താറാവ്‌ :താറാവുകളുടെ തീറ്റക്രമം

താറാവുകളുടെ തീറ്റയിലെ പോഷകങ്ങളുടെ ആവശ്യകത കോഴികളുടേതു പോലെതന്നെയാണെങ്കിലും ഇവ തമ്മില്‍ നേരിയ വ്യത്യാസമുണ്ട്‌. താറാവുകള്‍ക്ക്‌ ആദ്യത്തെ രണ്ടാഴ്‌ചത്തെ വളര്‍ച്ച കോഴികുഞ്ഞുങ്ങളേക്കാള്‍ ഇരട്ടിയാണ്‌.
പൊടിരൂപത്തിലുള്ള തീറ്റയും ഗുളികരൂപത്തിലുള്ള തീറ്റയും മാര്‍ക്കറ്റില്‍ ലഭ്യമാണ്‌. ഗുളിക രൂപത്തിലുള്ള തീറ്റ നല്‍കുന്നതാണ്‌ ഉത്തമം. ഇതു കൊടുക്കുമ്പോള്‍ ജോലി ഭാരം കുറയുന്നു. വളര്‍ച്ചാനിരക്ക്‌ കൂടുന്നു. കൂടാതെ തീറ്റ പാഴായിപ്പോകുന്നതു കുറയുകയും ചെയ്യും. പൊടിത്തീറ്റ നനച്ചു കൊടുക്കുമ്പോള്‍ പൂപ്പല്‍ പിടിക്കാനും സാധ്യതയുണ്ട്‌.
കുഞ്ഞുങ്ങള്‍ വിരിഞ്ഞ്‌ 36 മണിക്കൂര്‍ കഴിഞ്ഞാല്‍ തീറ്റ നല്‍കിത്തുടങ്ങണം. 3 ആഴ്‌ച പ്രായമായാല്‍ ദിവസവും 4-5 തവണ തീറ്റ നല്‍കണം. ഒരിക്കല്‍ നല്‍കുന്ന തീറ്റ 10 മിനിറ്റ്‌ തിന്നാനുള്ളതാവണം. 3 ആഴ്‌ചക്കുശേഷം ദിവസത്തില്‍ 3 പ്രാവശ്യം തീറ്റ നല്‍കേണ്ടതുണ്ട്‌. നനച്ച തീറ്റ നല്‍കുമ്പോള്‍ ബാക്കി വന്ന തീറ്റ ശേഷിക്കാതെ പാത്രം വൃത്തിയാക്കണം. തീറ്റ നനയ്‌ക്കുമ്പോള്‍ അധികം വെള്ളം ചേര്‍ക്കാതെ നോക്കണം. കൈകൊണ്ടമര്‍ത്തിയാല്‍ കട്ടയാകുന്ന പാകത്തിനുമാത്രമേ നനയ്‌ക്കാന്‍ പാടുള്ളു. താറാവുകുഞ്ഞുങ്ങള്‍ക്ക്‌ ഗുളികരൂപത്തിലുള്ള തീറ്റയ്‌ക്ക്‌ 3.2 മീറ്ററും വലുതിന്‌ 4.6 മി.മീറ്ററും വലിപ്പം ഉണ്ടായിരിക്കണം.
മുട്ടയിടുന്ന താറാവ്‌ കൊല്ലത്തില്‍ ഏകദേശം 56-60 കി.ഗ്രാം തീറ്റതിന്നും. എന്നാല്‍ ഒരു കോഴിക്ക്‌ വര്‍ഷത്തില്‍ 36-40 കി.ഗ്രാം തീറ്റ മതിയാകും. കോഴിയേക്കാള്‍ 25% കൂടുതല്‍ തീറ്റ താറാവിന്‌ വേണമെന്നര്‍ത്ഥം. ഒരു ഡസന്‍ മുട്ടയിടുന്നതിന്‌ താറാവിന്‌ 3 കി.ഗ്രാം തീറ്റവേണ്ടി വരും.
താറാവുകള്‍ക്ക്‌ മൂന്നുതരത്തിലുള്ള തീറ്റകള്‍ ലഭ്യമാണ്‌. സ്റ്റാര്‍ട്ടര്‍, ഗ്രോവര്‍, ലെയര്‍ എന്നിവയാണിവ. ആദ്യത്തെ നാല്‌ ആഴ്‌ചവരെ കൊടുക്കുന്ന തീറ്റയാണ്‌ സ്റ്റാര്‍ട്ടര്‍. 4 മുതല്‍ 16 ആഴ്‌ചവരെ കൊടുക്കുന്ന തീറ്റയാണ്‌ ഗ്രോവര്‍. 16 ആഴ്‌ചയ്‌ക്കുശേഷം ലെയര്‍ തീറ്റയുമാണ്‌ കൊടുക്കേണ്ടത്‌.
കോഴിത്തീറ്റയില്‍ മാംസ്യത്തിനായി കടലപ്പിണ്ണാക്ക്‌ ചേര്‍ക്കാറുണ്ട്‌. എന്നാല്‍ താറാവു തീറ്റയില്‍ കടലപ്പിണ്ണാക്ക്‌ ചേര്‍ക്കുന്നത്‌ അപകടം ചെയ്യും. കടലപ്പിണ്ണാക്കില്‍ വളരുന്ന പൂപ്പല്‍ താറാവുകളില്‍ പൂപ്പല്‍ വിഷബാധയുണ്ടാക്കും. കാക്കിക്യാബല്‍ ഇനം താറാവുകള്‍ക്ക്‌ ഈ വിഷബാധ വളരെ മാരകമാണ്‌. കടലപ്പിണ്ണാക്കിനു പകരമായി എള്ളിന്‍ പിണ്ണാക്കോ തേങ്ങാപ്പിണ്ണാക്കോ ഉപയോഗിക്കാം. താറാവിന്‍ തീറ്റയില്‍ ജന്തുജന്യ മാംസ്യവും അടങ്ങിയിരിക്കണം. അതിനാല്‍ ഉപ്പിടാത്ത ഉണക്കമല്‍സ്യം ചേര്‍ത്താല്‍ മതി. താറാവിന്റെ തീറ്റയില്‍ ലവണങ്ങളും കൃത്യമായും അടങ്ങിയിരിക്കണം. കാല്‍സ്യം ഫോസ്‌ഫറസ്‌, ഉപ്പ്‌, അയഡിന്‍, മാംഗനീസ്‌, സിങ്ക്‌ എന്നീ മൂലകങ്ങള്‍ തീറ്റയില്‍ പ്രത്യേകം ചേര്‍ക്കേണ്ടതാണ്‌. ശരിയായ വളര്‍ച്ചയ്‌ക്കും മുട്ടയുല്‍പ്പാദനത്തിനും ജീവകങ്ങളും അത്യന്താപേക്ഷിതമാണ്‌. ജീവകം എ, ഡി, ബി, ഇ, കെ, ബി2, നിയാസിന്‍ പാന്റോത്തനിക്‌ ആസിഡ്‌, ഫോളിക്‌ ആസിഡ്‌, കോളിന്‍ എന്നിവ മുട്ടയിടുന്ന താറാവിന്റെ തീറ്റയില്‍ പ്രത്യേകതം ചേര്‍ക്കണം. കേരളത്തില്‍ ലഭ്യമായ തീറ്റവസ്‌തുക്കള്‍ ഉപയോഗിച്ച്‌ ഉണ്ടാക്കാവുന്ന മാതൃക തീറ്റ താഴെ കൊടുക്കുന്നു.
മേല്‍പ്പറഞ്ഞ തീറ്റയില്‍ 100 കി.ഗ്രാമില്‍ 25 ഗ്രാം ഇന്‍ഡോമിക്‌സ്‌ അല്ലെങ്കില്‍ 20 ഗ്രാം വിറ്റാബ്‌ളെന്‍ഡ്‌ ചേര്‍ക്കേണ്ടതാണ്‌. അതിനു പുറമേ നിയാസിന്‍ പാന്റേത്തനിക്‌ ആസിഡ്‌, ഫോളിക്‌ ആസിഡ്‌, കോളിന്‍, ബി12 എന്നീ ജീവകങ്ങളും ചേര്‍ക്കണം.
 

കുട്ടനാടന്‍ രീതിയിലുള്ള തീറ്റ


കുട്ടനാടന്‍ കര്‍ഷകര്‍ താറാവുകള്‍ക്ക്‌ കൃത്രിമ തീറ്റ നല്‍കാതെ അഴിച്ചുവിട്ടു മേയ്‌ക്കുമ്പോള്‍ തീറ്റ കുറഞ്ഞ സമയങ്ങളില്‍ കൈത്തീറ്റ നല്‍കാറുണ്ട്‌. ഗോതമ്പ്‌, അരി, പതിര്‌, മണിച്ചോളം, ചെറുമീന്‍, കപ്പലണ്ടിപ്പിണ്ണാക്ക്‌, അരിത്തവിട്‌, പനച്ചോറ്‌ എന്നിവയാണവ. കൈത്തീറ്റ തിരഞ്ഞെടുക്കുന്നത്‌ അതിന്റെ ലഭ്യതയും വിലയും നോക്കിയാണ്‌. ഇതില്‍ രണ്ടോ മൂന്നോ എണ്ണം വിശ്രിതമാക്കിയും നല്‍കാറുണ്ട്‌. കുടപ്പനച്ചോറ്‌ കലാകാലങ്ങളായി കുട്ടനാട്ടെ കര്‍ഷകര്‍ താറാവിനു നല്‍കിവരുന്നു. 70 അടിയോളം പൊക്കത്തില്‍ വരുന്ന പനപൂത്തുകഴിഞ്ഞാല്‍ നശിച്ചുപോകും. പന പൂക്കുന്നതിനു മുമ്പായി മുറിക്കണം. പനച്ചോറില്‍ മിതമായ അളവില്‍ മാംസ്യവും ധാരാളമായി അന്നജവും അടങ്ങിയിരിക്കുന്നു. പനത്തടി വെട്ടിയരിഞ്ഞ്‌ ചെറിയ ക്ഷണങ്ങളാക്കി ചോറുപരുവത്തിലാക്കിയതിനുശേഷം ഗോതമ്പ്‌, മീന്‍, പിണ്ണാക്ക്‌, അരിത്തവിട്‌ എന്നിവ ചിലതെങ്കിലും ഒന്നോ എല്ലാം കൂട്ടമായോ ചേര്‍ത്ത്‌ മഴക്കാലങ്ങളില്‍ മുട്ടത്താറാവുകള്‍ക്ക്‌ നല്‍കിവരുന്നു. കൊയ്‌ത്തുകാലം വരെ കഴിഞ്ഞു കൂടുന്നതിന്‌ താറാവുകള്‍ക്ക്‌ പനച്ചോര്‍ മാത്രം മതിയാകുമെന്ന്‌ കുട്ടനാട്ടെ കര്‍ഷകര്‍ പറയുന്നു. ഒട്ടും വെള്ളത്തിലിറക്കാതെ പൂര്‍ണമായും സ്റ്റാര്‍ട്ടര്‍ തീറ്റയും ഗ്രോവര്‍ തീറ്റയും നല്‍കി താറാവുകളെ വളര്‍ത്തുന്നവരും കുട്ടനാട്ടില്‍ ഉണ്ട്‌.
പൂവന്‍ താറാവുകള്‍ക്ക്‌ പത്താമത്തെ ആഴ്‌ചയില്‍ ശരാശരി 1447 ഗ്രാം തൂക്കവും 18-ാമത്തെ ആഴ്‌ചയില്‍ 1511 ഗ്രാം തൂക്കവും ലഭിക്കും. പിടകള്‍ക്ക്‌ 10-ാമത്തെ ആഴ്‌ചയില്‍ 1431 ഗ്രാമും 20-ാമത്തെ ആഴ്‌ചയില്‍ 1522 ഗ്രാം തൂക്കവും ഉണ്ടാകും. സ്വാഭാവിക രീതിയില്‍ കൊയ്‌ത്തുകാലത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന താറാവു വളര്‍ത്തല്‍ വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനമാക്കി മാറ്റുവാന്‍ ഡീപ്പ്‌ലിറ്റര്‍ രീതി സഹായകമാകും.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍