ആട്‌ :ആടുകളുടെ പരിചരണം

ഗര്‍ഭം ഏകദേശം 140ദിവസം പിന്നിട്ടു കഴിയുമ്പോള്‍ പ്രസവത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഈ സമയത്ത്‌ ഇവര്‍ക്കായി പ്രത്യേകം പാര്‍പ്പിടം ഒരുക്കേണ്ടതാണ്‌. അകിടിന്റെ വികാസമാണ്‌ പ്രധാനലക്ഷണം. പാല്‍ ഉല്‍പാദനം വര്‍ദ്ധിക്കുന്നതുമൂലം അകിടിന്റെ കാഠിന്യം വര്‍ദ്ധിക്കുകയും അകിടിന്റെ ചര്‍മ്മത്തിന്‌ തിളക്കം കാണപ്പെടുകയും ചെയ്യും. ഈസമയത്ത്‌ യാതൊരു കാരണവശാലും അകിടില്‍നിന്നും പാല്‍ പിഴിഞ്ഞുകളയരുത്‌ (പ്രസവശേഷം കുട്ടികള്‍ക്കാവശ്യമായ കന്നിപ്പാല്‍ നഷ്‌ടപ്പെട്ടു പോകുമെന്നതിനാല്‍).
പ്രസവമടുക്കുന്നതിന്‌ ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ്‌ ആടുകള്‍ അസ്വസ്ഥരാവുകയും താഴ്‌ന്ന സ്വരത്തില്‍ കരയുകയും ചെയ്യാറുണ്ട്‌. ഉദരഭാഗം ഇടിഞ്ഞ്‌ താഴുകയും വാലിന്റെ ചുവടുഭാഗത്തോടു ചേര്‍ന്ന്‌ ഇരുവശങ്ങളിലുമായി കുഴിയുകയും ചെയ്യുന്നു. മുന്‍കാലുകള്‍കൊണ്ട്‌ തറയില്‍ മാന്തുകയും തുടര്‍ച്ചയായി കിടക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്നു. യോനി നാളത്തിലൂടെ നേരിയ മഞ്ഞനിറത്തില്‍ കട്ടികൂടിയ സ്രവം ചെറുതായി പുറത്തേക്ക്‌ വരുന്നതുകണ്ടാല്‍ പ്രസവം ഉടന്‍തന്നെ നടക്കുമെന്നു പ്രതീക്ഷിക്കാം. ഈസമയത്ത്‌ ആടുകള്‍ ഏറെ അസ്വസ്ഥരാവുകയും പെട്ടെന്ന്‌ കിടക്കുകയും ചാടി എഴുന്നേല്‍ക്കുകയും ചെയ്യും. ഇതോടനുബന്ധിച്ച്‌ ചെറുതായി മുക്കുന്നതും സാധാരണമാണ്‌. തുടര്‍ച്ചയായും ശക്തിയായും മുക്കിക്കഴിഞ്ഞാലുടന്‍തന്നെ പ്രസവം നടന്നിരിക്കും. കുട്ടിയുടെ കൈകളാണ്‌ ആദ്യം പുറത്തേക്ക്‌ വരുന്നത്‌. അതിനുശേഷം തലഭാഗവും പിന്നീട്‌ ഉടലുമാണ്‌ പുറത്തേക്ക്‌ വരിക. തുടര്‍ച്ചയായി മുക്കുകയും യോനീസ്രവം നന്നായി പുറത്തേക്കു പോവുകയും ചെയ്‌തതിനുശേഷം രണ്ടുമണിക്കൂറിനുള്ളില്‍ പ്രസവം നടന്നില്ലയെങ്കില്‍ വിദഗ്‌ദ്ധസഹായം തേടേണ്ടതാണ്‌. നിന്നുകൊണ്ടോ, കിടന്നുകൊണ്ടോ ആടുകള്‍ പ്രസവിക്കാറുണ്ട്‌. നില്‍ക്കുമ്പോള്‍ ശക്തിയായി മുക്കുമ്പോള്‍ മുതുക്‌ നന്നായി വളഞ്ഞ്‌ നില്‍ക്കാം. കിടക്കുമ്പോള്‍ ഒരുവശത്തേക്ക്‌ ചരിയുന്നതുമൂലം മുക്കുന്നസമയത്ത്‌ കാലുകള്‍ നിവര്‍ത്തിപിടിക്കാം. ആടുകള്‍ക്ക്‌ ഒരുപ്രസവത്തില്‍ ഒന്നിലധികം കുട്ടികള്‍ ഉണ്ടാകാറുണ്ട്‌. ആദ്യത്തെ കുട്ടി പുറത്ത്‌ വന്നതിനുശേഷം 15-20 മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടാമത്തെ കുട്ടി പുറത്തുവരാം. പുറത്തുവന്നാലുടനെ തന്നെ കുട്ടിയുടെ മൂക്ക്‌ നന്നായി തുടച്ച്‌ വൃത്തിയാക്കേണ്ടതുണ്ട്‌. പ്രസവശേഷം 8 മുതല്‍ 12 മണിക്കൂറിനുള്ളില്‍ മറുപിള്ള പുറംതളളപ്പെടും. 12 മണിക്കൂറിനു ശേഷവും മറുപിള്ള പുറത്തുവന്നില്ല എങ്കില്‍ വൈദ്യസഹായം തേടേണ്ടതാണ്‌. പ്രസവശേഷം കുടിക്കുന്നതിന്‌ വേണ്ടുവോളം ശുദ്ധജലവും മിതമായ അളവില്‍ ഗോതമ്പുതവിടു കുഴച്ചതും കൊടുക്കാവുന്നതാണ്‌. പിന്നീടുള്ള ദിവസങ്ങളില്‍ അമിതമായി ഭക്ഷണം നല്‌കുവാന്‍ പാടില്ല. പരിചിതമല്ലാത്ത യാതൊരു ഭക്ഷണവസ്‌തുക്കളും കൂടുതലായി ആടുകള്‍ക്ക്‌ നല്‌കുവാന്‍ പാടില്ല. വളരെ ദുര്‍ബലമായ ദഹനവ്യവസ്ഥയാണ്‌ ആടുകളുടേത്‌. പാല്‍ ഉല്‍പാദനം വര്‍ധിച്ചു വരുന്ന മുറക്ക്‌ തീറ്റകൊടുക്കുന്നതിന്റെ അളവ്‌ വര്‍ധിപ്പിക്കാവുന്നതാണ്‌.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍