുസ്‌ രൂപം കൊണ്ടത്‌.
ഇടത്തരം ശരീരവലിപ്പമുള്ള ഈ എരുമകള്‍ ഉയരം കുറഞ്ഞതും ആഴം കൂടിയ ശരീരകോടരങ്ങളോടുകൂടിയവയുമാണ്‌. ഇതിന്റെ തല മുറാജനുസിന്റെ തലയോടു സാദൃശ്യമുണ്ട്‌. എന്നാല്‍ കണ്ണുകള്‍ അല്‍പം തുറിച്ചു നില്‍ക്കുന്നവയാണ്‌. കൊമ്പുകള്‍ മുറാജനുസില്‍പ്പെട്ട ഉരുക്കളുടേതുപോലെയോ സൂര്‍തിജനുസില്‍പ്പെട്ടവയുടേതു പോലെയോ കാണാറുണ്ട്‌. സൂര്‍തിജനുസിന്റെ കൊമ്പുകള്‍ നീണ്ട്‌ അരിവാള്‍ ആകൃതിയിലും, മുറാജനുസിന്റേത്‌ ചുരുണ്ട രൂപത്തിലും കണ്ടുവരുന്നു. മെഹ്‌സാന എരുമകളുടെ കഴുത്ത്‌ നീണ്ടതും ഭംഗിയുള്ളതുമാണ്‌. അകിടിനും ശരീരത്തിന്റെ പുറവശത്തിനും മുറാവര്‍ഗത്തോട്‌ സാദൃശ്യമുണ്ട്‌.
ഈ ജനുസില്‍പ്പെട്ട എരുമകളുടെ ശരാശരി തൂക്കം 400-500 കി.ഗ്രാമും പ്രായപൂര്‍ത്തിയായ വിത്തുപോത്തിന്റെ തൂക്കം 600 കി.ഗ്രാമില്‍ കൂടുതലുമാണ്‌. ഒരു കറവയില്‍ 1500-2000 കി.ഗ്രാം വരെ പാല്‍ ലഭിക്കാറുണ്ട്‌. കറവ 300 ദിവസങ്ങളില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്നു.
തൊലിയുടെ നിറം കറുപ്പാണ്‌. കൈകാലുകളും വാല്‍ക്കൊണ്ടയും കറുത്ത നിറത്തിലുള്ളതായിരിക്കും. പൊതുവേ ഈ ജനുസ്‌ ശാന്തപ്രകൃതമുള്ളവയാണ്‌. കെട്ടിനിറുത്തി തീറ്റ കൊടുത്തതും അഴിച്ചുവിട്ട്‌ മേയിച്ചും ഈ എരുമകളെ വളര്‍ത്താം. തൊലി കനം കുറഞ്ഞതും മാര്‍ദവമുള്ളതുമാണ്‌. ശരീരത്തില്‍ പൊതുവേ രോമങ്ങള്‍ കുറവായിരിക്കും. ശാന്തപ്രകൃതമുള്ള എരുമകളായതുകൊണ്ട്‌ അവയുടെ പരിപാലനം എളുപ്പമാണ്‌.
 

സുര്‍തി


ഈ ജനുസില്‍ ആവാസമേഖല ഗുജറാത്ത്‌ സംസ്ഥാനത്തിലെ ചരോട്ടാര്‍ പ്രദേശമാണ്‌. കെയിറാ ജില്ലയും അതിനോട്‌ ചേര്‍ന്നു കിടക്കുന്ന ബറോഡാ ജില്ലയിലെ ചില ഭാഗങ്ങളും ഈ പ്രദേശത്തില്‍ ഉള്‍പ്പെടുന്നു. സുര്‍തി ജനുസിലെ ഒന്നാംതരം ഉരുക്കള്‍ കെയിറാ ജില്ലയില്‍പ്പെട്ട നടിയാട്ട്‌, ആനന്ദ്‌, ബോര്‍സതു എന്നീ താലൂക്കുകളിലും, ബറോഡാ ജില്ലയിലെ പെഡ്‌ലാത്‌ എന്ന സ്ഥലത്തും ധാരാളം കണ്ടുവരുന്നു.
മിക്ക കൃഷിക്കാര്‍ക്കും ഒന്നോ രണ്ടോ എരുമകള്‍ കാണും. അവയില്‍നിന്നു കിട്ടുന്ന ആദായം ഒരു ഉപ ആദായമായി അവര്‍ കണക്കാക്കുന്നു. വഗാരീസ്‌ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം ജനങ്ങള്‍ സുര്‍തി പോത്തുകളെ പ്രജനനത്തിനായി വളര്‍ത്താറുണ്ട്‌. കൃഷിക്കാര്‍ വിത്തു പോത്തുകളെ പരിപാലിക്കുന്നതില്‍ താല്‍പര്യം കാണിക്കാറില്ല. അവര്‍ പോത്തുകിടാങ്ങളെ വഗാരീസിനേല്‍പ്പിച്ചു കൊടുക്കുന്നു.
ഒരു എരുമയില്‍നിന്നും ഒരു കറവയില്‍ 1700 കി.ഗ്രാം-1800 കി.ഗ്രാം പാല്‍ കിട്ടും. ചില എരുമകളില്‍നിന്നും ഒരു കറവയില്‍ (10-11 മാസം) 2500-2700 കി.ഗ്രാം പാല്‍ കിട്ടിയിട്ടുണ്ട്‌. പാലില്‍ കൊഴുപ്പിന്റെ തോത്‌ 7.5 ശതമാനമാണ്‌. ഏറ്റവും കൂടുതല്‍ കൊഴുപ്പു കണ്ടത്‌ 10 ശതമാനമാണ്‌. ആദ്യപ്രസവ സമയത്തു കണ്ട ഏറ്റവും കുറഞ്ഞ പ്രായം രണ്ടു വര്‍ഷം 9 മാസവും ഏറ്റവും കൂടിയ പ്രായം 4 വര്‍ഷം 4 മാസവും ശരാശരി പ്രായം 3 വര്‍ഷം 9 മാസവുമാണ്‌. പൊതുവേ സാമ്പത്തികമായ നേട്ടം കൈവരിക്കുവാന്‍ പര്യാപ്‌തമായ ഒരു ജനുസാണ്‌ സുര്‍തി. ഗുജറാത്ത്‌ സംസ്ഥാനത്തുനിന്നും കൊണ്ടുവന്ന സുര്‍തി എരുമകള്‍ ബോംബെ നഗരത്തില്‍ ധാരാളമായി കണ്ടുവരുന്നു.
മിതമായ ശരീരവലിപ്പമുള്ള ആകൃതിയൊത്തവയാണ്‌ സുര്‍തി എരുമകള്‍. പ്രായമെത്തിയ എരുമകള്‍ക്ക്‌ 600-700 കി.ഗ്രാം ഭാരമുണ്ട്‌. വിത്തുപോത്തുകള്‍ക്ക്‌ 700-800 കി.ഗ്രാമും. ശാന്തപ്രകൃതമുള്ളവയും ഉയരം കുറഞ്ഞവയുമാണ്‌ അവ. ഉണര്‍വുള്ള പ്രകൃതവും വട്ടത്തിലുള്ളതും അല്‍പം ഉന്തിനില്‍ക്കുന്നതും പ്രകാശമാനവുമായ കണ്ണുകളും അവയുടെ പ്രത്യേകതയാണ്‌. സാമാന്യം നീളമുള്ള കൊമ്പുകള്‍ക്ക്‌ അരിവാളിന്റെ ആകൃതിയാണുള്ളത്‌. കറുത്തനിറവും തവിട്ടുനിറവും കാണാറുണ്ട്‌. ചില നല്ലയിനം സുര്‍തികളില്‍ കഴുത്തില്‍ രണ്ടുവെള്ള വരകള്‍ കാണാം. പുറം ഒരേ നിരപ്പിലാണ്‌. തലയ്‌ക്ക്‌ സാമാന്യം നീളവും അതിനൊത്ത വീതിയും കാണാറുണ്ട്‌. കൊമ്പുകള്‍ക്കിടയിലുള്ള ഭാഗം ഉരുണ്ടിരിക്കുന്നതും കാണാം. നെറ്റിത്തടം അല്‍പം ഉന്തിനില്‍ക്കുന്നതും സാമാന്യം വിസ്‌താരമുള്ളതുമാണ്‌. നാസാരന്ധ്രങ്ങളും മുഞ്ഞിയും വലിപ്പമുള്ളവയാണ്‌. ചിലപ്പോള്‍ പുരികങ്ങളില്‍ ഒരുവരി വെള്ള രോമം കാണാറുണ്ട്‌. ചെവികള്‍ സാമാന്യ വലിപ്പമുള്ളവയും, അവയുടെ അകം ചുവപ്പുനിറത്തിലുള്ളതുമാകുന്നു.
എരുമകളുടെ കഴുത്ത്‌ നീളം കൂടിയും വണ്ണം കുറഞ്ഞും കാണപ്പെടുന്നു. വിത്തുപോത്തുകളുടെ കഴുത്തിനു നല്ല വണ്ണം കാണാം. അകിടിന്‌ നല്ല വലിപ്പമുണ്ട്‌. അത്‌ ആകൃതി ഒത്തതും ഉടലുമായി നല്ല രീതിയില്‍ ഘടിപ്പിച്ചിരിക്കുന്നതുമാണ്‌. ഇളം ചുവപ്പുനിറമാണ്‌ അകിടിന്റെ തൊലിയുടേത്‌. മുലക്കാമ്പുകള്‍ ഒത്ത നീളമുള്ളവയും അകിടില്‍ ചതുരാകൃതിയില്‍ ഘടിപ്പിച്ചിരിക്കുന്നതുമാണ്‌. ക്ഷീരസിരകള്‍ നല്ല വലിപ്പമുള്ളവയായിരിക്കും.
ഉടലിലെ ത്വക്കിനു സാമാന്യം കനമുണ്ടെങ്കിലും മൃദുവും വലിച്ചാല്‍ വലിയുന്നതുമാണ്‌. രോമങ്ങള്‍ പൊതുവേ കുറവായ ത്വക്കിന്‌ സാധാരണ കറുത്ത നിറമാണെങ്കിലും ഇളം ചുവപ്പുനിറവും കണ്ടുവരുന്നു. തവിട്ടുനിറത്തിലുള്ള എരുമകളെയും കാണാറുണ്ട്‌. കറുത്തനിറത്തിലുള്ള എരുമകളില്‍ പോലും കാല്‍മുട്ടിനും ഹോക്ക്‌ സന്ധിക്കും താഴെ കാണുന്ന രോമങ്ങള്‍ക്കു ചാരനിറമാണുള്ളത്‌.
 

മുറാ


തെക്കന്‍ പഞ്ചാബും ഡല്‍ഹിയുമാണ്‌ മുറാജനുസിന്റെ തറവാടെന്നു പറയാം. എങ്കിലും ഉത്തരപ്രദേശ്‌ മുതല്‍ പഞ്ചാബ്‌ അടക്കം സിന്ധുവരെ മുറാഎരുമകളുടെ ആവാസമേഖലയായി കണക്കാക്കാം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും മുറാ എരുമകളെ സംരക്ഷിച്ചു വരുന്നുണ്ട്‌. ശുദ്ധജനുസില്‍പെട്ട മുറാ എരുമകളെ ഹരിയാനാ സംസ്ഥാനത്താണ്‌ കണ്ടുവരുന്നത്‌. നാഭ, പാട്യാല, ഹിസ്സാര്‍ ജില്ല എന്നിവിടങ്ങളിലും നല്ല മുറാ എരുമകളെ കാണാം.
കൊഴുപ്പുള്ള പാല്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന എരുമകളാണ്‌ മുറാജനുസില്‍പ്പെട്ടവ. ഇന്ത്യയുടെ വടക്കന്‍ പ്രദേശങ്ങളിലും പടിഞ്ഞാറന്‍ പ്രദേശങ്ങളിലും പാലിന്റെ ആവശ്യത്തിനും നെയ്യ്‌ ഉല്‍പ്പാദിപ്പിക്കുന്നതിനും വേണ്ട ധാരാളം മുറാ എരുമകളെ വളര്‍ത്തുന്നുണ്ട്‌.
മിക്ക സംസ്ഥാനങ്ങളിലും ഗവണ്‍മെന്റുടമയില്‍ മുറാ എരുമകളെ പരിപാലിച്ചുവരുന്നു. ഇതുകൂടാതെ സ്വകാര്യമേഖലയിലുള്ള മുറാഫാമുകളുമുണ്ട്‌. ഈ ഫാമുകളില്‍ ശരാശരി 1500-2200 കി.ഗ്രാം പാല്‍ ലഭിച്ചു വരുന്നു. ചില എരുമകള്‍ ഒരു കറവയില്‍ 3500 കി.ഗ്രാമില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്‌.ശരാശരി 7 ശതമാനം കൊഴുപ്പ്‌ കണ്ടുവരുന്നു.
മുറാ എരുമയുടെ ശരീരം ഭാരിച്ചതും കഴുത്തും ശിരസും താരതമ്യേന വലിപ്പം കുറഞ്ഞവയുമാണ്‌. കൊമ്പുകള്‍ നീളം കുറഞ്ഞവയും ചുരുണ്ടു മടങ്ങിയവയും ആയിരിക്കും. അകിടിനു നല്ല വലിപ്പം കാണാം. വാല്‍ നീളം കൂടിയതും ഹോക്ക്‌ സന്ധിക്ക്‌ താഴെവരെ ഇറങ്ങി നില്‍ക്കുന്നതുമാണ്‌. ഇവയ്‌ക്ക്‌ നല്ല കറുപ്പുനിറമാണ്‌. വാലിന്റെ അഗ്രത്തിനു വെള്ളനിറമുണ്ടാകും. നെറ്റിയിലും കൈകാലുകളുടെ അഗ്രങ്ങളിലും കാണുന്ന വെള്ളനിറം ശുദ്ധജനുസിന്റെ ലക്ഷണമല്ല.
ശരീരത്തിന്റെ വലിപ്പവുമായി തട്ടിച്ചുനോക്കുമ്പോള്‍ തലയ്‌ക്കു വലിപ്പം കുറവാണ്‌. എരുമകളില്‍ തല രൂപമൊത്തതായിരിക്കുമെങ്കിലും പോത്തുകളില്‍ തല വലിപ്പമുള്ളതും ഭാരിച്ചതുമായിരിക്കും. നെറ്റിത്തടം വിസ്‌താരമുള്ളതും ഉയര്‍ന്നു നില്‍ക്കുന്നതുമാണ്‌. മുഖത്തു വെള്ളപ്പാടുകള്‍ കാണാറില്ല. നാസാരന്ധ്രങ്ങള്‍ സാമാന്യം വലുതും അവ തമ്മില്‍ വേണ്ടത്ര അകലം നിലനിറുത്തുന്നതുമാകുന്നു. എരുമകളുടെ കണ്ണുകള്‍ വലുതും പ്രകാശമുള്ളവയുമാണ്‌. ചെറിയതും കനംകുറഞ്ഞതും തൂങ്ങിക്കിടക്കുന്നതുമായ ചെവികളാണിവയ്‌ക്കുള്ളത്‌. കൊമ്പുകള്‍ ചുരുണ്ടു മടങ്ങിയിരിക്കും.
അകിട്‌ നല്ല വളര്‍ച്ച കാണിക്കുന്നു. ക്ഷീരസിരകള്‍ നല്ലപോലെ തടിച്ചതും മുലക്കാമ്പുകള്‍ നല്ല നീളമുള്ളവയുമാണ്‌. പിന്‍മുലക്കാമ്പുകള്‍ക്കു മുന്‍മുലക്കാമ്പുകളെ അപേക്ഷിച്ച്‌ നീളം കൂടുതലുണ്ട്‌. ശരീരത്തില്‍ രോമം പൊതുവേ കുറവായിരിക്കും.
 

നീലി


പാക്കിസ്ഥാനിലുള്ള പൊതുവേ താഴ്‌ന്ന പ്രദേശങ്ങളായ മോണ്‍ട്‌ ഗോമെറി, മുള്‍ത്താന്‍ എന്നീ ജില്ലകളും ഫെറോസുപ്പൂര്‍ ജില്ലയും നീലി ജനുസിന്റെ ആവാസമേഖലയാണെന്നു പറയാം. സത്‌ലജ്‌ നദീതടങ്ങളില്‍ ധാരാളമായി കണ്ടുവരുന്നതുകൊണ്ട്‌ സത്‌ലജ്‌ നദിയിലെ വെള്ളത്തിന്റെ നീലനിറത്തെ ആസ്‌പദമാക്കിയായിരിക്കണം ഈ ജനുസ്സിന്‌ നീലി എന്ന പേര്‌ ലഭിച്ചത്‌.
പോത്തുകിടാങ്ങള്‍ക്കു ഇവിടെ വലിയ മതിപ്പില്ല. ചിലര്‍ അവയെ കശാപ്പു ചെയ്യുന്നു. എന്നാല്‍ എരുമക്കുട്ടികളെ നല്ലപോലെ പരിപാലിക്കാറുണ്ട്‌. നല്ല കറവയുള്ള എരുമകള്‍ക്കുണ്ടാകുന്ന പോത്തുകിടാങ്ങളെ ശ്രദ്ധാപൂര്‍വം വളര്‍ത്തി പ്രജനനത്തിന്‌ ഉപയോഗിക്കുന്നു. ജംഗ്ലികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന നാടുചുറ്റികളായ ഒരു കൂട്ടം ആളുകളാണ്‌ മുഖ്യപരിപാലകര്‍. അവര്‍ കൂടുതല്‍ എരുമകളെ പരിപാലിക്കുന്നതില്‍ കാണുന്നു. ചില സന്ദര്‍ഭങ്ങളില്‍ വാല്‍ക്കൊണ്ടയ്‌ക്കും വെള്ളനിറം കാണാറുണ്ട്‌. നാഗ്‌പ്പുരി എരുമകള്‍ പൊതുവേ ശാന്തപ്രകൃതമുള്ളവയാണ്‌. കൂടാതെ മെച്ചപ്പെട്ട രോഗപ്രതിരോധശക്തിയുമുണ്ട്‌.
 

ജാഫരാബാദി


തെക്കന്‍ കാഠിയവാഡ്‌, ജാഫറാബാദ്‌ എന്നീ പ്രദേശങ്ങളില്‍ ഈ ജനുസില്‍പ്പെട്ട എരുമകളെ കാണാം. ഉടലിനു പൊതുവേ നീളക്കൂടുതലാണെങ്കിലും ഒതുക്കം കുറവാണ്‌. ആടയും അകിടും നല്ല വളര്‍ച്ച കാണിക്കാറുണ്ട്‌. തലയും കഴുത്തും വലുതാണ്‌. നെറ്റിത്തടം വളരെ വിസ്‌തൃതമായിരിക്കും. കൊമ്പുകള്‍ക്കു പ്രത്യേക ആകൃതിയാണുള്ളത്‌. ഉല്‍ഭവസ്ഥാനത്തുനിന്നും കുറച്ച്‌ താണതിനുശേഷം കൊമ്പുകള്‍ വീണ്ടും ഉയരുന്നു. ശരീരത്തിന്റെ നിറം കറുപ്പാണ്‌. പോത്തുകള്‍ക്ക്‌ ഏകദേശം 650 കി.ഗ്രാമും എരുമകള്‍ക്ക്‌ 500 കി.ഗ്രാമും തൂക്കം കാണാറുണ്ട്‌. കറവക്കാലത്ത്‌ 1800 മുതല്‍ 2250 കി.ഗ്രാം വരെ പാല്‍ തരുന്നു.

പാന്ധാര്‍പുരി

മഹാരാഷ്‌ട്രയിലെ കോലാപൂര്‍, സോളാപൂര്‍, പാന്ധാര്‍പുരി, സാംഗ്ലി, സത്താറ ജില്ലകളില്‍ കാണപ്പെടുന്നു. നീണ്ട തല, ചാരനിറം, നീണ്ട്‌ പിന്നിലോട്ട്‌ വളഞ്ഞ കൊമ്പുകള്‍, ഇടത്തരം ആകൃതിയിലുള്ള അകിട്‌ എന്നിവ പ്രത്യേകതകളാണ്‌. ഇവയ്‌ക്ക്‌ മണിക്കൂറുകളോളം പാല്‍ ചുരത്താനുള്ള കഴിവുണ്ട്‌. അതിനാല്‍ കര്‍ഷകര്‍ വീടുതോറും എരുകളെ കൊണ്ടുപോയി പാല്‍ കറന്ന്‌ വില്‍പ്പന നടത്തിവരുന്നു. ഒരു കറവക്കാലത്ത്‌ 1500 ലിറ്റര്‍ പാല്‍ ലഭിക്കും.
 

കുട്ടനാട്‌ എരുമകള്‍

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളുടെ വിവിധഭാഗങ്ങളില്‍ കണ്ടുവരുന്നു. വംശനാശ ഭീഷണിയിലാണ്‌. പാലുല്‍പ്പാദനം 2-3 ലിറ്റര്‍ മാത്രം. ഉഴവുശേഷിയില്‍ മുന്നിലാണ്‌. ഇവയെ സംരക്ഷിക്കുവാനുള്ള പദ്ധതി കേരള കാര്‍ഷിക സര്‍വകലാശാല നടപ്പാക്കിവരുന്നു.
ബാദാവരി, ഗോദാവരി, ടോഡ, മെഹ്‌സാന, നാഗ്‌പുരി, മറാത്ത്‌വാഡി, സൗത്ത്‌ കാനറ, സാംബല്‍പുരി, സിക്കിമീസ്‌, ജെറാംഗി മുതലായവ വിവിധ എരുമ ജനുസ്സുകളാണ്‌.
കുട്ടനാട്‌ എരുമകളെയും വളര്‍ത്തിവരുന്നു. സൗത്ത്‌ കാനറ, കുട്ടനാട്‌ എരുമകളെയും വളര്‍ത്തിവരുന്നു. സൗത്ത്‌ കാനറ ഇനങ്ങളെ ദക്ഷിണ കര്‍ണാടക മലബാര്‍ പ്രദേശങ്ങളില്‍ (കണ്ണൂര്‍, കാസര്‍ഗോഡ്‌) കണ്ടുവരുന്നു.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍