പന്നി :രോഗങ്ങള്‍

പ്രജനനത്തിനുപയോഗിക്കുന്ന പന്നികളില്‍ കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങളും രോഗങ്ങളും
 

കുളമ്പുരോഗം


ആഫ്‌തോ എന്ന വൈറസ്‌ പരത്തുന്ന ഒരു രോഗമാണിത്‌. ഈ രോഗം എല്ലാ ഇരട്ടക്കുളമ്പുള്ള ജീവികളെയും ബാധിക്കുന്നു.
മൃഗങ്ങളുടെയും മൃഗ ഉല്‍പ്പന്നങ്ങളുടെയും അന്തര്‍ദേശീയ വ്യാപാരത്തിന്‌ കുളമ്പുരോഗം ഒരു പ്രധാന തടസ്സമാണ്‌. അതുകൊണ്ട്‌ ഈ രോഗത്തിന്റെ നിയന്ത്രണത്തിനും ഉന്മൂലനത്തിനും ഗവേഷണത്തിനുമായി വന്‍തുക മാറ്റിവച്ചിരിക്കുകയാണ്‌. തല്‍ഫലമായി മറ്റേത്‌ മൃഗരോഗങ്ങളെക്കാളും കുളമ്പുരോഗത്തെക്കുറിച്ച്‌ നാം കൂടുതലറിയണം.
ഇത്‌ സാധാരണയായി പന്നി, പശു, എരുമ എന്നിവയെ മാരകമായി ബാധിക്കുന്നു. എല്ലാതരം മൃഗങ്ങളെയും ബാധിക്കുന്നതും കാറ്റില്‍ക്കൂടിപ്പോലും പകരുന്ന എന്നുള്ളതുമാണ്‌ ഈ രോഗത്തിന്‌ ഇത്രയും പ്രാധാന്യം നല്‍കുന്നത്‌. അതിനാല്‍ ഈ രോഗത്തിന്റെ നിയന്ത്രണം വളരെ വൈഷമ്യമേറിയതും ചെലവേറിയതുമാണ്‌.
 

പകരുന്ന രീതികള്‍


രോഗം പകരുന്നത്‌ പ്രധാനമായും ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ്‌. വൈറസ്‌ ആദ്യം ഇടതൊണ്ടയില്‍വച്ചാണ്‌ പെരുകുന്നത്‌. ചിലപ്പോള്‍ അത്‌ നാവിലേക്കു വ്യാപിക്കുന്നു. ഇതിനെത്തുടര്‍ന്ന്‌ കോറണറി ബാന്റിലും മൂക്കിന്റെ ഭാഗത്തും കുമിളുകള്‍ പ്രത്യക്ഷപ്പെടുന്നു. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട്‌ 3-7 ദിവസം കഴിയുമ്പോഴേക്കും രോഗപ്രതിരോധശേഷി കൈവരിക്കുന്നു. പക്ഷേ, ഇത്‌ 6 മാസംവരെയേ നിലനില്‍ക്കുകയുള്ളു.
 

രോഗലക്ഷണങ്ങള്‍


പന്നികളില്‍ ആദ്യം കണ്ടുവരുന്ന ലക്ഷണങ്ങള്‍ മുടന്ത്‌, തീറ്റയോടുള്ള വിരക്തി എന്നിവയാണ്‌. ചില പന്നികളില്‍ മന്ദതയും 40.5 ഡിഗ്രി സെല്‍ഷ്യസ്‌ വരെ പന്നിയും കണ്ടുവരുന്നു. പന്നിക്കുട്ടികളില്‍ ഹൃജയാഘാതം മൂലം പെട്ടെന്നുള്ള മരണം സാധാരണമാണ്‌. കുമിളകള്‍ക്ക്‌ 30 മി.മീ. വരെ വ്യാസം ഉണ്ടാവുന്നതാണ്‌. കുമിളകള്‍ ആദ്യം കണ്ടുവരുന്നത്‌. മൂക്കിലും ചുണ്ടിലും ആണെങ്കിലും കുളമ്പിലെ കുമിളകള്‍ക്കാണ്‌ കടുത്ത വേദന അനുഭവപ്പെടുന്നത്‌. പ്രസവംകഴിഞ്ഞയുടനെയുള്ള പന്നികളില്‍ മുലക്കണ്ണുകളില്‍ കുമിളകള്‍ കണ്ടുവരാറുണ്ട്‌. അതോടൊപ്പം പെണ്‍പന്നികളിലും മറ്റു ചില പന്നികളിലും വായില്‍നിന്ന്‌ നുരയും പതയും പ്രവഹിക്കുന്നതും വായ ഒരു പ്രത്യേക രീതിയില്‍ ചലിപ്പിക്കുന്നതും കാണാം. മുടന്തും കാണപ്പെടാറുണ്ട്‌. 24 മണിക്കൂറിനുള്ളില്‍ മിക്ക കുമിളകളും പൊട്ടിയിരിക്കും. ചുണ്ടിലും മുലക്കണ്ണിലും ഇതിന്റെ ഫലമായി ആഴം കുറഞ്ഞകുഴികളും പ്രത്യക്ഷപ്പെടുന്നു. കുളമ്പിലാകട്ടെ തുടര്‍ന്നുണ്ടാകുന്ന അണുബാധയും മുറിവുകളും വലിയ വ്രണങ്ങള്‍ രൂപപ്പെടാന്‍ ഇടയാക്കുന്നു.
യഥാസമയം പന്നികളെ നശിപ്പിച്ചില്ലെങ്കില്‍, ചിലതിന്റെ കുളമ്പ്‌ മുഴുവനായും നഷ്‌ടപ്പെട്ടേക്കാം. പനികാരണം പെണ്‍പന്നികള്‍ക്ക്‌ ഗര്‍ഭം അലസാം. പെട്ടെന്നുള്ള രോഗാക്രമണം ചില പന്നികളില്‍ മരണകാരണമാകുന്നു. മുടന്തുള്ള ആണ്‍പന്നികള്‍ ഇണചേരാന്‍ വൈമുഖ്യം കാണിക്കുന്നു. തല്‍ഫലമായി വന്ധ്യതയുണ്ടാകും.
 

പന്നിപ്പനി (ഹോഗ്‌ കോളറ)


തെക്കുകിഴക്കന്‍ ഏഷ്യയിലെയും പസഫിക്‌ മേഖലയിലെയും എല്ലാ പ്രായത്തില്‍പ്പെട്ട പന്നികളിലും സര്‍വ്വസാധാരണമായി കണ്ടുവരുന്ന ഒരു വൈറസ്‌ രോഗമാണ്‌ പന്നിപ്പനി. വൈറസാണ്‌ ഈ രോഗം ഉണ്ടാക്കുന്നത്‌.
ഹോഗ്‌ കോളറയുടെ പ്രാധാന്യം: ലോകത്തില്‍ വളരെയധികം സാമ്പത്തികനഷ്‌ടത്തിനു കാരണമാകുന്ന ഒരു വൈറല്‍ രോഗമാണ്‌ പന്നിപ്പനി.
പ്രതിരോധകുത്തിവയ്‌പ്‌ നല്‍കാത്ത ഒരു കൂട്ടത്തിലെ എല്ലാ പന്നികളെയും ഇത്‌ ബാധിക്കുന്നു. ഉയര്‍ന്ന മരണനിരക്ക്‌ ഈ രോഗത്തിന്റെ തീവ്രത കൂട്ടുന്നു.
ഒരൊറ്റ സിറോടൈപ്പ്‌ മാത്രമേ ഈ വൈറസിനുള്ളൂ എന്നതിനാല്‍ നിര്‍വീര്യമാക്കിയ വാക്‌സിനുകള്‍ വളരെ ഫലപ്രദമാണ്‌.
ഗര്‍ഭാവസ്ഥയില്‍ പന്നിക്കുഞ്ഞുങ്ങളെ ബാധിക്കുന്ന രോഗം, മരണം, മമ്മിഫിക്കേഷന്‍ (ചുക്കിയുണങ്ങിയ കുഞ്ഞുങ്ങള്‍). ഗര്‍ഭച്ഛിദ്രം, അവശരും വൈകല്യമുള്ളതുമായ കുഞ്ഞുങ്ങളുടെ ജനനം എന്നിവയ്‌ക്ക്‌ കാരണമാകുന്നു.
 

പ്രതിരോധവും നിയന്ത്രണവും


പന്നിപനിബാധിത രാജ്യങ്ങളില്‍നിന്ന്‌ പ്രജനനത്തിനുള്ള പന്നികള്‍, പന്നിയിറച്ചി, പന്നിയിറച്ചികൊണ്ടുള്ള വിഭവങ്ങള്‍ എന്നിവയുടെ ഇറക്കുമതി നിരോധിക്കുക, വിമാനം കപ്പല്‍ മുതലായവയിലെ അടുക്കള അവശിഷ്‌ടങ്ങള്‍ പന്നികള്‍ക്ക്‌ ഭക്ഷണമായി കൊടുക്കാതെ നശിപ്പിക്കുക.
പന്നിപ്പനിബാധിത രാജ്യങ്ങളില്‍ പ്രതിരോധ കുത്തിവയ്‌പുകള്‍ വ്യാപകമായി നടത്തിവരുന്നു. കൃത്യമായ ശുചീകരണപ്രവര്‍ത്തനങ്ങളും രോഗസംക്രമണനിവാരണവും നടത്തേണ്ടതാണ്‌. ഫലപ്രദമായ ചികില്‍സ ഇതിന്‌ ലഭ്യമല്ല.
 

സ്‌മേഡി രോഗം


പന്നിപ്പനിക്കും ഇതിനും ഒരേ ലക്ഷണമാണ്‌. തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ലബോറട്ടറി പരിശോധനയിലൂടെയേ സാധ്യമാവുകയുള്ളൂ. ഈ അസുഖം ഒരുപറ്റം പന്നികളെ ബാധിക്കുമ്പോള്‍ വന്ധ്യത മാത്രമായിരിക്കും ലക്ഷണം. ഗര്‍ഭസ്ഥശിശുവിന്റെ മരണം, ഒരു പ്രസവത്തിലുണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിലുള്ള കുറവ്‌, ചുക്കിച്ചുളിഞ്ഞ കുഞ്ഞുങ്ങള്‍. ചാപിള്ള, അവശരായ കുഞ്ഞുങ്ങള്‍ എന്നിവ വഴിയോ പകരുന്നില്ല. അതിനാല്‍ അടിസ്ഥാനപരമായ ഫാം ജൈവ സുരക്ഷാക്രമീകരണങ്ങള്‍വഴി ഇതിനെ തടയാം. എന്നിരുന്നാലും വേവിക്കാതെയും ഉണക്കിയും മറ്റു സൂക്ഷിക്കുന്ന മാംസത്തില്‍ അണുക്കള്‍ നിലനില്‍ക്കും.
 

പകരുന്ന രീതി


ഈ രോഗം സാധാരണയായി വായുവിലൂടെയും ശ്വസനത്തിലൂടെയും പകരുന്നു. ചിലപ്പോള്‍ നേത്രപടലം, ജനനേന്ദ്രിയം, ത്വക്കിലുള്ള മുറിവുകള്‍ എന്നിവയിലൂടെയും പകരാം. രോഗാവസ്ഥയെ 3 ആയി തരംതിരിക്കാം. 1.കഠിനമായത്‌, 2. ദീര്‍ഘസ്ഥായിയായത്‌, 3. ജന്മനാ ഉള്ളത്‌. സാധാരണയായി രോഗാണു ശരീരത്തില്‍ പ്രവേശിച്ച്‌ 2-6 ദിവസങ്ങള്‍ക്കുശേഷമാണ്‌ രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നത്‌. വീര്യം കുറഞ്ഞതും ഇടത്തരം ശക്തിയുള്ളതുമായ വൈറസുകളാണ്‌ ദീര്‍ഘസ്ഥായിയായ രോഗാവസ്ഥയ്‌ക്കു കാരണം. ദീര്‍ഘമേറിയതും ഇടവിട്ടുള്ളതുമായ രോഗകാലഘട്ടം പന്നികള്‍ തരണം ചെയ്‌തേക്കാം. രോഗം ബാധിച്ച പന്നികളില്‍ രോഗശമനം, രോഗപുനരാഗമനം, മരണം ഇതൊക്കെ സംഭവിക്കാം. വൈറസിന്‌ മറുപിള്ളയിലൂടെ തള്ളപ്പന്നിയുടെ ഗര്‍ഭാശയത്തിലുള്ള കുഞ്ഞിനെ ബാധിക്കാന്‍ സാധിക്കും. കുഞ്ഞിന്റെ രോഗപ്രതിരോധസംവിധാനം വികസിക്കുന്നതിനു മുമ്പാണിതെങ്കില്‍ താഴെ പറയുന്നവ സംഭവിച്ചേക്കാം.
ജനിക്കുന്ന പന്നിക്കുഞ്ഞുങ്ങള്‍ ആരോഗ്യമുള്ളവയായി തോന്നുമെങ്കിലും അവശരായിരിക്കും. ഈ കുഞ്ഞുങ്ങള്‍ ആദ്യമൊന്നും രോഗലക്ഷണങ്ങള്‍ കാണിക്കുന്നില്ലെങ്കിലും രോഗവാഹകരായി വളരുന്നു. ഇവ വൈറസിനെ സംക്രമിപ്പിക്കുന്നതിനാല്‍ മറ്റു പന്നികള്‍ക്ക്‌ അപകടമാണ്‌. ആഴ്‌ചകളോ മാസങ്ങളോ കഴിയുമ്പോള്‍ ഇവയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായേക്കാം. ഇത്‌ പനിയില്ലാതെ തീവ്രത കുറഞ്ഞ്‌ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതുമായിരിക്കും.
 

പ്രതിരോധം


പാര്‍വോ വൈറസ്‌ വളരെ സ്ഥിരതയുള്ളതും സാംക്രമികസ്വഭാവം വളരെക്കാലം നിലനില്‍ക്കുന്നതിനുമായതിനാല്‍ പ്രതിരോധനടപടികള്‍ വളരെ ബുദ്ധിമുട്ടേറിയതാണ്‌. ഫാമുകള്‍ കര്‍ക്കശമായ വിലക്ക്‌ ഏര്‍പ്പെടുത്തിയാലും ഈ രോഗാണുബാധയുണ്ടാകാം. പ്രധാനമായും രോഗാണു വരുന്ന വഴികള്‍ പുതിയ സ്റ്റോക്ക്‌, ആളുകള്‍, എലികള്‍, പിന്നെ മറ്റു മൃഗങ്ങള്‍ എന്നിവയാണ്‌.
പ്രജനനത്തിന്‌ ഒരു മാസമെങ്കിലും മുമ്പേ പ്രായപൂര്‍ത്തിയെത്തിയപെണ്‍പന്നികളെയും പ്രജനനത്തിന്‌ ഉപയോഗിക്കുന്ന പുതിയ സ്റ്റോക്കിനെയും പന്നിക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തുക. അതുകൂടാതെ ഒരു രോഗബാധിത കൂട്ടത്തിലാണെങ്കില്‍ രോഗപ്രതിരോധമാര്‍ഗ്ഗമായി പ്രജനനത്തിന്‌ ഉപയോഗിക്കുന്നതിനു മുമ്പ്‌ പ്രായപൂര്‍ത്തിയെത്തിയ പെണ്‍പന്നികളെ വയസ്സായ പെണ്‍പന്നികളുടെ കൂട്ടത്തിലാക്കുകയും അവയുടെ തീറ്റയില്‍ പന്നികളുടെയും പന്നിക്കുട്ടികളുടെയും കാഷ്‌ഠം കലര്‍ത്തുകയോ ചെയ്യാം. രോഗബാധിതരായ പന്നികളുടെ മറുപിള്ളയും ചാപിള്ളയും തീറ്റയായി കൊടുക്കുകയും ചെയ്യാം (ഉണക്കിയോ കഷണങ്ങളാക്കിയോ തീറ്റയില്‍ കലര്‍ത്തിയോ നല്‍കാം).
പ്രായപൂര്‍ത്തിയായ പെണ്‍പന്നികള്‍, ആണ്‍പന്നികള്‍, തള്ളപ്പന്നികള്‍ (2-ാം പ്രസവംവരെ മാത്രം) എന്നിവയ്‌ക്ക്‌ നല്‍കാവുന്ന ഒരു പാര്‍വ്വോ വൈറസ്‌ വാക്‌സിന്‍ ലഭ്യമാണ്‌.
 

എലിപ്പനി


ലെപ്‌റ്റോ സ്‌പൈറ വിഭാഗത്തില്‍പ്പെടുന്ന ഒരു ബാക്‌ടീരിയ ആണ്‌ ഈ രോഗത്തിനു കാരണം. ഇതു മനുഷ്യര്‍ക്കും വരുന്ന ഒരു അസുഖമാണ്‌ എന്നത്‌ ശ്രദ്ധിക്കപ്പെടേണ്ടതാണ്‌. പനി, തലവേദന പേശികളുടെ വേദന, മരവിപ്പ്‌ എന്നിവയാണ്‌ പ്രധാന ലക്ഷണങ്ങള്‍.
 

മറ്റു രോഗലക്ഷണങ്ങള്‍


ഗര്‍ഭകാലത്തിന്റെ അവസാനഘട്ടില്‍ (90-110) കണ്ടുവരുന്ന ഗര്‍ഭഛിദ്രം.
 

രോഗസംക്രമണം


ഈ രോഗം പകരുന്നത്‌ മൂത്രത്തില്‍ക്കൂടിയാണ്‌. ഈ രോഗാണു കിഡ്‌നിയില്‍ നിലനില്‍ക്കുന്നതു കാരണം പ്രതിരോധസംവിധാനത്തിന്‌ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. തല്‍ഫലമായി ഈ മൃഗങ്ങള്‍ എപ്പോഴും സാംക്രമികകാരികളായി നില്‍ക്കുകയും തുടര്‍ച്ചയായി രോഗാണുവിനെ സംക്രമിപ്പിക്കുകയും ചെയ്യും.
 

ചികില്‍സ


ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച്‌ ചികില്‍സിക്കാം. സെപ്‌റ്റോമൈസിനാണ്‌ ഏറ്റവും ഫലപ്രദമാണ്‌ മരുന്ന്‌.
 

പ്രതിരോധം 


പ്രധാന പ്രതിരോധമാര്‍ഗ്ഗങ്ങള്‍:
$ ഫാം രോഗാണുവിമുക്തമാക്കുക, രോഗം ബാധിച്ച മൃഗങ്ങളെയും പുതിയ മൃഗങ്ങളെയും നിലവിലുള്ള കൂട്ടത്തില്‍നിന്ന്‌ വേര്‍പെടുത്തുക.
$ കൂടും ഉപകരണങ്ങള്‍ വൃത്തിയാക്കി അണുവിമുക്തമാക്കുക. രോഗാണു പകരുന്നത്‌ വാഹകരായ മൃഗങ്ങളുടെ മൂത്രത്തില്‍ക്കൂടിയാണ്‌. അണുക്കള്‍ക്ക്‌ വളരെക്കാലം മൂത്രം കലര്‍ന്ന വെള്ളത്തില്‍ നിലനില്‍ക്കാന്‍ സാധിക്കും.
$ സംശയിക്കപ്പെടുന്ന അരുവികളില്‍നിന്നുള്ള വെള്ളം ഉപയോഗിക്കാതിരിക്കുക.
$ ജലസംഭരണികളും ടാങ്കുകളും വൃത്തിയാക്കുകയും മാലിന്യവിമുക്തമാക്കുകയും ചെയ്യുക, ഒരിക്കല്‍ ഈ രോഗം ഒരു കൂട്ടത്തില്‍ കണ്ടെത്തിയാല്‍ എല്ലായ്‌പ്പോഴും മൂത്രം നീക്കം ചെയ്യുകയും രോഗാണുവിമുക്തമാക്കുകയും എല്ലാ ദിവസവും സ്ലറി നീക്കം ചെയ്യുകയും വേണം.
$ എലികളെ ഉന്മൂലനാശം വരുത്തുക. എലികളാണ്‌ എലിപ്പനി പരത്തുന്നത്‌. എലിപ്പനിക്കുള്ള വാക്‌സിന്‍ ലഭ്യമാണ്‌.
രോഗാണു സ്ഥിരമായി നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ പ്രജനനത്തിനുപയോഗിക്കുന്ന പന്നികളെ ക്രമാനുസൃതമായി പ്രതിരോധകുത്തിവയ്‌പു നല്‍കാറുണ്ട്‌. പക്ഷേ, രോഗാണുവിനെ കണ്ടെത്താത്ത സ്ഥലങ്ങില്‍ ഇതിന്റെ ആവശ്യമില്ല. ഈ വാക്‌സിന്‍ മറ്റു ബാക്‌ടീരിയ വാകിസിനുകളെപ്പോലെ സ്ഥൂലമായ പ്രതിരോധശേഷി നല്‍കുന്നില്ല. എങ്കിലും ലക്ഷണങ്ങള്‍ തടയാന്‍ തക്കനിലയില്‍ പ്രതിരോധത്തെ ഉയര്‍ത്തുന്നുണ്ട്‌.
വ്യത്യസ്‌ത വിഭാഗത്തിലുള്ള കന്നുകാലിവര്‍ഗ്ഗങ്ങളെ വേര്‍തിരിച്ച്‌ സൂക്ഷിക്കുക. ആരോഗ്യമുള്ള സ്റ്റോക്കിനെ വാങ്ങുക, പഴയ സ്റ്റോക്കിനെ മാറ്റി പുതിയതിനെ പ്രവേശിപ്പിക്കുമ്പോള്‍ അവ രോഗാണുവാഹകരല്ലെന്ന്‌ ഉറപ്പുവരുത്തുക.
 

ബ്രൂസെല്ലോസിസ്‌


ബ്രൂസെല്ല സൂയി എന്ന രോഗാണുവാണ്‌ ഈ രോഗത്തിനു കാരണം. ബ്രൂസെല്ലസൂയിസ്‌ അത്രയധികം സാംക്രമികകാരിയല്ല. ഇത്‌ ഒരു കൂട്ടത്തിനുള്ളില്‍ വളരെ സാവധാനത്തിലേ പടരുകയുള്ളൂ. പ്രയോജനകരമായ മുന്‍കരുതലുകള്‍ എടുക്കുകയാണെങ്കില്‍ ഈ രോഗത്തെ പന്നിക്കൂട്ടത്തില്‍നിന്നും അകറ്റിനിര്‍ത്താന്‍ സാധിക്കും. പക്ഷേ, ഇതൊരു അപകടകരമായ രോഗമായതിനാല്‍ എപ്പോഴും സൂക്ഷിക്കേണ്ടതാണ്‌. ഇത്‌ മനുഷ്യനിലേക്ക്‌ പകരുന്ന രോഗമാണ്‌. കര്‍ഷകനും ഫാമിലെ മറ്റു ജീവനക്കാര്‍ക്കും രോഗം പകരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്‌. ഇത്‌ മനുഷ്യനിലേക്ക്‌ പകരുന്ന രോഗമാണ്‌. കര്‍ഷകനും ഫാമിലെ മറ്റു ജീവനക്കാര്‍ക്കും രോഗം പകരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്‌. ഇത്‌ മനുഷ്യനിലേക്ക്‌ പകരുന്ന രോഗമാണ്‌. കര്‍ഷകനും ഫാമിലെ മറ്റു ജീവനക്കാര്‍ക്കും രോഗം പകരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്‌. ഒരിക്കല്‍ ഫാമിലെ കൂട്ടത്തിനെ ഇത്‌ ബാധിക്കുകയാണെങ്കില്‍ പിന്നെ അതിനെ ഇല്ലാതാക്കാന്‍ വിഷമകരമാണ്‌. ദീര്‍ഘകാല പ്രജനന നഷ്‌ടങ്ങള്‍ ഉണ്ടാക്കുന്ന വിഷമകരമാണ്‌. ദീര്‍ഘകാല പ്രജനന നഷ്‌ടങ്ങള്‍ ഉണ്ടാക്കുന്ന ഈ രോഗം മനുഷ്യരില്‍ അന്‍ഡുലന്റ്‌ പനി എന്ന രോഗമുണ്ടാകുന്നു.
 

രോഗലക്ഷണങ്ങള്‍


പ്രജനനത്തിനുപയോഗിക്കുന്ന ആണ്‍പന്നികളില്‍ ഓര്‍ക്കൈറ്റിസിന്‌ (വൃഷണങ്ങള്‍ക്കുണ്ടാകുന്ന രോഗബാധ) കാരണമാകുന്നു. ഇത്‌ താല്‍ക്കാലികമോ സ്ഥിരമോ ആയ വന്ധ്യതയുണ്ടാക്കും. വൃഷണങ്ങളിലും മറ്റ്‌ ആണ്‍ജനനേന്ദ്രിയഗ്രന്ഥികളിലും ഈ രോഗാണു പെറ്റുപെരുകയും അതിനുശേഷം ശുക്ലത്തിലൂടെ ദീര്‍ഘകാലം പുറത്തുപോകുകയും ചെയ്യുന്നു. ആണ്‍പന്നിയുടെ ജനനേന്ദ്രിയവ്യൂഹത്തിലുണ്ടാകുന്ന ഈ രോഗാണുബാധ സ്ഥിരമാണ്‌. ഇതുണ്ടാക്കുന്ന നഷ്‌ടം നികത്താനാകുന്നതല്ല.
പ്രജനനത്തിനുപയോഗിക്കുന്ന പെണ്‍പന്നികളില്‍ ഗര്‍ഭകാലത്തിന്റെ ഏതു സമയത്തും നടക്കാവുന്ന ഗര്‍ഭച്ഛിദ്രമാണ്‌ പ്രധാന ലക്ഷണം. തള്ളപ്പന്നികളില്‍ വരുന്ന ഈ രോഗാണുബാധ സ്ഥിരമല്ല. താനേ ഇത്‌ ഒഴിവായിപ്പോകും. പുതിയതായി ജനിച്ച പന്നിക്കുട്ടികളില്‍ ചാപിള്ളയായും അവശയായും കാണും. എന്നാല്‍ പ്രായപൂര്‍ത്തിയെത്തിയ പന്നികളില്‍ മുടന്ത്‌, പിന്‍ഭാഗത്തിന്റെ തളര്‍ച്ച, ശരീരാഗ്രങ്ങളിലും മറ്റു ശരീരഭാഗങ്ങളിലും പരുക്കുകള്‍ എന്നിവയുണ്ടാകും. വളരുന്ന പന്നികളിലും പ്രായപൂര്‍ത്തിയെത്തിവയിലും മുലകുടിക്കുന്ന പന്നിക്കുട്ടികളിലും ശരീരത്തിനു മുഴുവനായോ പിന്‍ഭാഗത്തിനു മാത്രമോ തളര്‍ച്ച അനുഭവപ്പെടാം. ഇതിനു കാരണം സുഷുമ്‌നയ്‌ക്ക്‌ സംഭവിക്കുന്ന തകരാറാണ്‌. ചില പന്നികള്‍ സന്ധികള്‍ക്കുണ്ടാകുന്ന വീക്കത്തോടെ മുടന്തരാകുന്നു.
 

ചികില്‍സ


പ്രായോഗികമായി ഒരു ചികില്‍സയും ലഭ്യമല്ല. രോഗബാധിതരായ മുഴുവന്‍ മൃഗങ്ങളെയും കൊന്നുകളഞ്ഞ്‌ മൃതശരീരം മറവുചെയ്യുകയോ കത്തിക്കുകയോ ചെയ്യുക.
 

പ്രതിരോധം


ആരോഗ്യമുള്ള ബ്രൂസല്ലരോഗാണുബാധിതരല്ലാത്ത പന്നികളെ വാങ്ങുക. ശരിയായ ക്വാരന്റയിന്‍ നടപ്പിലാക്കുക. ആരോഗ്യമുള്ള പന്നിക്കൂട്ടവും രോഗബാധിതരായ പന്നികളും തമ്മിലുള്ള സമ്പര്‍ക്കം ഒഴിവാക്കുക. മൃഗങ്ങളില്‍ ബ്രൂസെല്ലോസിസിന്റെ പരിശോധന നടത്തുക (രക്തപരിശോധന) ആവര്‍ത്തിച്ച്‌ രക്തപരിശോധന നടത്തുകയും രോഗബാധിതരായ മൃഗങ്ങളെ കൂട്ടത്തില്‍നിന്ന്‌ ഒഴിവാക്കുകയും ചെയ്യുക. കുറച്ചു പന്നികള്‍ മാത്രം രോഗബാധിതരാണെങ്കില്‍ മാത്രമേ ഇത്‌ പ്രായോഗികമാവുകയുള്ളു. കൂടുതല്‍ പന്നികള്‍ പോസിറ്റീവ്‌ ആണെങ്കില്‍ ഇത്‌ ഒരു പരാജയമായിരിക്കും. ചത്ത മൃഗങ്ങളെയും ചാപിള്ളയും ശരിയായി മറവു ചെയ്യുക.
 

കപട പേവിഷബാധ


ഇതും വൈറസ്‌ ഉണ്ടാക്കുന്ന രോഗമാണ്‌. ഈ രോഗം നാഡീവ്യവസ്ഥയെയും ശ്വസനേന്ദ്രിയവ്യവസ്ഥയെയുമാണ്‌ ബാധിക്കുന്നത്‌. പന്നിക്കുഞ്ഞുങ്ങളുടെ ഉയര്‍ന്ന മരണനിരക്കാണ്‌ പ്രധാനലക്ഷണങ്ങള്‍. പ്രായപൂര്‍ത്തിയെത്തിയ പന്നികളില്‍ രോഗബാധയുടെ ലക്ഷണങ്ങള്‍ പ്രകടമാകാതെ ഗര്‍ഭച്ഛിദ്രം. ചാപിള്ള എന്നിവ കാണാം.
അസുഖം ഭേദമായ മൃഗങ്ങള്‍ രോഗബാധയ്‌ക്ക്‌ 7-14 ദിവസത്തനുള്ളില്‍ രോഗപ്രതിരോധശേഷി പ്രകടിപ്പിക്കുന്നു. എങ്കിലും രോഗബാധയുള്ള അമ്മപ്പന്നികള്‍ക്ക്‌ ജനിച്ച പന്നിക്കുഞ്ഞുങ്ങളില്‍ കണ്ടുവരുന്ന പ്രതിരോധശേഷി ഇടതൊണ്ടയിലുണ്ടാകുന്ന അണുബാധ തടയണമെന്നില്ല. മുലകുടിക്കുന്ന കുഞ്ഞുങ്ങളില്‍ മരണനിരക്ക്‌ 100% വരെയാകാം. പ്രായമായ പന്നികളില്‍ ഇത്‌ അത്ര കഠിനമല്ല.
ഈ രോഗത്തിന്‌ വാഹകമൃഗങ്ങള്‍ സാധാരണമാണ്‌. ഇവയില്‍ 170 ദിവസത്തോളം രോഗാണുബാധ നിലനില്‍ക്കുന്നു. എലികള്‍ ഈ രോഗത്തിന്റെ സംഭരണിയായി പ്രവര്‍ത്തിക്കും. കാറ്റില്‍ക്കൂടി 21 കി.മീ. അകലംവരെ ഈ രോഗം പകരാം. മലത്തില്‍ ഈ രോഗാണു 4-7 ആഴ്‌ചകള്‍വരെ നിലനില്‍ക്കുകയും ചെയ്യും.
 

രോഗലക്ഷണങ്ങള്‍


പന്നിക്കുഞ്ഞുങ്ങള്‍: പന്നിക്കുഞ്ഞുങ്ങളില്‍ രോഗാണുബാധയുണ്ടായി 3-7 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നു. ചര്‍ദ്ദിയോ വയറിളക്കമോ ഉണ്ടാകാം. പിന്നീട്‌ വിറച്ച്‌ അവശരായിത്തീരുന്നു. വട്ടത്തില്‍ കറങ്ങുക, പട്ടിയെപ്പോലെ ഇരിക്കുക, ഞരമ്പുവലി, തലയിടിക്കുക എന്നീ ലക്ഷണങ്ങള്‍ കാണിച്ച്‌ 24 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുന്നു.
പ്രായപൂര്‍ത്തിയായ പന്നികള്‍ രോഗബാധയുള്ള 50%-ത്തോളം ഗര്‍ഭിണികളിലും ഇത്‌ ഗര്‍ഭച്ഛിദ്രമോ അല്ലെങ്കില്‍ ചാപിള്ളയായതോ ചീഞ്ഞതോ ആയ പന്നിക്കുഞ്ഞുങ്ങളുടെ ജനനത്തിനു കാരണമാകുന്നു. ഈ ഗര്‍ഭച്ഛിദ്രങ്ങള്‍ക്ക്‌ തുടര്‍ച്ചയായി വന്ധ്യതയുമുണ്ടാകും. പന്നിക്കുഞ്ഞുങ്ങളെ നേരത്തേ അമ്മപ്പന്നിയില്‍നിന്ന്‌ വേര്‍തിരിക്കുകയാണെങ്കില്‍ അത്‌ ലിറ്ററിന്റെതന്നെ മരണത്തിനു കാരണമാകാം. ആണ്‍പന്നികള്‍ക്കും രോഗബാധയുണ്ടാകാം. രോഗബാധയുണ്ടായി 10-14 ദിവസത്തിനുള്ളില്‍ 1-2 ആഴ്‌ച ശുക്ലത്തിന്റെ ഗുണം കുറഞ്ഞിരിക്കും. കൂടാതെ ആണ്‍ബീജത്തിനു വൈകല്യങ്ങളുമുണ്ടാകാം.
 

ചികില്‍സയും നിയന്ത്രണവും 


നിലവില്‍ ഒരു ചികില്‍സയും സാധ്യമല്ല. അനുബന്ധമായ മറ്റു രോഗബാധകള്‍ പ്രത്യേകിച്ചു ശ്വസനേന്ദ്രിയവ്യൂഹവുമായി ബന്ധപ്പെട്ടത്‌ തടയാനും ബാക്‌ടീരിയമൂലമുള്ള അപകടങ്ങള്‍ കുറയ്‌ക്കാനും ആന്റിബയോട്ടിക്കുകള്‍ കൊടുക്കാവുന്നതാണ്‌.
കൂടുതല്‍ രോഗസാധ്യതയുള്ള സ്ഥലങ്ങളില്‍ ക്രമമായി പ്രതിരോധ കുത്തിവയ്‌പുകള്‍ അനുശാസിക്കാറുണ്ട്‌. ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രതിരോധശേഷി ഉണ്ടാകുന്ന ഒരേ ഒരു സീറോടൈപ്പ്‌ വൈറസ്‌ മാത്രമേ കപടപേവിഷബാധയ്‌ക്കുള്ളൂ. പ്രതിരോധകുത്തിവയ്‌പെടുക്കുന്ന പന്നികള്‍ക്കും രോഗബാധയുണ്ടാകാം. എങ്കിലും വൈറസിന്റെ വളര്‍ച്ച നിയന്ത്രിതമായിരിക്കും. അതുകൊണ്ടുതന്നെ പരിസരത്ത്‌ വൈറസ്‌ പടരുന്നതും കുറയും. ഗര്‍ഭിണികളില്‍നിന്ന്‌ വൈറസ്‌ ഗര്‍ഭസ്ഥശിശുക്കളിലേക്ക്‌ പകരുന്നത്‌ തടയാനും പ്രതിരോധകുത്തിവയ്‌പ്‌ സഹായിക്കുന്നു. കുത്തിവയ്‌പ്‌ എടുത്ത അമ്മപ്പന്നികളില്‍നിന്ന്‌ കന്നിപ്പാലിലൂടെ പ്രതിരോധശേഷി കുട്ടികള്‍ക്ക്‌ കിട്ടുന്നു. ഈ പ്രതിരോധശേഷി 6-8 ആഴ്‌ചവരെ നിലനില്‍ക്കും. ഈ പ്രായത്തിലാണ്‌ വൈറസ്‌ കൂടുതല്‍ അപകടകാരിയാവുന്നത്‌. വാക്‌സിനിലെ വൈറസ്‌ പ്രതിരോധശേഷി ഉത്തേജിപ്പിക്കുന്നതിനുമുന്‍പുതന്നെ അമ്മയില്‍നിന്നുള്ള ആന്റിബോഡികള്‍ അവയെ നിര്‍വീര്യമാക്കുന്നു എന്നതിനാല്‍ ഈ പ്രായത്തിലുള്ള പന്നിക്കുട്ടികള്‍ക്ക്‌ പ്രതിരോധകുത്തിവയ്‌പെടുക്കുന്നതുകൊണ്ട്‌ വലിയ പ്രയോജനമുണ്ടാകാറില്ല.
 

രോഗനിര്‍മ്മാര്‍ജ്ജനത്തിനു സഹായകമായ വഴികള്‍


ചത്ത പന്നികളുടെ ശരിയായ രീതിയിലുള്ള ഒഴിവാക്കല്‍ (ദഹിപ്പിക്കുകയോ മറവുചെയ്യുകയോ ചെയ്യുക). പ്രജനനത്തിനുവേണ്ടി രോഗപരിശോധന കഴിഞ്ഞ പന്നികളെ മാത്രം വാങ്ങുകയും അവയെ 30 ദിവസം നിലവിലുള്ള കൂട്ടത്തില്‍നിന്നു മാറ്റി താമസിപ്പിക്കുകയും ചെയ്യുക. മാംസത്തിനുപയോഗിക്കുന്ന പന്നികളെ രോഗമില്ലാത്ത ഫാമുകളില്‍നിന്നും വാങ്ങു. സന്ദര്‍ശകരെ നിയന്ത്രിക്കുക. തെരുനായ്‌ക്കള്‍, പൂച്ചകള്‍, വന്യജീവികള്‍ എന്നിവയെ പരിസരത്തുനിന്നകറ്റുക. പ്രദര്‍ശനത്തിനുപയോഗിച്ച മൃഗങ്ങളെ 30 ദിവസം കൂട്ടത്തില്‍നിന്നും മാറ്റിപ്പാര്‍പ്പിക്കുക. പന്നികളെയും പശുക്കളെയും പ്രത്യേകം പ്രത്യേകം താമസിപ്പിക്കുക.
 

പോര്‍സൈന്‍ റീപ്രൊഡക്‌ടീവ്‌& റെസ്‌പിറേറ്ററി സിന്‍ഡ്രോം


ഇത്‌ ആര്‍ട്ടിവൈറസുണ്ടാക്കുന്ന ഒരു പുതിയ രോഗമാണ്‌. ശ്വാസകോശത്തിലെ പ്രതിരോധകോശങ്ങളോട്‌ വൈറസിന്‌ ഒരു പ്രത്യേക ആകര്‍ഷണമുണ്ട്‌. പ്രതിരോധകോശങ്ങള്‍ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയുടെ ഒരു ഭാഗമാണ്‌. ശരീരത്തെ ആക്രമിക്കുന്ന ബാക്‌ടീരിയയെയും വൈറസിനെയും ഇവ ആഹരിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ വൈറസിനെ നശിപ്പിക്കാന്‍ ഈ കോശങ്ങള്‍ക്ക്‌ കഴിയില്ല. മാത്രമല്ല, വൈറസ്‌ ഈ കോശത്തിനുള്ളില്‍ പെരുകുകയും അവയെ നശിപ്പിക്കുകയും ചെയ്യും.
ഒരിക്കല്‍ ഒരു പന്നിക്കൂട്ടത്തില്‍ ഈ വൈറസ്‌ കയറിയാല്‍ അത്‌ അനിശ്ചിതകാലത്തോളം കര്‍മ്മക്ഷമമായി നില്‍ക്കുന്നു. മൂക്കില്‍ക്കൂടിയുള്ള സ്രാവം, ഉമിനീര്‌, മലം മൂത്രം എന്നിവയില്‍ക്കൂടിയാണ്‌ ഈ വൈറസ്‌ പകരുന്നത്‌. ഇത്‌ കാറ്റില്‍ക്കൂടി 3 കി.മീ. അകലെവരെയെത്തുന്നുവെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. പ്രത്യുല്‍പ്പാദനത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്‌:
$ കുറഞ്ഞ പ്രസവനിരക്ക്‌
$ ജീവനോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിലുള്ള കുറവ്‌
$ ചാപിള്ള
$ പെണ്‍പന്നികളില്‍ പ്രജനനത്തിലുള്ള കഴിവുകുറവ്‌
$ നേരത്തേയുള്ള പ്രസവം (3-5 ദിവസം)
$ കൂടുതല്‍ ഗര്‍ഭച്ഛിദ്രം
(ഗര്‍ഭത്തിന്റെ അവസാനഘട്ടങ്ങളില്‍)
 

രോഗലക്ഷണങ്ങള്‍


രോഗാണു ആദ്യമായി പ്രജനനത്തിനുപയോഗിക്കുന്ന ഒരു കൂട്ടത്തെ ബാധിക്കുകയാണെങ്കില്‍ മുലയൂട്ടുന്നതും അല്ലാത്തതുമായ പെണ്‍പന്നികളിലും മുല കുടിക്കുന്ന പന്നിക്കുട്ടികളിലുമാണ്‌ ലക്ഷണങ്ങള്‍ കാണപ്പെടുന്നത്‌. രോഗലക്ഷണങ്ങള്‍ പ്രധാനമായും പ്രത്യുല്‍പ്പാദന വ്യവസ്ഥയെയും ശ്വസനേന്ദ്രിയവ്യവസ്ഥയെയുമാണ്‌ ബാധിക്കുന്നത്‌ എന്നിരുന്നാലും ചെവിയുടെ നീലനിറമാണ്‌ ആദ്യമായി കാണുന്ന രോഗലക്ഷണം. അതുകൊണ്ട്‌ ഈ രോഗത്തിന്‌ പ്രാരംഭദശയില്‍ ബ്ലൂ ഇയര്‍ പിഗ്ഗ്‌ എന്നും പറയാറുണ്ട്‌. ചെവി നീലനിറമാകുന്നത്‌ ഈ രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങളില്‍ ഒന്നാണ്‌.
പന്നിക്കുട്ടികള്‍, മുല കുടിക്കുന്ന കുഞ്ഞുങ്ങള്‍, മാംസത്തിനുവേണ്ടിയുള്ള പന്നികള്‍ എന്നിവ ശ്വാസതടസ്സലക്ഷണങ്ങള്‍ കാണിക്കുന്നു.
വൈറസ്‌ ഒരു കൂട്ടത്തിനെ ആദ്യമായി ബാധിക്കുമ്പോള്‍ കാണുന്ന ഒരു സാധാരണ പ്രശ്‌നമാണ്‌ ഇത്‌. തീവ്രമായ ഒരു രോഗത്തിന്റെ പ്രാരംഭദശയില്‍ ജനിക്കുന്ന പന്നിക്കുഞ്ഞുങ്ങള്‍ വളരെ ദുര്‍ബലരായിരിക്കും. വയറിളക്കം, ന്യൂമോണിയ, ചുമ എന്നിവ സാധാരണ കാണുന്ന ലക്ഷണങ്ങളാണ്‌.
മാംസത്തിനുവേണ്ടി വളര്‍ത്തുന്ന പന്നികളില്‍ അമ്മയില്‍നിന്നു മാറ്റിപ്പാര്‍പ്പിച്ച 1-3 ആഴ്‌ചകള്‍ക്കുള്ളില്‍ രോഗം പ്രകടമാകുന്നു. വിളറിയ തൊലി, ചെറിയ ചുമ, തുമ്മല്‍ ശ്വസനനിരക്കിലുള്ള വര്‍ധന എന്നിവയാണ്‌ ലക്ഷണങ്ങള്‍. ഒരിക്കല്‍ ഈ രോഗം എല്ലാ കൂട്ടത്തെയും ബാധിച്ചുകഴിഞ്ഞാല്‍ പിന്നെ വളര്‍ച്ചയുടെ പ്രാരംഭഘട്ടത്തില്‍ മാത്രമേ പ്രാധാന്യമര്‍ഹിക്കുന്നുള്ളൂ. അപ്പോള്‍ കഠിനമായ ന്യൂമോണിയ, ഇടവിട്ടുള്ള വിശപ്പില്ലായ്‌മ, ശരീരം ക്ഷയിക്കുക എന്നിവയും കാണാം.
കൂടുതല്‍ ഊര്‍ജ്ജവും ജീവകങ്ങളും അടങ്ങിയ തീറ്റ നല്‍കുകയാണ്‌ ചികില്‍സാരീതി.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍