താറാവ്‌ :താറാവുകളുടെ രോഗങ്ങള്‍

താറാവുകള്‍ കോഴികളേക്കാള്‍ രോഗപ്രതിരോധ ശേഷിയുള്ളവയാണെങ്കിലും ചില രോഗങ്ങള്‍ ഇവയ്‌ക്ക്‌ ഇടയ്‌ക്കിടെ കണ്ടുവരുന്നുണ്ട്‌. കുട്ടനാടന്‍ പ്രദേശങ്ങളില്‍ താറാവിന്‍ കൂട്ടങ്ങള്‍ കൂട്ടത്തോടെ ചത്തുപോകാറുണ്ട്‌. അശാസ്‌ത്രീയ പരിപാലനരീതികള്‍ പ്രതിരോധകുത്തിവയ്‌പു എടുക്കാതിരിക്കല്‍, പോഷകാഹാരകമ്മി എന്നിവയാണ്‌ താറാവുകള്‍ക്ക്‌ രോഗമുണ്ടാകുന്ന കാരണങ്ങള്‍.


ഡക്ക്‌ വൈറസ്‌ ഹെപ്പറ്റൈറ്റിസ്‌


താറാവിന്‍ കുഞ്ഞുങ്ങളെ ബാധിക്കുന്ന ഒരു പ്രധാനസംക്രമികരോഗമാണിത്‌. കോഴികളിലും ടര്‍ക്കികളിലും വാത്തകളിലും ഈ രോഗം കാണാറില്ല. മൂന്ന്‌ ആഴ്‌ചയ്‌ക്കു താഴെ പ്രായമുള്ളതിനെയാണ്‌ രോഗം കൂടുതലായും ബാധിക്കുന്നത്‌. നാല്‌ ആഴ്‌ചയില്‍ കൂടുതല്‍ പ്രായമുള്ളതിനെ ബാധിച്ചാല്‍ പോലും മരണനിരക്ക്‌ കുറവാണ്‌. രോഗം പിടിപെട്ടാല്‍ 24 മണിക്കൂറിനകം താറാവിന്‍ കുഞ്ഞുങ്ങള്‍ മരണപ്പെടും. 2-3 ദിവസങ്ങള്‍ക്കകം എല്ലാ കുഞ്ഞുങ്ങളും ചത്തുവീഴും. ഏറ്റവും വളര്‍ച്ചയും പുഷ്‌ടിയുമുള്ള താറാവായിരിക്കും ആദ്യം ചത്തുവീഴുന്നത്‌. രോഗബാധ ഏറ്റ്‌ 30 മിനിറ്റിനുള്ളില്‍ ഉന്മേഷരഹിതരായി തീറ്റ തിന്നാതെ മറ്റുള്ളവയില്‍ നിന്ന്‌ അകന്നുനില്‍ക്കും. ചുരുങ്ങിയ സമയത്തിനുള്ളില്‍ അവ വശം ചരിഞ്ഞ്‌ വീഴുകയും കാലിട്ടടിക്കുകയും ചെയ്യും. പച്ചനിറത്തില്‍ വെള്ളം പോലെ കാഷ്‌ഠിക്കും.
തീറ്റയിലൂടെയും സ്‌പര്‍ശനത്തിലൂടെയുമാണ്‌ രോഗം പകരുന്നത്‌. രോഗബാധയേറ്റ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ വൈറസ്‌ കാഷ്‌ഠത്തില്‍ കാണപ്പെടും. ലിറ്ററിലും ബ്രൂഡറിലും വൈറസ്‌ ആഴ്‌ചകളോളം ജീവിക്കും. അതുകൊണ്ട്‌ അടുത്ത ബാച്ച്‌ കുഞ്ഞുങ്ങളെയും രോഗംബാധിക്കും. ഈ രോഗത്തിന്‌ പ്രതിരോധകുത്തിവയ്‌പ്‌ നിലവിലുണ്ട്‌. വിരിയിച്ചിറക്കുന്ന താറാവിന്‍ കുഞ്ഞുങ്ങളുടെ കാല്‍വിരലുകള്‍ക്കിടയിലുള്ള ചര്‍മ്മത്തിലാണ്‌ ഈ വാക്‌സിന്‍ കുത്തിവയ്‌ക്കുന്നത്‌. പ്രജനനത്തിനുപയോഗിക്കുന്ന പ്രായപൂര്‍ത്തിയെത്തിയ താറാവുകളില്‍ കുത്തിവയ്‌പ്‌ നടത്തിയാല്‍ മുട്ടയിലൂടെ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക്‌ പ്രതിരോധശക്തി ലഭിക്കും.


ഡക്ക്‌പ്ലേഗ്‌


കേരളത്തില്‍ താറാവുകളെ ബാധിക്കുന്ന മാരകമായ വൈറസ്‌ രോഗമാണിത്‌ സാധാരണയായി തുറന്നു വിട്ടു വെള്ളത്തില്‍ വളര്‍ത്തുന്നവയിലാണ്‌ ഈ രോഗം കാണപ്പെടുന്നത്‌.


ലക്ഷണങ്ങള്‍


താറാവിന്‍ പറ്റങ്ങളില്‍ രോഗബാധയേറ്റാല്‍ ഏതാനും താറാവുകള്‍ ചത്തു വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതാണ്‌ ആദ്യലക്ഷണം. രോഗാണുസംക്രമണം കഴിഞ്ഞ്‌ 3-7 ദിവസങ്ങള്‍ക്കകമാണ്‌ മറ്റു ലക്ഷണങ്ങള്‍ കാണപ്പെടുന്നത്‌. ചിറകുകള്‍ താഴ്‌ത്തിയിട്ട്‌ നീങ്ങാന്‍ കഴിയാതെ ഇരിക്കും. പച്ചനിറത്തില്‍ വെള്ളം പോലെ കാഷ്‌ഠിക്കുകയും മലദ്വാരത്തിനു ചുറ്റുമുള്ള തൂവലുകളില്‍ കാഷ്‌ഠം ഒട്ടിപ്പിടിച്ചിരിക്കുകയും ചെയ്യും. കണ്ണില്‍നിന്നും മൂക്കില്‍നിന്നും സ്രവം ഒഴുകി മുഖം വൃത്തിക്കേടാവും. ചിലപ്പോള്‍ തലതാഴ്‌ത്തി ചുണ്ടു നിലത്തുമുട്ടി കുഴഞ്ഞു പോകുന്നതായി കാണപ്പെടും. മരണ മടയുന്ന പൂവന്റെ ലിംഗം പുറത്തേക്ക്‌ തള്ളിനില്‍ക്കുന്നതായി കാണാറുണ്ട്‌.
പോസ്റ്റുമോര്‍ട്ടം പരിശോധനയിലൂടെയും വൈറോളജി ടെസ്റ്റിലൂടെയും രോഗത്തെ തിരിച്ചറിയാം. രോഗത്തിനെതിരായ പ്രതിരോധ കുത്തിവയ്‌പ്‌ നിലവിലുണ്ട്‌. പാലോട്ടുള്ള വി.ബി.ഐ. എന്ന സ്ഥാപനമാണ്‌ ഡക്ക്‌പ്ലേഗ്‌ വാക്‌സിന്‍ മാര്‍ക്കറ്റിലെത്തിക്കുന്നത്‌. ഒരു ആമ്പ്യൂള്‍ 200 താറാവുകള്‍ക്ക്‌ ഉപയോഗിക്കാം. ഗാഢ ശീതീകരിച്ച ആമ്പ്യൂളാണ്‌ വാക്‌സന്‍. ഡിസ്റ്റില്‍ഡ്‌ വാട്ടര്‍, നോര്‍മല്‍ സലൈന്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന്‌ നൂറ്‌ മില്ലി എടുത്തതില്‍ വാക്‌സിന്‍ ലയിപ്പിക്കണം. സംയോജിപ്പിച്ച വാക്‌സിന്‍ സൂര്യപ്രകാശമോ ചൂടോ ഏല്‍ക്കാതെ വയ്‌ക്കുകയും വേണം. രണ്ടു മണിക്കൂറിനകം ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബാക്കി വരുന്ന വാക്‌സിന്‍ കളയണം. ഓരോന്നും 0.5 മല്ലി ലിറ്റര്‍ വീതം പേശികളിലോ തൊലിയിലോ കുത്തിവയ്‌ക്കണം. ചിറകിനുള്ളിലോ തൊലിമടക്കിലോ ചിറകിന്റെ ഉള്‍വശത്തോ കുത്തിവയ്‌പ്‌ നടത്താം. പ്രായം കുറഞ്ഞവയില്‍ കാലിലോ നെഞ്ചിലെയോ മാംസപേശിയില്‍ കുത്തിവയ്‌ക്കാറുണ്ട്‌. ആദ്യത്തെ കുത്തിവയ്‌പ്‌ 4-6 ആഴ്‌ച പ്രായത്തില്‍ എടുക്കാം. രണ്ടാമത്തെ കുത്തിവയ്‌പ്‌ 8-ാം ആഴ്‌ചയിലും മൂന്നാമത്തേത്‌ 16-ാമത്തെ ആഴ്‌ചയിലും എടുക്കണം. ഒരിക്കല്‍ കുത്തിവച്ചാല്‍ 1-1� വര്‍ഷക്കാലത്തേക്ക്‌ പ്രതിരോധശേഷി ലഭിക്കും. കുത്തിവയ്‌പ്‌ മൂലം ഒരു തരത്തിലുമുള്ള റിയാക്ഷനും ഉണ്ടാവാറില്ല. മുട്ടയിടുന്ന താറാവുകളില്‍ മുട്ടയുല്‍പ്പാദനം തല്‍ക്കാലം കുറയുമെങ്കിലും പിന്നീട്‌ പൂര്‍വസ്ഥിതി പ്രാപിക്കും. ആരോഗ്യം കുറഞ്ഞവയില്‍ കുത്തിവയ്‌പ്‌ നടത്തരുത്‌. രോഗബാധ കണ്ടശേഷവും കുത്തിവയ്‌പ്‌ നടത്തരുത്‌. രോഗബാധ കണ്ടശേഷവും കുത്തിവയ്‌പിക്കാന്‍ പാടില്ല. അത്യുഷ്‌ണ കാലാവസ്ഥയിലും കുത്തി വയ്‌ക്കുന്നത്‌ ഒഴിവാക്കണം.
വാക്‌സിന്‍ റഫ്രിജറേറ്ററില്‍ ഒരു മാസവും ഫ്രീസിങ്‌ ചേംമ്പറില്‍ രണ്ടുമാസവും സൂക്ഷിക്കാം. ഐസ്‌കട്ട ബോക്‌സിനകത്തായി മാത്രമേ വാക്‌സിന്‍ കൊണ്ടുപോകാന്‍ പാടുള്ളു.
 

ഡക്ക്‌ കോളറ


പാസ്‌ച്വറില്ല വര്‍ഗത്തില്‍പ്പെട്ട ബാക്‌ടീരിയയാണ്‌ രോഗമുണ്ടാക്കുന്നത്‌. പ്രതികൂല കാലാവസ്ഥ, ശുചിത്വമില്ലാത്ത കൂടും പരിസരവും, തിങ്ങിക്കൂടല്‍, വായുസഞ്ചാരം കുറഞ്ഞ കൂട്‌ എന്നിവയാണ്‌ രോഗമുണ്ടാക്കുന്ന സാഹചര്യങ്ങള്‍. വാക്‌സിനുകള്‍ ലഭ്യമാണ്‌. പ്രായമാതിന്‌ അര മില്ലി പേശികളില്‍ കുത്തിവെയ്‌ക്കണം. 6 മാസത്തില്‍ താഴെയുള്ളതിന്‌ 0.3 മില്ലി മതിയാകും.
 

ലക്ഷണങ്ങള്‍


തീറ്റയോട്‌ മടുപ്പ്‌, വര്‍ധിച്ച ദാഹം, പനി എന്നിവയാണ്‌ ആദ്യലക്ഷണങ്ങള്‍. രോഗം പിടിപ്പെട്ടവ വേദനകൊണ്ട്‌ പ്രയാസപ്പെടുന്നതായി കാണിക്കുകയും ശല്യപ്പെടുത്തുമ്പോള്‍ മാത്രം അങ്ങോട്ടുമിങ്ങോട്ടും തിരിയുകയും തല കൂടെകൂടെ വെട്ടിത്തിരിക്കുകയും ചെയ്യും. മഞ്ഞയോ പച്ചയോ നിറത്തിലുള്ള വെള്ളം പോലുള്ള കാഷ്‌ഠം പോകും. കണ്ണുകളില്‍ നീര്‍കെട്ടി നില്‍ക്കുകയും മൂക്കില്‍ വഴുവഴുപ്പുള്ള ശ്ലേഷമം പറ്റിയിരിക്കുകയും ചെയ്യുന്നു. ചിലതില്‍ പാദങ്ങളും സന്ധികളും വീര്‍ത്തിരിക്കും. സാധാരണയായി നാല്‌ ആഴ്‌ചയോ അതിനു മുകളിലോ പ്രായമുള്ളവയെയോ ആണ്‌ രോഗം ബാധിക്കുന്നത്‌. മരണനിരക്ക്‌ 80-90 ശതമാനം വരെ എത്താറുണ്ട്‌. ലക്ഷണങ്ങളിലൂടെയും പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലൂടെയും രോഗത്തെ തിരിച്ചറിയാം. ശരിയായ ആന്റിബയോട്ടിക്‌ കൊടുത്താല്‍ രോഗം മാറ്റാവുന്നതാണ്‌. രോഗബാധയേറ്റു ചത്തു പോയ താറാവുകളെ ആഴത്തില്‍ കുഴിച്ചിടുകയോ ദഹിപ്പിക്കുകയോ വേണം.
 

സാള്‍മൊണല്ലോസിസ്‌


സാള്‍മൊണല്ല വിഭാഗത്തില്‍പ്പെട്ട ബാക്‌ടീരിയ ഉണ്ടാക്കുന്ന രോഗമാണിത്‌. ദിവസങ്ങള്‍ മാത്രമുള്ളവയെ ഈ രോഗം ബാധിക്കും. ഇന്‍കുബേറ്ററില്‍ വച്ചായിരിക്കും മിക്കവാറും അണുബാധയുണ്ടാകുന്നത്‌.
 

ലക്ഷണങ്ങള്‍


തീറ്റയ്‌ക്ക്‌ രുചിയില്ലാതാവുകയും തുടര്‍ന്ന്‌ വയറിളക്കം മൂലം ക്ഷീണിച്ചവശരായ താറാവിന്‍ കുഞ്ഞുങ്ങള്‍ ബ്രൂഡറിന്റെ ചൂടില്‍നിന്നും അകന്നുമാറാതെ കിടക്കുകയും തുടര്‍ന്ന്‌ നെഞ്ചിടിച്ച്‌ വീഴുകയും ചെയ്യുന്നു. വീണു കിടക്കുന്നിടത്തുനിന്നും എഴുന്നേല്‍ക്കാന്‍ വളരെപ്രയാസം നേരിടും. കാര്യമായി രോഗലക്ഷണമൊന്നും കാണിക്കാതെയും കുഞ്ഞുങ്ങള്‍ ചത്തുപോകും.
പകരുന്ന വിധം: എലികള്‍ ഈ രോഗത്തിന്റെ വാഹകരായി തീരുന്നു. ഇവയുടെ കാഷ്‌ഠം വീണ്‌ മലീവസമാക്കുക വഴി രോഗം പിടിപെടും. പ്രത്യുല്‍പ്പാദനക്ഷമതയില്ലാത്ത മുട്ട, ഇന്‍കുബേറ്റര്‍ വേസ്റ്റ്‌, മുട്ടത്തോട്‌ എന്നിവ തീറ്റയുടെ കൂടെ നല്‍കുന്നതിലൂടെയും രോഗം പ്രത്യക്ഷപ്പെടാം. രോഗവിമുക്തമായ താറാവിന്‍ കുഞ്ഞുങ്ങള്‍ രോഗവാഹകരായിത്തീരും. ഇവ മാസങ്ങളോളം കാഷ്‌ഠത്തിലൂടെ അണുക്കളെ വിസര്‍ജ്ജിച്ചു കൊണ്ടിരിക്കും. രോഗവാഹകര്‍ ഇടുന്ന മുട്ടത്തോടില്‍ കാഷ്‌ഠം പറ്റിപ്പിടിച്ചിരുന്നാല്‍ അണുക്കള്‍ നശിച്ചുപോകാതെ പിന്നീടവ ഇന്‍കുബോന്‍ സമയത്ത്‌ തോടിനുള്ളിലൂടെ അകത്ത്‌ കടന്ന്‌ പെരുകാനിടവരും.
 

രോഗപ്രതിരോധവും നിയന്ത്രണം


കൂടും ലിറ്ററും വൃത്തിയായി സൂക്ഷിക്കണം. രാവിലെതന്നെ മുട്ടകള്‍ ശേഖരിക്കണം. അടവെക്കുന്നതിനുള്ള മുട്ടകള്‍ വെള്ളത്തില്‍ മുക്കുകയോ അഴുക്ക്‌ പുരണ്ട തുണികൊണ്ട്‌ തുടയ്‌ക്കുകയോ ചെയ്യാതിരിക്കുക. രോഗം മാറിയവയെ പ്രജനനത്തിനായി ഉപയോഗിക്കരുത്‌. രോഗം ബാധിച്ച കൂട്ടിലെ ലിറ്ററും മറ്റും തീവച്ചു നശിപ്പിക്കണം. കൂടും ഉപകരണങ്ങളും വൃത്തിയായി കഴുകി അണുനാശിനികള്‍ തളിക്കണം.
 

ന്യൂഡക്ക്‌ രോഗം


ഒരുതരം ബാക്‌ടീരിയ ആണ്‌ രോഗകാരി. 4 മുതല്‍ 9 വരെ ആഴ്‌ചപ്രായമുള്ള വളരുന്ന താറാവുകളിലാണ്‌ രോഗം ബാധിക്കുന്നത്‌. പ്രായപൂര്‍ത്തിയായവയ്‌ക്ക്‌ സാധാരണയായി രോഗം പിടിപ്പെടാറില്ല. രോഗലക്ഷണങ്ങള്‍ തുടങ്ങിയാല്‍ താറാവിന്‍ക്കുഞ്ഞുങ്ങള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരണമടയും. അല്‍പംകൂടി പ്രായമായവയില്‍ 6-7 ദിവസങ്ങളോളം രോഗം നീണ്ടുനില്‍ക്കാറുണ്ട്‌. രോഗം ബാധിച്ചവയില്‍ കുറച്ചെണ്ണം രക്ഷപ്പെട്ടേക്കാമെങ്കിലും നല്ല വളര്‍ച്ച ലഭിക്കാത്തതിനാല്‍ അവയെ മാറ്റുന്നതായിരിക്കും നല്ലത്‌.
 

ലക്ഷണങ്ങള്‍


കോഴിവസന്ത രോഗത്തിന്റെ ലക്ഷണങ്ങളാണ്‌ ഈ രോഗത്തില്‍ കാണുന്നത്‌. കണ്ണുകളിലും നാസാരന്ധ്രങ്ങളിലും നീരൊലിപ്പുണ്ടാകും. ഉന്മേഷമില്ലായ്‌മ തീറ്റയ്‌ക്കു വിരക്തി, പച്ചനിറത്തിലുള്ള കാഷ്‌ഠം എന്നിവയാണ്‌ പ്രധാനലക്ഷണങ്ങള്‍. രോഗബാധയേറ്റവ പെട്ടെന്ന്‌ ക്ഷീണിക്കുകയും എഴുന്നേറ്റ്‌ നില്‍ക്കാന്‍ കഴിയാതെ വീണുപോവുകയും ചെയ്യും. ചിലത്‌ തലയും കഴുത്തും നിരന്തരം തിരിക്കുകയും വാല്‌ ഇളക്കുകയും ചെയ്യാറുണ്ട്‌. ഏതാനും ദിവസം രോഗബാധ ചെറുത്തുനില്‍ക്കുന്ന താറാവുകള്‍ക്ക്‌ ഞരമ്പുസംബന്ധമായ തകരാറുകള്‍ പിടിപെടും. അതിന്റെ ഫലമായി ഇവ തീറ്റ തിന്നാതെ ചത്തുപോകും. ഇവയുടെ തൂവലുകള്‍ വരണ്ടും മെലിഞ്ഞും വൃത്തിഹീനമായി കാണപ്പെടും. സന്ധികളില്‍ നീര്‍വീക്കവും കാണാറുണ്ട്‌.
രോഗലക്ഷണങ്ങള്‍, പോസ്റ്റുമോര്‍ട്ടം പരിശോധന, ബാക്‌ടീരിയോളജിക്കല്‍ പരിശോധന എന്നിവയിലൂടെ രോഗത്തെ തിരിച്ചറിയാം. ആന്റിബയോട്ടിക്കുകള്‍ നല്‍കി. തുടക്കത്തിലോ ചികില്‍സിച്ചാല്‍ രോഗശാന്തി കിട്ടും ഓക്‌സിടെട്രാസൈക്ലിന്‍ എന്നീ മരുന്നുകള്‍ 1 ടണ്‍ തീറ്റയില്‍ 100 ഗ്രാം എന്ന തോതില്‍ 5 ദിവസം കൊടുക്കണം.
 

ബ്രൂഡര്‍ ന്യുമോണിയ


ആസ്‌പര്‍ജ്ജില്ലസ്‌ ഫൂമിഗേറ്റസ്‌ എന്ന പൂപ്പല്‍ താറാവുകളില്‍ ഉണ്ടാക്കുന്ന രോഗമാണിത്‌. ശ്വാസകോശസംബന്ധമായ ഈ രോഗം വന്‍തതോതില്‍ വരണം ഉണ്ടാക്കാറില്ല. പൂപ്പല്‍ പിടിച്ച വൈക്കോല്‍ കൂട്ടിനുള്ളില്‍ വിരിപ്പായി ഉപയോഗിക്കുന്നതു മൂലമാണ്‌ ഇതുണ്ടാകുന്നത്‌. അതുകൊണ്ട്‌ വിരിപ്പിനുപയോഗിക്കുന്ന വസ്‌തുക്കള്‍ പൂപ്പല്‍ പിടിക്കാതെ നോക്കണം.
 

അഫ്‌ളോ ടോക്‌സിക്കോസിസ്‌


ആസ്‌പര്‍ജ്‌ജില്ലസ്‌ഫ്‌ളേവസ്‌ എന്ന പൂപ്പല്‍ വിസര്‍ജ്ജിക്കുന്ന വിഷമാണ്‌. അഫ്‌ളാടേക്‌സിന്‍ ഇതുമൂലമുണ്ടാകുന്ന രോഗമാണ്‌ അഫ്‌ളാടോക്‌സിക്കോസിസ്‌. മറ്റു വളര്‍ത്തുപക്ഷികളെ അപേക്ഷിച്ച്‌ ഏറ്റവും പെട്ടെന്ന്‌ പൂപ്പല്‍ വിഷബാധയേല്‍ക്കുന്ന പക്ഷികളാണ്‌ താറാവുകള്‍. ഈ വിഷത്തെ പ്രതിരോധിക്കാനുള്ളശേഷി താറാവുകള്‍ക്ക്‌ തീരെ കുറവാണ്‌. തീറ്റയില്‍ 6.02 പി.പി.എം.ല്‍ കൂടുതല്‍ വിഷം കലര്‍ന്നാല്‍ അത്‌ താറാവുകള്‍ക്ക്‌ മാരകമാണ്‌. അതുകൊണ്ട്‌ ഈ അളവില്‍ വിഷം അടങ്ങിയ തീറ്റതീര്‍ത്തും ഒഴിവാക്കേണ്ടതാണ്‌. 
വിഷബാധയുണ്ടായാല്‍ താറാവുകള്‍ കൂട്ടത്തോടെ പെട്ടെന്നുതന്നെ ചത്തൊടുങ്ങുന്നു. ഈ ഫംഗസ്‌ ഏറ്റവും കൂടുതല്‍ വളരാന്‍ സാധ്യതയുള്ള കപ്പലണ്ടിപ്പിണ്ണാക്ക്‌ താറാവ്‌ തീറ്റയില്‍ ഒട്ടും ചേര്‍ക്കാന്‍ പാടില്ല. കൃമികീടങ്ങള്‍ കുത്തിയതും പഴക്കം ചെന്നതുമായ തീറ്റസാധനങ്ങള്‍ ഒന്നുംതന്നെ താറാവുകള്‍ക്ക്‌ കൊടുക്കരുത്‌. കൂടുതല്‍ കാലം സൂക്ഷിച്ചുവയ്‌ക്കപ്പെടുന്ന തീറ്റസാധനങ്ങളിലാണ്‌ ഈ വിഷവസ്‌തുക്കള്‍ കുമിഞ്ഞുകൂടാറുള്ളത്‌. ഉയര്‍ന്ന ഊഷ്‌മാവും ഈര്‍പ്പവുമാണ്‌ ഈ വിഷം ഉല്‍പ്പാദിപ്പിക്കുവാന്‍ സഹായകമായഘടകങ്ങള്‍. താറാവുകൂട്ടങ്ങള്‍ പാടശേഖരങ്ങളുടെയും ജലാശയങ്ങളുടെയും അതിരുകള്‍ക്കുള്ളിലാണ്‌ വളരുന്നതെങ്കില്‍ ഈ വിഷബാധയ്‌ക്കുള്ള സാധ്യത വളരെയേറെയാണ്‌. കൂടുതല്‍ കാലം തീറ്റവസ്‌തുക്കള്‍ സൂക്ഷിക്കാതിരിക്കുകയും പഴയ തീറ്റസാധനങ്ങള്‍ വെയിലത്തു വച്ച്‌ നല്ലവണ്ണം ഉണക്കിയതിനുശേഷം താറാവുകള്‍ക്ക്‌ നല്‍കുകയും ചെയ്യുക എന്നതാണ്‌ പൂപ്പല്‍ വിഷബാധ ഒഴിവാക്കുന്നതിനുള്ള പ്രായോഗികമായ പരിഹാരങ്ങള്‍.
 

കോക്‌സിഡിയോസിസ്‌


ഏകകോശ ജീവികള്‍ ഉണ്ടാക്കുന്ന രോഗമാണിത്‌. തീറ്റതിന്നാതിരിക്കുന്നതാണ്‌ പ്രധാനലക്ഷണം. തുടര്‍ന്ന്‌ ശരീരം ശേഷിക്കുകയും ബലഹീനത അനുഭവപ്പെടുകയും ചെയ്യുന്നു. രക്താതിസാരവും കാണാറുണ്ട്‌. തീക്ഷ്‌ണ രീതിയില്‍ രോഗമുണ്ടാകുമ്പോള്‍ സല്‍ഫാഡിവിഡിന്‍ ഗുളിക വെള്ളത്തില്‍ ചേര്‍ത്ത്‌ മൂന്നുദിവസം തുടര്‍ച്ചയായി കൊടുത്ത്‌ രോഗത്തെ നിയന്ത്രിക്കാം.
 

പോഷകാഹാരക്കമ്മി രോഗങ്ങള്‍


പോഷകാഹാരങ്ങളുടെ കുറവു കൊണ്ട്‌ താറാവുകളില്‍ ഉല്‍പ്പാദനക്ഷമത കുറയുകയും രോഗങ്ങള്‍ പിടിപ്പെടുകയും ചെയ്യും.
ജീവകം എയുടെ കുറവുമൂലം വിരിയല്‍നിരക്ക്‌ കുറയുകയും ചെറുപ്രായത്തില്‍ മരണനിരക്ക്‌ കൂട്ടുകയും ചെയ്യുന്നു. നാസാരന്ധ്രങ്ങളില്‍നിന്നും നീരൊലിപ്പുണ്ടാവുകയും തളര്‍ച്ചയുണ്ടാവുകയും ചെയ്യുന്നു. തയമിന്‍ (ബി) അഭാവം മൂലം കഴുത്ത്‌ കാലുകള്‍, ചിറകുകളിലെ പേശികള്‍ എന്നിവ തളര്‍ന്നുപോകുക.
റൈബോ ഫ്‌ളേവിന്റെ കുറവുമൂലം സാവധാനത്തിലുള്ള വളര്‍ച്ച മുതല്‍ മരണം വരെ സംഭവിക്കുക. പാന്റോതെനിക്‌ ആസിഡും സാവധാനത്തിലുള്ള വളര്‍ച്ചയ്‌ക്കും മരണത്തിനും കാരണമാകാം. വാറ്റുശാലകളിലെ ഉപഉല്‍പ്പന്നങ്ങള്‍, ഗോതമ്പ്‌തവിട്‌, സോയാബീന്‍ മീല്‍, പുല്ലുകള്‍ എന്നിവയിലൂടെ പാന്റോതെനിക്‌ ആസിഡ്‌ ലഭ്യമാക്കുക.
പൈറിഡോക്‌സിന്‍ ബി6 -ന്റെ കുറവ്‌ സാവധാന വളര്‍ച്ചയ്‌ക്കും വിളര്‍ച്ചയ്‌ക്കും കാരണമാകാം. ഫിഷ്‌മീല്‍, ഗോതമ്പ്‌, അരി, ഇറച്ചിത്തുണ്ടുകള്‍, ഈസ്റ്റ്‌, ലിവര്‍, മീല്‍ എന്നിവയിലൂടെ പെറിഡോക്‌സിന്‍ ബി6 ലഭ്യമാകും. നിക്കോട്ടിനിക്‌ ആസിഡിന്റെ കുറവ്‌ സാവധാനത്തിലുള്ള വളര്‍ച്ചയ്‌ക്കും, വയറിളക്കത്തിനും, ബലഹീനതയ്‌ക്കും, വില്ലുപോലെ വളഞ്ഞ കാലുകള്‍ക്കും കാരണമാകും. ഫിഷ്‌മീല്‍, മീറ്റ്‌ സ്‌ക്രാപ്പ്‌ സോയാബീന്‍ ധാന്യങ്ങള്‍ ലിവര്‍ മീല്‍ എന്നിവയിലൂടെ നിക്കോട്ടിനിക്‌ ആസിഡ്‌ ലഭ്യമാക്കാം. കോളിന്റെ കുറവ്‌ ടൈറോസിസസിനു കാരണമാകുന്നു. ഫിഷ്‌മീല്‍, മീറ്റ്‌ സ്‌ക്രാപ്പ്‌, സോയാബീന്‍ ധാന്യങ്ങള്‍ ലിവര്‍മീന്‍ ഇവയിലൂടെ കോളീന്‍ ലഭ്യമാക്കാം.
ബയോട്ടിന്റെ കുറവ്‌ സാവധാനത്തിലുള്ള വളര്‍ച്ചയ്‌ക്കു കാരണാകുന്നു. ഈസ്റ്റ്‌, കരള്‍, ധാന്യങ്ങള്‍ എന്നിവയിലൂടെ ബയോട്ടിന്‍ ലഭ്യമാക്കാം. വൈറ്റമിന്‍ ഡിയുടെ കുറവ്‌ റിക്കറ്റ്‌സ്‌, റബ്ബര്‍ പോലെ മൃദുവായ എല്ലുകള്‍, പരുപരുത്ത തൂവലുകള്‍, മോശപ്പെട്ട വളര്‍ച്ച എന്നിവയ്‌ക്ക്‌ കാരണമാകുന്നു. മീനെണ്ണ, നല്ല സൂര്യപ്രകാശം എന്നിവയിലൂടെ ജീവകം ഡി ലഭ്യമാക്കാം. വൈറ്റമിന്‍ ഇ യുടെ കുറവ്‌ ബലഹീനതക്കു കാരണമാകുന്നു. മീനെണ്ണ, നല്ല സൂര്യപ്രകാശം എന്നിവയിലൂടെ വൈറ്റമിന്‍ ഇയുടെ കുറവ്‌ പരിഹരിക്കാം.
 

രോഗപ്രതിരോധ നിര്‍ദ്ദേശങ്ങള്‍


1. പാര്‍പ്പിടം വൃത്തിയുള്ളതാവണം. താറാവുകളെ വളര്‍ത്തുന്ന സ്ഥലത്ത്‌ എലിശല്യം ഒഴിവാക്കണം. എലികള്‍ സാല്‍മൊണല്ല അണുക്കളുടെ വാഹകരായി പ്രവര്‍ത്തിക്കുന്നു.
2. ഡക്ക്‌ വൈറസ്‌ ഹെപ്പറ്റൈറ്റിസ്‌ രോഗം സന്ദര്‍ശകരിലൂടെ പകരുന്നതാണ്‌. അതിനാല്‍ സന്ദര്‍ശകരെ നിയന്ത്രിക്കേണ്ടതാണ്‌.
3. കോഴികളെയും ടര്‍ക്കികളെയും ബാധിക്കുന്ന ചില രോഗങ്ങള്‍ താറാവുകള്‍ക്ക്‌ പകരാന്‍ സാധ്യതയുണ്ട്‌. അതിനാല്‍ താറാവിന്‍ കൂട്ടങ്ങളെ ഇവയ്‌ക്കരികില്‍ വളര്‍ത്തരുത്‌.
4. രോഗം ഇല്ലാത്ത താറാവിന്‍ കൂട്ടത്തില്‍നിന്നും മാത്രമേ പുതിയവയെ വാങ്ങാവൂ.
5. വാങ്ങിയ താറാവുകളെ 3 ആഴ്‌ച പ്രത്യേകം പാര്‍പ്പിച്ച്‌ രോഗമില്ലെന്ന്‌ ഉറപ്പാക്കിയശേഷമേ കൂട്ടത്തില്‍ ചേര്‍ക്കാവൂ.
6. വിവിധ പ്രായത്തിലുള്ള താറാവുകളെ പ്രത്യേകം പാര്‍പ്പിക്കുന്നതാണ്‌ അഭികാമ്യം.
7. ഏതെങ്കിലും താറാവ്‌ രോഗലക്ഷണം കാണിക്കുകയാണെങ്കില്‍ അവയെ കൂട്ടത്തില്‍നിന്നു മാറ്റണം.
8. രോഗം വന്നു ചത്തതിനെ പോസ്റ്റുമോര്‍ട്ടം പരിശോധനക്കു വിധേയമാക്കണം.
9. കാലാകാലങ്ങളില്‍ പ്രതിരോധകുത്തിവെയ്‌പ്‌ നടത്തണം.


മറ്റു രോഗങ്ങള്‍-കാരണങ്ങള്‍ പരിഹാരങ്ങളും


തൂവലുകള്‍ കൊത്തിവലിക്കല്‍


കൂട്ടിനുള്ളില്‍ നിരന്തരമായി അടച്ചു വളര്‍ത്തുന്നവയില്‍ ഈ ദുശ്ശീലം കൂടുതല്‍ കാണപ്പെടുന്നു. 6-7 ആഴ്‌ച പ്രായത്തില്‍ ഇത്‌ കൂടുതല്‍ കാണുന്നു. വേനല്‍ക്കാലങ്ങളിലും കൂടുതലായി ഉണ്ടാകും. കൂടുകളില്‍ ആവശ്യത്തിന്‌ സ്ഥലം നല്‍കുക, ശല്യക്കാരായ കൊത്തുകാരെ മാറ്റുക, പച്ചിലകള്‍ കൂട്ടില്‍ കെട്ടിത്തൂക്കുക, കൊക്ക്‌ മുറിക്കുക, വിവിധ പ്രായത്തിലുള്ളവയെ പ്രത്യേകം വളര്‍ത്തുക.
 

പൂവന്‍മാരുടെ ലിംഗത്തിന്‌ മുറിവ്‌


ഇണ ചേരുമ്പോള്‍ ഉണ്ടാകുന്ന മുറിവ്‌, മലദ്വാരത്തിന്‌ പുറത്തേക്ക്‌ തള്ളിനില്‍ക്കുന്ന ലിംഗം ചുരുക്കാന്‍ കഴിയാതെ വിഷമിക്കും. ഇത്‌ ഉണങ്ങിമണല്‍ പുരണ്ട്‌ പൊറ്റെടുക്കുന്നു. ഇത്തരം താറാവുകളെ വളര്‍ത്താതിരിക്കുന്നതാണ്‌ നല്ലത്‌.
 

വില്ലുപോലെ വളഞ്ഞകാലുകള്‍


ബ്രൂഡര്‍ ഹൗസില്‍ വേണ്ടത്രസ്ഥലം ഇല്ലാത്തതിനാല്‍ മൂന്നാഴ്‌ച പ്രായത്തില്‍ കാണുന്നു. തീറ്റയില്‍ ഈസ്റ്റ്‌, നിയാസിന്‍ ഇവ ചേര്‍ത്ത്‌ കൊടുക്കണം.
മറ്റുപ്രശ്‌നങ്ങളില്ലാതെ കാഷ്‌ഠത്തില്‍ കൂടുതല്‍ ജലാംശം കാണുക
തീറ്റയില്‍ ഉപ്പിന്റെ അംശം കൂടുമ്പോഴും വേനലില്‍ കൂടുതല്‍ വെള്ളം കുടിക്കുമ്പോഴും ഉണ്ടാകും.
തൂങ്ങിയതോ വീര്‍ത്തതോ ആയ ക്രോപ്പ്‌
ക്രോപ്പില്‍ ഏതെങ്കിലും വസ്‌തുക്കള്‍ തടയുക, ക്രോപ്പിന്‌ അണുബാധ ഒരു വെറ്ററിനറി ഡോക്‌ടറുടെ സേവനം തേടണം.
 

ചിറകുകള്‍ താഴ്‌ന്ന്‌ കിടക്കുക


ചിറകുകളില്‍ മുറിവുകള്‍ ഉണ്ടാകുമ്പോള്‍ ഇങ്ങനെ ചെയ്യും. തക്കതായ ചികില്‍സ ലഭ്യമാക്കുക.
 

പ്രതീക്ഷിച്ചത്ര മുട്ട ലഭിക്കാതിരിക്കുക


താറാവുകള്‍ മുട്ടതിന്നു തുടങ്ങുക. പേടി കാരണം മുട്ട ഇടാതിരിക്കക. രോഗബാധ ഉണ്ടാവുക. പഴയതീറ്റ നല്‍കുക, വളരെ ചൂടും തണുപ്പുമുള്ള കാലാവസ്ഥ.
 

കട്ടികുറഞ്ഞതോടുള്ള മുട്ട


കാല്‍സ്യക്കുറവ്‌, കക്കപ്പൊടി കൊടുക്കുക, നിര്‍മോചനം അടുക്കുമ്പോഴും ഉണ്ടാകും.
 

ശരിയായ ആകൃതി ഇല്ലാത്ത മുട്ടകള്‍


കാര്യമാക്കേണ്ടതില്ല. തനിയെ ശരിയായിക്കൊള്ളും. ഇതു ഭക്ഷ്യയോഗ്യമാണ്‌. 
 

മുട്ടത്തോടില്‍ രക്തം പുരണ്ടിരിക്കുക


മുട്ട ഇട്ടു തുടങ്ങുന്ന അവസരത്തില്‍ ലഘുവായ രീതിയില്‍ മാത്രമേയുള്ളൂവെങ്കില്‍ കാര്യമാക്കേണ്ടതില്ല. തുടര്‍ന്നും കാണുകയാണെങ്കില്‍ ആ താറാവിനെ ഒഴിവാക്കുക.
 

അഴുക്കുപുരണ്ട മുട്ടകള്‍


വൃത്തിഹീനമായ ലിറ്റര്‍, ലിറ്റര്‍ മാറ്റുക


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍