താറാവ്‌ :താറാവു വളര്‍ത്തലും നെല്‍കൃഷിയും

ആലപ്പുഴ, തൃശൂര്‍, പാലക്കാട്‌ എന്നീ ജില്ലകളിലെ പാടശേഖരങ്ങളും കോള്‍നിരകളുമാണ്‌ താറാവു തീറ്റയുടെ പ്രധാന സ്രോതസ്സുകള്‍ ഇത്രയും പ്രാധാന്യമില്ലെങ്കിലും തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലും കുമരകം, അങ്കമാലി, തിരൂര്‍ എന്നിവിടങ്ങിലും താറാവുകള്‍ക്ക്‌ തീറ്റ ലഭിക്കാറുണ്ട്‌. കൊയ്‌ത്തു പാടങ്ങള്‍, കുളങ്ങള്‍, കനാലുകള്‍ എന്നിവയിലൂടെയാണ്‌ താറാവുകളുടെ യാത്ര. തീറ്റ തേടാനുള്ള ഈ യാത്ര തുടങ്ങുന്നത്‌ കുട്ടനാട്ടില്‍ നിന്നാണ്‌. ഈ യാത്രയ്‌ക്ക്‌ വ്യക്തമായ വഴിയും ക്രമവുമുള്ളതായി കാണാം.
കേരളത്തിന്റെ വിവിധ സ്ഥലങ്ങള്‍ വ്യത്യസ്‌ത സമയങ്ങളില്‍ കൊയ്‌ത്തു നടക്കുന്നത്‌ താറാവുകള്‍ക്ക്‌ അനുകൂലമായ സാഹചര്യമാണ്‌. ഏപ്രില്‍ മുതല്‍ ജൂണ്‍ മാസം വരെ തൃശൂര്‍ കോള്‍പാടങ്ങളില്‍ കൊയ്‌ത്തുകാലമാണ്‌. വളരുന്ന താറാവുകള്‍ക്കും മുട്ടയിടുന്ന താറാവുകള്‍ക്കും നല്ല തീറ്റ ലഭിക്കുന്ന സമയമാണിത്‌.
ജൂലൈ മാസം പഞ്ഞമാസമാണ്‌. അതുകൊണ്ട്‌ കര്‍ഷകര്‍ താറാവിനെയും കൊണ്ട്‌ മധുര, തഞ്ചാവൂര്‍, ധര്‍മപുരി എന്നീ ഭാഗങ്ങളിലേക്ക്‌ യാത്രതിരിക്കും. ചില കര്‍ഷകര്‍ ഇതേ കാലയളവില്‍ കര്‍ണാടകയിലെ ഹുസൂര്‍, മംഗലപുരം, ഉടുപ്പി എന്നീ സ്ഥലങ്ങളിലേക്ക്‌ നീങ്ങും. ചിലപ്പോള്‍ ഇവിടെനിന്നു യാത്ര ആന്ധ്രയിലെ നെല്ലൂര്‍, ഗുണ്ടൂര്‍, ഗോദാവരി എന്നിവിടങ്ങളിലേക്കും നീളും.
ആഗസ്റ്റ്‌ മാസത്തില്‍ പാലക്കാടന്‍ പ്രദേശങ്ങളില്‍ കൊയ്‌ത്ത്‌ തുടങ്ങും. കേരളത്തിന്റെ നാനാഭാഗത്തുനിന്നും കര്‍ഷകര്‍ താറാവുമായി ഇവിടേയ്‌ക്ക്‌ വരും. നവംബര്‍ വരെ ഇവര്‍ പാലക്കാട്ട്‌ തങ്ങും. ദൂരസ്ഥലങ്ങളിലേക്ക്‌ ലോറിയിലാണ്‌ താറാവുകളെ കൊണ്ടുപോകുന്നത്‌. വയലുകള്‍ മുളകൊണ്ടോ വൈദ്യുതി വേലികെട്ടിയോ ആണ്‌ സംരക്ഷിക്കുക. ഞാറ്‌ നട്ട്‌ 2 ആഴ്‌ചകഴിയുമ്പോള്‍ 1-2 ആഴ്‌ചപ്രായമായ താറാവിന്‍ കുഞ്ഞുങ്ങളെ ഒരേക്കറിന്‌ 20-30 എണ്ണം എന്ന നിരക്കില്‍ വിടാം. 4 മാസമാവുമ്പോഴേക്കും നെല്ല്‌ കതിരിടും. അതുവരെ താറാവുകള്‍ പാടത്തുതന്നെ മേയട്ടെ. നെല്‍ വയലില്‍ മേയുന്ന താറാവിന്‍ കുഞ്ഞുങ്ങള്‍ ചെറുപ്രാണികളെയും വാല്‍മാക്രികളെയും ഞവണിയെയും തിന്നു തീര്‍ക്കും. നെല്ല്‌ കതിരിട്ടു കഴിഞ്ഞാല്‍, താറാവുകള്‍ നെല്‍ക്കതിര്‍ മുറിച്ചുതിന്നും. അതുകൊണ്ട്‌ കതിര്‍ വരുന്നതിനുമുമ്പ്‌ ഇവയെ മാറ്റണം. താറാവിന്‍ കാഷ്‌ഠം വീഴുന്ന വയലുകളില്‍ നെല്ല്‌ തഴച്ചു വളരുന്നത്‌ കാണാം.
വയലുകളിലെ കീടങ്ങളും കളകളും ഒച്ചുകളും, താറാവിനു തീറ്റയാകുമ്പോള്‍ കീടനാശിനിപ്രയോഗമില്ലാതെതന്നെ കീട-കള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു. അതിനുപുറമേയാണ്‌ കീട-കളകള്‍ മാംസമായി മാറുന്നത്‌. താറാവുകളുടെ കാഷ്‌ഠം നെല്ലിന്‌ വളമായും ലഭിക്കുമ്പോള്‍ അതില്‍ അസോളകൂടി വളര്‍ത്തിയാല്‍ താറാവിന്‌ തീറ്റ ആവശ്യത്തിന്‌ ലഭിക്കും. നെല്ലിന്റെ കൂടെ താറാവിനെ വളര്‍ത്തുമ്പോള്‍ കളകള്‍ നശിക്കുന്നതിന്‌ കാരണങ്ങള്‍ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്‌.
1. കളകളെ താറാവുകള്‍ തിന്നുന്നു.
2. കളകളുടെ വിത്തുകളും താറാവുകള്‍ തിന്നുന്നു.
3. കാലുകൊണ്ടും കൊക്കുകൊണ്ടും മണ്ണിളക്കുന്നതുകൊണ്ട്‌ മുളച്ചുവരുന്ന കളകള്‍ നശിക്കുന്നു.
4. മുളച്ചുവരുന്ന കളകളെ കാലുകൊണ്ട്‌ ചെളിയില്‍ താഴ്‌ത്തുന്നു.
5. വെള്ളം കലക്കുന്നതിനാല്‍ കളച്ചെടികളില്‍ സൂര്യപ്രകാശം ചെല്ലുന്നത്‌ കുറയുകയും അവയ്‌ക്ക്‌ പ്രകാ സംശ്ലേഷണം നടത്താന്‍ കഴിയാതെ പോവുകയും ചെയ്യും.
6. വെള്ളം കലക്കുന്നതുകൊണ്ട്‌ കള വിത്തിന്റെ വളര്‍ച്ച തടസ്സപ്പെടുന്നു.
താറാവിന്‍ കുഞ്ഞുങ്ങളെ വയലിലേക്കു വിടുമ്പോള്‍ വെള്ളം 5-10 സെ.മീറ്ററില്‍ കൂടരുത്‌. ഞാറു പറിച്ചുനട്ട്‌ രണ്ടാഴ്‌ചയ്‌ക്കകം തന്നെ താറാവിന്‍കുഞ്ഞുങ്ങളെ വയലില്‍ വിട്ടാല്‍ കളകള്‍ക്ക്‌ വളരാന്‍ കഴിയില്ല.


കീടനിയന്ത്രണം


നെല്ലും താറാവും വളര്‍ത്തുമ്പോള്‍ രാസവളപ്രയോഗം നല്ലതല്ല. കാരണം രാസവളപ്രയോഗം നടത്തുമ്പോള്‍ നെല്ല്‌ പെട്ടെന്ന്‌ വളരുകയും തണ്ടിന്‌ ബലക്ഷയമുണ്ടാവുകയും ചെയ്യും. ഇങ്ങനെ വന്നാല്‍ താറാവ്‌ മേയുമ്പോള്‍ നെല്ല്‌ ഒടിഞ്ഞുപോകാന്‍ സാധ്യതയുണ്ട്‌.
1. ഇവ കീടങ്ങളെ തിന്നു നശിപ്പിക്കുന്നു.
2. കീടങ്ങളെ നെല്‍ച്ചെടിയില്‍നിന്നും തട്ടി താഴെ വെള്ളത്തില്‍ വീഴ്‌ത്തുന്നു.
3. കീടങ്ങളെ പിന്തുടര്‍ന്നു നശിപ്പിക്കുന്നു.
4. താറാവുള്ള വയലുകളില്‍ കീടങ്ങള്‍ വരുന്നതു കുറയുന്നു.
5. താറാവുകള്‍ നെല്ലിന്റെ തണ്ടിലും ഇലയുടെ അടിഭാഗത്തും ഒളിച്ചിരിക്കുന്ന കീടങ്ങളെ കൂടി നശിപ്പിക്കും.
താറാവുകള്‍ മേയുന്ന നെല്‍പ്പാടങ്ങളെ നെല്‍ച്ചെടിക്ക്‌ കട്ടിയുള്ള കടയാണുണ്ടാകുന്നതെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. നീന്തുന്നതിനിടയില്‍ നെല്‍ത്തണ്ടിനെ മുട്ടിയിരുമ്മുമ്പോള്‍ ചെടിയുടെ വളര്‍ച്ചയ്‌ക്കും ഉറപ്പിനും ആവശ്യമായ എതിലിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌.
ചില അവസരങ്ങളില്‍ താറാവുകള്‍ നെല്ല്‌ നശിപ്പിക്കാനുള്ള സാധ്യതകളുണ്ട്‌. നെല്ലിന്റെ വളര്‍ച്ച കുറയുകയും തണ്ടിന്‌ ബലമില്ലാതെ വരികയും ചെയ്യുമ്പോള്‍ താറാവുകള്‍ നെല്ല്‌ നശിപ്പിക്കാന്‍ സാധ്യതയുണ്ട്‌. അതുപോലെ തന്നെ വലിയ താറാവുകളെ നെല്ല്‌ പാകത്തിന്‌ മുളച്ച്‌ പൊന്തുന്നതിനുമുമ്പ്‌ വിട്ടാലും നെല്ല്‌ നശിച്ചുപോകും. ആവശ്യത്തിനു കീടങ്ങളും കളകളും താറാവിന്‌ തീറ്റയായി ലഭിച്ചിട്ടില്ലെങ്കില്‍ ഇവ നെല്ലിന്റെ തളിരിലകള്‍ തിന്നു തുടങ്ങും. ഇങ്ങനെ തിന്നാന്‍ തുടങ്ങിയാല്‍ ഇവയെ പെട്ടെന്നു തന്നെ വലയില്‍നിന്ന്‌ മാറ്റണം.
താറാവിന്‍ കുഞ്ഞുങ്ങളെ കാക്കകള്‍, പരുന്തുകള്‍ പ്രാപ്പിടിയന്‍ എന്നിവ ആക്രമിക്കും. വലിയ താറാവുകളെ കുറുക്കന്‍, കീരി, നായ എന്നിവയും ആക്രമിക്കും. ഇത്‌ പരിഹരിക്കാന്‍ വയലിനു ചുറ്റും വൈദ്യുതി കമ്പിവേലി കെട്ടുന്നതാണുത്തമം. പക്ഷികളുടെ ആക്രമണം തടയാനായി വയലിനു കുറുകെ 1-1.5 മീറ്റര്‍ ഉയരത്തില്‍ 2-3 മീറ്റര്‍ അകലത്തില്‍ തൂണുകള്‍ നാട്ടി ചരടുകള്‍ വലിച്ചുകെട്ടിയാല്‍ മതിയാകും. ഓരോ തൂണില്‍നിന്നും V ആകൃതിയില്‍ ചരടു കെട്ടണം.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍